ഏഷ്യാനെറ്റ് ന്യൂസ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനെ കുറിച്ച് നല്‍കിയ വാര്‍ത്ത എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ സ്ക്രീന്‍ഷോട്ട്.. വസ്‌തുത അറിയാം..

രാഷ്ട്രീയം | Politics

വിവരണം

ഏപ്രില്‍ ആറ് മുതല്‍ പത്ത് വരെ കണ്ണൂരില്‍ നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ആയിരുന്ന കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന വാര്‍ത്തകളില്‍ ഇടം നേടിയ സംഭവം. കോൺഗ്രസ് നേതാവ് കെ.വി.തോമസ് കോണ്‍ഗ്രസ് വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്തതും ശശി തരൂര്‍ പങ്കെടുക്കാതിരുന്നതും ഉള്‍പ്പടെ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് കാരണമാകുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ച ശേഷം പരിപാടിയുടെ കൂറ്റന്‍ പന്തല്‍ പൊളിച്ചപ്പോള്‍ അവിടെ നിന്നും ലഭിക്കാന്‍ പാടില്ലാത്തതെന്തോ ലഭിച്ചു എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചരണമാണ് നടക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് എന്ന പേരിലാണ് പ്രചരണം. സിപിഎമ്മിന്‍റെ പാര്‍ട്ടി കോണ്‍ഗ്രസ് പന്തല്‍ പൊളിക്കാന്‍ എത്തിയ തൊഴിലാളികള്‍ സ്റ്റേജിന് പിറകില്‍ കണ്ടത് ഗര്‍ഭ നിരോധന ഗുളികകളും കോണ്ടവും മദ്യകുപ്പികളും.. എന്ന തലക്കെട്ട് നല്‍കി ഏഷ്യാനെറ്റ് അവരുടെ വെബ്‌സൈറ്റില്‍ നല്‍കിയ വാര്‍ത്ത എന്ന പേരിലാണ് സ്ക്രീന്‍ഷോട്ട് വ്യാപകമായി പ്രചരിക്കുന്നത്. നരേന്ദ്ര മോദി ഫാന്‍സ് എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 2,200ല്‍ അധികം റിയാക്ഷനുകളും 369ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടുണ്ടോ? പ്രചരിക്കുന്നത് ഏഷ്യാനെറ്റ് വെബ്‌സൈറ്റിന്‍റെ സ്ക്രീന്‍ഷോട്ട് തന്നെയാണോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

കീ വേര്‍ഡ് ഉപയോഗിച്ച് ആദ്യം തന്നെ ഇത്തരത്തിലൊരു വാര്‍ത്ത ഏഷ്യാനെറ്റ് നല്‍കിയിട്ടുണ്ടോ എന്നാണ് ആദ്യം തന്നെ ഞങ്ങള്‍ പരിശോധിച്ചത്. എന്നാല്‍ ഏഷ്യാനെറ്റ് എന്നല്ല മറ്റൊരു മാധ്യമങ്ങളും ഇത്തരത്തിലൊരു വാര്‍ത്ത തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്ന വ്യക്തമായി. ഇതോടെ ഞങ്ങളുടെ പ്രതിനിധി ഏഷ്യാനെറ്റ് ന്യൂസ് വെബ്‌‍ഡെസ്‌കുമായി ഫോണില്‍ ബന്ധപ്പെട്ടു. പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് പരിശോധിച്ച ശേഷം ഇത് വ്യാജ സ്ക്രീന്‍ഷോട്ടാണെന്നും ഏഷ്യാനെറ്റിന്‍രെ ലോഗോ ദുരുപയോഗം ചെയ്ത് ആരോ നിര്‍മ്മിച്ചതാണെന്നും വെബ്‌ഡെ‌സ്‌ക് പ്രതിനിധി പറഞ്ഞു. കൂടാതെ ഏഷ്യാനെറ്റ് വാര്‍ത്ത നല്‍കിയെന്ന പേരിലുള്ള വ്യാജ പ്രചരണത്തിനെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും അവര്‍ പ്രതികരിച്ചു.

നിഗമനം

ഏഷ്യാനെറ്റ് ന്യൂസ് വെബ്‌‍ഡെസ്‌ക് പ്രതിനിധികള്‍ തന്നെ വാര്‍ത്താ സ്ക്രീന്‍ഷോട്ട് വ്യാജമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മാത്രമല്ല ഇത്തരത്തിലൊരു സംഭവം നടന്നതായി ഒരു മാധ്യമങ്ങളിലും വാര്‍ത്ത വന്നിട്ടില്ലെന്നും ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഏഷ്യാനെറ്റ് ന്യൂസ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനെ കുറിച്ച് നല്‍കിയ വാര്‍ത്ത എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ സ്ക്രീന്‍ഷോട്ട്.. വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: False