
കഴിഞ്ഞ ദിവസങ്ങളിൽ ഗൾഫ് തീരത്ത് നാശനഷ്ടം വിതച്ച ഷഹീൻ ചുഴലിക്കാറ്റിന്‍റെ വാര്‍ത്തകള്‍ നമ്മൾ മാധ്യമങ്ങളിലൂടെ കണ്ടിരുന്നു. ഒക്‌ടോബർ ആദ്യവാരം വടക്കൻ ഒമാൻ തീരത്ത് 150 കിലോമീറ്റർ വേഗതയില്‍ വീശിയടിച്ച ഷാഹീൻ ചുഴലിക്കാറ്റിന്‍റെ ഫലമായുണ്ടായ കനത്ത മഴയില്‍ ഒമാനിലും ഇറാനിലുമായി 14 പേർ മരിച്ചതായാണ് വാര്‍ത്തകള്‍ റിപ്പോർട്ട് ചെയ്തത്. ഷഹീൻ ചുഴലിക്കാറ്റിന്‍റെ ഭയാനകത വെളിപ്പെടുത്തുന്ന ഒരു വീഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ദുബായിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുർജ് ഖലീഫയിൽ നിന്നും ചിത്രീകരിച്ച ചുഴലിക്കാറ്റിന്‍റെത് എന്ന രീതിയിൽ മേഘങ്ങളെ ചുഴത്തിയെടുത്ത് കാറ്റടിക്കുന്ന വന്യസൌന്ദര്യമുള്ള ദൃശ്യമാണ് നല്‍കിയിരിക്കുന്നത്. ഒപ്പം നൽകിയ വിവരണം സൂചിപ്പിക്കുന്നത് ഇതുതന്നെയാണ്: ഒമാൻ തീരത്ത് ഷഹീൻ ചുഴലിക്കാറ്റ്..ദുബായിലെ ബുർജ് ഖലീഫയിൽ നിന്നുള്ള ഫോട്ടോ .. സ്രഷ്ടാവിന്റെ മഹത്വം നോക്കുക.
ഒരു തീരദേശ നഗരത്തിൽ കൊടുങ്കാറ്റ് ചുഴറ്റിയടിക്കുന്നതായി കാണിക്കുന്ന ഡിജിറ്റൽ ആർട്ട് വീഡിയോ ദുബായിലെ ബുർജ് ഖലീഫയിൽ നിന്ന് ചിത്രീകരിച്ചതായി പങ്കുവയ്ക്കുകയാണെന്നും ഇത് യഥാർത്ഥത്തിൽ ഉള്ളതല്ലെന്നും ഞങ്ങൾ അന്വേഷണത്തിൽ കണ്ടെത്തി
വസ്തുത ഇങ്ങനെ
ഞങ്ങള്‍ InVid വീഡിയോ വെരിഫിക്കേഷൻ ടൂൾ ഉപയോഗിച്ച് വീഡിയോ കീ ഫ്രെയിമുകളായി വിഭജിച്ച് അതില്‍ നിന്നുമുള്ള ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കി. ഓസ്‌ട്രേലിയൻ വാർത്താ വെബ്‌സൈറ്റ് 7 ന്യൂസിന്‍റെ 2019 സെപ്റ്റംബറിലെ ഒരു റിപ്പോർട്ട് അന്വേഷണത്തില്‍ ലഭ്യമായി. ഇതേ വീഡിയോ ഉപയോഗിച്ച് ഡോറിയൻ ചുഴലിക്കാറ്റ് ഫ്ലോറിഡയിലെ മിയാമിയിലേക്ക് നീങ്ങുന്നതായി സാമൂഹ്യ മാധ്യമങ്ങളില്‍ അക്കാലത്ത് പലരും പ്രചരണം നടത്തിയിരുന്നുവത്രേ. ബ്രെന്‍റ് ഷാവ്‌നോര്‍ എന്ന ഡിജിറ്റല്‍ ആര്‍ട്ടിസ്റ്റ് നിര്‍മ്മിച്ച സൃഷ്ടിയാണെന്ന് 7 ന്യൂസ് റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടുണ്ട്. ഈ സൂചന ഉപയോഗിച്ച് ഞങ്ങള്‍ ഷാവ്‌നോറിന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ തിരഞ്ഞപ്പോള്‍ ഇതേ വീഡിയോ ഞങ്ങൾ കണ്ടെത്തി.
അസോസിയേറ്റഡ് പ്രസ് 2019 ല്‍ ഇതേ വീഡിയോയുടെ മുകളില്‍ നടത്തിയ ഒരു വസ്തുതാ അന്വേഷണ റിപ്പോര്‍ട്ടും കണ്ടെത്തി. താന്‍ തന്നെയാണ് ദൃശ്യങ്ങള്‍ സൃഷ്ടിച്ചതെന്ന് ഷാവ്‌നോർ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്. “ഡിജിറ്റൽ ആര്‍ട്ട് സൃഷ്ടിക്കുന്നതിനുള്ള യുട്യൂബ് ട്യൂട്ടോറിയലുകൾ” നിർമ്മിക്കുന്നതായും അദ്ദേഹം അസോസിയേറ്റഡ് പ്രസ്സിനോട് വിശദമാക്കിയിരുന്നു.
ഡിജിറ്റല്‍ ആര്‍ട്ട് വീഡിയോ ആണ് യഥാര്‍ത്ഥ സംഭവം എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നത്.
നിഗമനം
പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. ഒരു ആര്‍ട്ടിസ്റ്റ് സൃഷ്ടിച്ച ഡിജിറ്റല്‍ ആര്‍ട്ട് വീഡിയോ ആണ് ഷഹീന്‍ ചുഴലിക്കാറ്റ് വീശിയടിച്ചപ്പോള്‍ ബുര്‍ജ് ഖലീഫയില്‍ നിന്നും ചിത്രീകരിച്ചത് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ഷഹീന്‍ ചുഴലിക്കാറ്റിന്‍റെത് എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഡിജിറ്റല്‍ ആര്‍ട്ട് സൃഷ്ടിയാണ്…
Fact Check By: Vasuki SResult: False
