FACT CHECK: സിപിഎം പ്രവർത്തകരെയും ഡിവൈഎഫ്ഐയെയും കണ്ടുപഠിക്കണമെന്ന് ധര്‍മടത്തെ യുഡി എഫ് സ്ഥാനാര്‍ഥി പറഞ്ഞുവെന്ന പ്രചരണത്തിന്‍റെ യാഥാർത്ഥ്യമറിയൂ…

പ്രാദേശികം | Local രാഷ്ട്രീയം | Politics

പ്രചരണം 

നിയമസഭ തെരഞ്ഞെടുപ്പിൽ ധർമ്മടം നിയോജകമണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ എതിർ സ്ഥാനാർഥിയായിരുന്ന യുഡിഎഫിന്‍റെ സി രഘുനാഥ് സിപിഎം പ്രവർത്തകരെയും ഡിവൈഎഫ്ഐയും പുകഴ്ത്തി സംസാരിച്ചു എന്ന മട്ടിൽ ഒരു പ്രചരണം സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ഇത്തരത്തിൽ പ്രചരിക്കുന്ന ഒരു പോസ്റ്റിൽ അദ്ദേഹത്തിന്‍റെ ചിത്രത്തോടൊപ്പം നൽകിയ വാചകങ്ങൾ ഇങ്ങനെയാണ്: “സിപിഐഎം പ്രവര്‍ത്തകരെയും ഡിവൈഎഫ്‌ഐയേയും കണ്ട് പഠിക്കണമെന്ന് ധര്‍മ്മടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി. രഘുനാഥ്”

archived linkFB post

എതിർ രാഷ്ട്രീയ പ്രസ്ഥാനത്തെയും പ്രവർത്തകരെയും പുകഴ്ത്തി ധര്‍മ്മടത്തെ യു ഡി എഫ് സ്ഥാനാര്‍ഥി സംസാരിച്ചു എന്നാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന വാദം. 

ഈ വാദവുമായി പ്രചരിക്കുന്ന വീഡിയോ പലരും പങ്കുവയ്ക്കുന്നുണ്ട്. 

archived linkFB post

ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. ഇത് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന ഒരു പ്രചരണമാണ് എന്ന് വ്യക്തമായി.  ഒരു ചാനൽ ഇൻറർവ്യൂവിൽ അദ്ദേഹം പറഞ്ഞ ചില ഭാഗം മാത്രം അടർത്തിയെടുത്ത് തെറ്റിദ്ധാരണയുണ്ടാക്കുന്ന രീതിയില്‍  പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്.  വിശദാംശങ്ങൾ പറയാം 

വസ്തുത ഇതാണ് 

നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയുടെ എതിർ സ്ഥാനാർത്ഥിയായിരുന്ന തനിക്ക് കെപിസിസിയിൽ നിന്നും വേണ്ടത്ര പരിഗണന ധർമടത്തെ സ്ഥാനാർത്ഥി എന്ന നിലയിൽ ലഭിച്ചില്ലെന്നും തന്‍റെ ചെറുപ്പത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുറച്ചുകൂടി കാര്യക്ഷമത ഉള്ളവരായിരുന്നു എന്ന് വാദിച്ച് അദ്ദേഹം ചില കാര്യങ്ങൾ ഇന്‍റര്‍വ്യൂവില്‍ പറയുന്നുണ്ട്. എന്നാല്‍ അതൊന്നും സിപിഎം പാര്‍ട്ടിയേയോ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെയോ പുകഴ്ത്തുന്നു എന്ന് അര്‍ത്ഥമാക്കുന്നില്ല.

സി.രഘുനാഥിന്‍റെ ചില വാചകങ്ങള്‍ മാത്രം  തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ് പോസ്റ്റിലൂടെ ചെയ്യുന്നത്. അദ്ദേഹത്തിന്‍റെ ഇൻറർവ്യൂവിന്‍റെ മുഴുവൻ ഭാഗവും യൂട്യൂബിൽ ലഭ്യമാണ്.  

