
“എനിക്ക് ഒരു രോഗവും വരില്ല, എനിക്ക് ദൈവവുമായി നേരിട്ട് ബന്ധമുണ്ട്, ഞാൻ ഭഗവാനോട് സംസാരിക്കാറുണ്ട് ” എന്ന് രാഹുൽ ഗാന്ധി പറയുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഒരു വീഡിയോ ക്ലിപ്പ് കാണാം. വീഡിയോയിൽ രാഹുൽ ഗാന്ധി ഹിന്ദിയിൽ പറയുന്നത് പോസ്റ്റിൻ്റെ അടിക്കുറിപ്പിൽ എഴുതിയത് ഇപ്രകാരമാണ്:
“#എനിക്ക് ഒരു രോഗവും വരില്ല, എനിക്ക് ദൈവവുമായി നേരിട്ട് ബന്ധമുണ്ട്, ഞാൻ ഭഗവാനോട് സംസാരിക്കാറുണ്ട്” എന്ന് രാഹുൽ ഗണ്ടി ഇവനെയൊക്കെ ചുമന്നു നടക്കുന്നവരെ സമ്മതിക്കണം … ”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഈ പ്രസംഗം രാഹുൽ ഗാന്ധിയുടെ യുട്യൂബ് ചാനലിൽ പരിശോധിച്ചപ്പോൾ 29 ഒക്ടോബർ 2025ന് ഈ വീഡിയോ ലഭിച്ചു. ഈ വീഡിയോ രാഹുൽ ഗാന്ധി 29 ഒക്ടോബർ 2025ന് ബിഹാറിലെ ദർഭംഗയിൽ ഒരു തെരെഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ നടത്തിയ പ്രസംഗത്തിൻ്റെതാണ്. ഈ വീഡിയോ പരിശോധിച്ചപ്പോൾ രാഹുൽ ഗാന്ധി മുകളിൽ പറയുന്ന വാക്കുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർഭത്തിൽ പറയുകയായിരുന്നു എന്ന് കണ്ടെത്തി.
ഡൽഹിയിൽ യമുന നദിയിൽ സ്നാനം ചെയ്യാൻ പ്രധാനമന്ത്രി മോദിക്ക് വേണ്ടി ഫിൽറ്റർ ചെയ്ത വെള്ളമുള്ള ഒരു കുളമുണ്ടാക്കി യമുനയുടെ തീരത്ത്. 33: 37 മുതൽ അദ്ദേഹം പറയുന്നു, “ഒരു വശത്തു യമുന നദിയുടെ ജലം. വളരെ മാലിന്യം നിറഞ്ഞ ദുഷിതമായ ജലം. ഈ വെള്ളം ആരെങ്കിലും കുടിച്ചാൽ ഒന്നല്ലെങ്കിൽ മരിക്കും അല്ലെങ്കിൽ രോഗം ബാധിക്കും. ആർക്കും ആ വെള്ളത്തിൽ ഇറങ്ങാൻ പറ്റില്ല. നിങ്ങൾ ആ വെള്ളത്തിൽ ഇറങ്ങിയാൽ നിങ്ങൾക്ക് ചർമത്തിൽ ഇൻഫെക്ഷൻ ഉണ്ടാകും. പക്ഷെ മോദിജി നാടകം നടത്തി. അവിടെ ചെറിയൊരു കുളമുണ്ടാക്കി. നിങ്ങൾ എല്ലാവരും കണ്ടില്ലേ? ഇതാണ് ഹിന്ദുസ്ഥാൻ! തെരെഞ്ഞെടുപ്പ് അടുത്താൽ നിങ്ങൾക്ക് ഇവർ എന്തും കാണിക്കും. നോക്കു ഭയ്യാ, 56 ഇഞ്ച് വലിപ്പമുള്ള നെഞ്ചാണ് യമുനയിൽ ഞാൻ (നരേന്ദ്ര മോദി) സ്നാനം ചെയ്യുന്നു. എനിക്ക് (നരേന്ദ്ര മോദിക്ക്) യാതൊരു രോഗവും ബാധിക്കില്ല. എനിക്ക് (നരേന്ദ്ര മോദിക്ക്) ദൈവവുമായി നേരിട്ട് ബന്ധമുണ്ട്. ഞാൻ (നരേന്ദ്ര മോദി) ദൈവവുമായി സംസാരിക്കാറുണ്ട്. യമുനയിൽ ഇറങ്ങിയതതോണ്ട് എനിക്ക് (നരേന്ദ്ര മോദിക്ക്) യാതൊരു രോഗവും ബാധിക്കില്ല. ഇതിന് ശേഷം അവർ പിന്നിൽ നിന്ന് ഒരു പൈപ്പ് വെച്ച് ശുദ്ധജലം ആ കൃത്രിമ കുളത്തിൽ നിറയ്ക്കും. അതിന് ശേഷം നമ്മുടെ മീഡിയിലെ സുഹൃത്തുക്കൾ അവരുടെ ക്യാമറയിൽ അത് കാണിച്ച് പറയും, നോക്കു നരേന്ദ്ര മോദിജി യമുന നദിയിൽ സ്നാനം ചെയ്തു! ഒരു പ്രശ്നമുണ്ടായത് ആരോ പൈപ്പിൻ്റെ ഫോട്ടോ എടുത്തതിനെ തുടർന്നാണ്. മോദിജി പറഞ്ഞു, “ഞാൻ ഇനി അവിടെ പോകില്ല!” ”
ന്യൂസ് 24 എന്ന ഹിന്ദി മാധ്യമ ചാനൽ അവരുടെ യുട്യൂബ് ചാനലിൽ രാഹുൽ ഗാന്ധിയുടെ ഈ പ്രസംഗത്തിൻ്റെ ഒരു നീണ്ട ക്ലിപ്പ് പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ വീഡിയോകളിൽ നിന്ന് രാഹുൽ ഗാന്ധി പ്രധാനമന്ത്രി മോദിയെ കുറിച്ചാണ് പറഞ്ഞിരുന്നത് എന്ന് വ്യക്തമാകുന്നു.
ഈ വീഡിയോയെ ക്ലിപ്പ് ചെയ്തിട്ടാണ് വൈറൽ വീഡിയോ നിർമ്മിച്ചത്. താഴെ നൽകിയ താരതമ്യത്തിൽ നിന്ന് ഈ കാര്യം വ്യക്തമാകും. രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദി യമുന നദിയുടെ തീരത്ത് നിർമ്മിച്ച കൃത്രിമ കുളത്തിൽ സ്നാനം ചെയ്ത് നാടകം ചെയ്യാൻ ഒരുങ്ങിയതാണ് എന്നാണ് പറഞ്ഞത്.
നിഗമനം
“എനിക്ക് ഒരു രോഗവും വരില്ല, എനിക്ക് ദൈവവുമായി നേരിട്ട് ബന്ധമുണ്ട്, ഞാൻ ഭഗവാനോട് സംസാരിക്കാറുണ്ട് ” എന്ന് രാഹുൽ ഗാന്ധി എന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. അദ്ദേഹത്തിൻ്റെ അപൂർണമായ വീഡിയോ ക്ലിപ്പ് ഉപയോഗിച്ച് നടത്തുന്ന വ്യാജ പ്രചരണമാണിത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:‘എനിക്ക് ഒരു രോഗവും വരില്ല, ഞാൻ ഭഗവാനോട് സംസാരിക്കാറുണ്ട്’ എന്ന് പറയുന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വീഡിയോയുടെ സത്യാവസ്ഥ ഇതാണ്…
Fact Check By: K. MukundanResult: Altered


