
വിവരണം
തമിഴനാട്ടിലെ ശ്രീ പെരുമ്പത്തൂരില്‍ ചാവേറ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട രാജീവ് ഗാന്ധിക്കെതിരെ അദ്ദേഹം മരിച്ച് ഇത്രയും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും രാഷ്ട്രീയ എതിരാളികള്‍ നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ ഫെയ്‌സ്ബുക്കില്‍ വൈറാലായിരിക്കുന്നത് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരെ സംബന്ധിച്ച കാര്യങ്ങളാണ്. രാധാകൃഷ്ണന്‍ ഉള്ളാറ്റില്‍ എന്ന വ്യക്തിയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ മെയ് 7ന് പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമാകുന്നത്. പോസ്റ്റിന്‍റെ ഉള്ളടക്കം ഇപ്രകാരമാണ്
ശ്രീ പെരുമ്പത്തൂരില്‍ രാജീവ് ഖാന്‍ (രാഷ്ട്രീയ എതിരാളികള്‍ രാജീവ് ഗാന്ധിയെ അധിക്ഷേപിച്ച് വിളിക്കുന്ന പേര്) ചുറ്റും ചിതറിയ ചാരപ്പൊടിയില്‍ ഒരൊറ്റ കോണ്‍ഗ്രസ്കാരന്‍റെയും എല്ലുപൊടി ഉണ്ടായിരുന്നില്ല. എന്താ മാമീ മിണ്ടാത്ത.. (സോണിയ ഗാന്ധിയുടെ ചിത്രം വച്ചാണ് പോസ്റ്റിലെ പോസ്റ്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്. സോണിയ ഗാന്ധിയോടുള്ള ചോദ്യമായിട്ടാണ് അവതരണം)
ഫെയ്‌സ്ബുക്ക് പോസ്റ്റിന് ഇതിനോടകം 800ല്‍ അധികം ഷെയറുകളും 250ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.
എന്നാല്‍ 1991 മെയ് 21നു നടന്ന സ്ഫോടനത്തില്‍ രാജീവ് ഗാന്ധിയോടൊപ്പം കൊല്ലപ്പെട്ടവരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇല്ലായിരുന്നോ. രാജീവ് ഗാന്ധി കൂടാതെ എത്ര പേര്‍ ശ്രീ പെരുമ്പത്തൂരില്‍ കൊല്ലപ്പെട്ടിരുന്നു. പോസ്റ്റിലെ ആരോപണങ്ങളുടെ പിന്നിലെ സത്യാവസ്ഥ എന്താണെന്നത് പരിശോധിക്കാം.
വസ്തുത വിശകലനം
ഔദ്യോഗികമായ കണക്ക് പ്രകാരം രാജീവ് ഗാന്ധിയെ കൂടാതെ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആണ്. ഇതില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരുമെല്ലാം ഉള്‍പ്പെട്ടിരുന്നു എന്നതാണ് വാസ്തവം. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കോണ്‍ഗ്രസ് പാര്‍ട്ടി സഹായിച്ചില്ലെന്ന് ആരോപിച്ച് കുടുംബാംഗങ്ങള്‍ 2016ല്‍ രംഗത്ത് വന്നിരുന്നു. ഇതെ തുടര്‍ന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് കൊല്ലപ്പെട്ട 15 പേരുടെയും പേര് വിവരങ്ങളും അവര്‍ ആരോക്കെയായിരുന്നു എന്നും സംബന്ധിച്ച് ആര്‍ട്ടിക്കിള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ദ് ടെലിഗ്രാഫിന്‍റെ ഓണ്‍ലൈന്‍ എഡിഷനും 2014ല്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കുറിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പട്ടികയില്‍ കൊല്ലപ്പെട്ടവരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവരാണ്-
ശാന്തനി ബീഗം – മിഹിള കോണ്‍ഗ്രസ് നേതാവ്
ലീഗ് മനുസാമി – എംജിആറിന്‍റെ കാലത്ത് തമിഴ്‌നാട് ലജിസ്‌ലേറ്റീവ് കൗണ്‍സില്‍ അംഗം, കോണ്‍ഗ്രസ് നേതാവ്.
ലത കണ്ണന്‍ – മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തക (ഇവരുടെ മകള്‍ കോകില വാണിയും സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു)
എന്നിങ്ങനെ നീളുന്നതാണ് മരണപ്പെട്ടവരുടെ പട്ടിക. നിരവധി സുരക്ഷാ ഉദ്യോഗസ്ഥരും ഈ 15 പേരില്‍ ഉള്‍പ്പെടും. ടെലിഗ്രാഫ്, ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്ത് റിപ്പോര്‍ട്ടുകളുടെ ലിങ്കുകളും സ്ക്രീന്‍ഷോട്ടുകളും ചുവടെ ചേര്‍ക്കുന്നു-

Telegraph Article | Archived Link |
Indian Express Article | Archived Link |
നിഗമനം
രാജീവ് ഗാന്ധി വധം നടന്നപ്പോള്‍ ബോംബ് സ്ഫോടനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരും തന്നെ കൊല്ലപ്പെട്ടിട്ടില്ലെന്ന് വ്യാഖ്യാനിക്കുന്ന തരത്തിലുള്ള പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. രേഖകളിലും വിശ്വസനീയമായ റിപ്പോര്‍ട്ടുകളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ പരിശോധിക്കാന്‍ കഴിയും. അതുകൊണ്ട് തന്നെ പോസ്റ്റില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ പൂര്‍ണമായി അടിസ്ഥാന രഹിതമാണെന്ന് അനുമാനിക്കാം.

Title:രാജീവ് ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ ഒപ്പം മരിച്ചവരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇല്ലായിരുന്നോ?
Fact Check By: Harishankar PrasadResult: False