ഇൻറർവ്യൂ മുഴുവൻ കേട്ടാൽ അദ്ദേഹം പറഞ്ഞത് എന്താണെന്ന് വ്യക്തമാകും.  കൂടാതെ തന്‍റെ ഫേസ്ബുക്ക് പേജിൽ അദ്ദേഹം വിശദീകരണമായി രണ്ട് പോസ്റ്റുകൾ നൽകിയിട്ടുണ്ട്. 

അതിൽ അദ്ദേഹം വ്യക്തമായി ഇങ്ങനെ പറയുന്നു:  സിപിഎമ്മിനെ മഹത്വവൽക്കരിക്കാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. പാർട്ടിയുടെ അപചയത്തിന്‌ കാരണം സംഘടനാപരമായ ദൗർബല്യവും പ്രവർത്തകർ ജനങ്ങളിൽനിന്നും അകന്നതുമാണ്. ആ ചോദ്യത്തിന് DYFI പോലുള്ള സംഘടനകളുടെ കടന്നുകയറ്റത്തെ കുറിച്ചും അത് ചെറുക്കാൻ നമ്മുടെ സംഘടന സജ്ജമാവണം എന്നുമാണ് പറഞ്ഞത്”

കൂടാതെ ഞങ്ങൾ രഘുനാഥുമായി സംസാരിച്ചിരുന്നു. അദ്ദേഹം ഞങ്ങളുടെ പ്രതിനിധി അറിയിച്ചത് ഇങ്ങനെയാണ്: ഞാന്‍ കഴിഞ്ഞ ദിവസം ഒരു പ്രാദേശിക ചാനലിന് നല്‍കിയ 51 മിനിറ്റ് അഭിമുഖത്തില്‍ നിന്നും വെറും നാല് മിനിറ്റ് ഭാഗം അടര്‍ത്തിയെടുത്ത് എനിക്കെതിരെ  വ്യാജപ്രചരണം നടത്തുകയാണ്. ഡിവൈഎഫ്ഐ പ്രവര്‍ത്തകാരെ പുകഴ്ത്തുകയല്ല,  ഒരു താരതമ്യം മാത്രമാണ്‌ ഞാന്‍ നടത്തിയത്. ഇൻറർവ്യൂ മുഴുവൻ കേട്ടാല്‍ അത് എളുപ്പം വ്യക്തമാവും. കോൺഗ്രസ് പ്രവർത്തകരെ അനുമോദിച്ചു ഞാനതിൽ സംസാരിക്കുന്നുണ്ട്. അതൊന്നും പറയാതെ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിൽ ചില വാചകങ്ങള്‍ മാത്രം പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. 

നിഗമനം 

ധര്‍മടത്തെ യു ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന സി രഘുനാഥ്  ഒരു ചാനലിന് നല്‍കിയ ഇൻറർവ്യൂവില്‍ നിന്നും  ഒരു ഭാഗം അടർത്തിയെടുത്ത് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ് പോസ്റ്റിലൂടെ ചെയ്യുന്നത്. അദ്ദേഹം യഥാര്‍ത്ഥത്തില്‍  സിപിഎമ്മിനെ സിപിഎം പാർട്ടി പ്രവർത്തകരെയോ പുകഴ്ത്തിയല്ല  സംസാരിച്ചത്. മുഖ്യമന്ത്രിയുടെ എതിർ സ്ഥാനാർഥിയായിരുന്ന സി.രഘുനാഥ് സിപിഎമ്മിനെയോ ഡിവൈഎഫ്ഐ പ്രവർത്തകരെയോ പുകഴ്ത്തി സംസാരിച്ചു എന്ന മട്ടിലെ പ്രചാരണങ്ങള്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുവാന്‍ മനപൂര്‍വം നടത്തുന്നതാണെന്ന് അദ്ദേഹം തന്നെ അറിയിച്ചിട്ടുണ്ട്.  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:സിപിഎം പ്രവർത്തകരെയും ഡിവൈഎഫ്ഐയെയും കണ്ടുപഠിക്കണമെന്ന് ധര്‍മടത്തെ യുഡി എഫ് സ്ഥാനാര്‍ഥി പറഞ്ഞുവെന്ന പ്രചരണത്തിന്‍റെ യാഥാർത്ഥ്യമറിയൂ…

Fact Check By: Vasuki S 

Result: Missing Context