വിവരണം

ഇന്ധന വില വര്‍ദ്ധനവും സംസ്ഥാനത്തിന്‍റെ നികുത്തി കുറയ്ക്കലും സംബന്ധിച്ച തര്‍ക്കങ്ങളും വിവാദങ്ങള്‍ നിലനില്‍ക്കുകയാണ്. ഇതിനിടയില്‍ കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും എക്‌സൈസ് ഡ്യൂട്ടി കുറിച്ചിരുന്നു. ഇതോടെ സംസ്ഥാനങ്ങളും നികുതി കുറയ്ക്കണമെന്ന ആവശ്യവുമായി വിവിധ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നു. കേരളത്തിലും കോണ്‍ഗ്രസും ബിജെപിയും സര്‍ക്കാരിനെതിരെ നികുതി കുറയ്ക്കണമെന്ന ആവശ്യവുമായി സമരങ്ങള്‍ നടത്തി വരുകയാണ്. ഇതിനിടയിലാണ് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാലിന്‍റെ പ്രസ്താവന എന്ന പേരില്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ സ്ക്രീന്‍ഷോട്ട് സഹിതം ഒരു പോസ്റ്റ് വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. കേരളത്തില്‍ ഉള്ളവര്‍ സമ്പന്നര്‍, അതുകൊണ്ട് പെട്രോള്‍ വില കുറയ്‌ക്കേണ്ട ആവശ്യം ഇപ്പോഴില്ല.. എന്ന് മന്ത്രി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പ്രസ്താവന നടത്തിയതായിട്ടാണ് വാര്‍ത്ത. മണികണ്ഠന്‍ കെ എസ്എകെഎം എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 63ല്‍ അധികം റിയാക്ഷനുകളും 40ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ യഥാര്‍ത്ഥത്തില്‍ മന്ത്രി ഇത്തരത്തിലൊരു പ്രസ്താവന നടത്തയിട്ടുണ്ടോ? പ്രചരിക്കുന്നത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയുടെ സ്രക്രീന്‍ഷോട്ട് തന്നെയാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ആദ്യം തന്നെ യൂട്യൂബില്‍ സംസ്ഥാന നികുതി എന്ന കീ വേര്‍‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും മന്ത്രി കെ.എന്‍.ബാലഗോപാല്‍ സംസ്ഥാന ഇന്ധന നികുതി കുറയ്ക്കുമോ എന്നതിനെ കുറിച്ച് സംസാരിക്കുന്ന വീഡയോ ഏഷ്യാനെറ്റ് ന്യൂസ് അപ്‌ലോഡ് ചെയ്തിരിക്കുന്നതായി കണ്ടെത്താന്‍ കഴിഞ്ഞു. നവംബര്‍ നാലിന് അപ്‌ലോഡ് ചെയ്തിരിക്കുന്ന വീഡിയോ മുഴുവനായി പരിശോധിച്ചതില്‍ നിന്നും കേരളം നികുതി കുറയ്ക്കില്ല എന്ന നിലപാടാണ് മന്ത്രി അറിയിച്ചത്. എന്നാല്‍ വീഡിയോയില്‍ എവിടെയും കേരളത്തിലുള്ളവര്‍ സമ്പന്നരാണെന്നും അതുകൊണ്ടാണ് നികുതി കുറയ്ക്കേണ്ട എന്ന തീരുമാനമെടുത്തതെന്നും പറയുന്നില്ല. അതെസമയം കോവിഡ‍് ഉള്‍പ്പടെയുള്ള സാഹചര്യത്തില്‍ സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ സംസ്ഥാന നികുതി കുറയ്ക്കുകയെന്നത് പ്രായോഗികമല്ല എന്നുമാണ് മന്ത്രി പറയുന്നത്. കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും കുറഞ്ഞപ്പോള്‍ സംസ്ഥാനത്ത് ആനുപാതികമായി നികുതിയില്‍ പെട്രോളിന് 1.50 രൂപയും ഡീസലിന് 2.50 രൂപയും കുറഞ്ഞു എന്നും സംസ്ഥാനം കഴിഞ്ഞ ആര്‍ വര്‍ഷത്തിനിടയില്‍ ഇതുവരെ ഇന്ധന നികുതി വര്‍ദ്ധിപ്പിച്ചിട്ടില്ലെന്നും പിന്നെ എന്തിനാണ് വര്‍ദ്ധിപ്പിക്കാത്ത നികുതി കുറയ്ക‌ക്കേണ്ടതെന്നും മന്ത്രി

ചോദ്യം ഉന്നയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയുടെ യഥാര്‍ത്ഥ വീഡിയോ-

ധനകാര്യ മന്ത്രിയുടെ തിരുവനന്തപുരത്തെ ഓഫിസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങിലെ പ്രചരണത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷിക്കുകയും ചെയ്യതു. എന്നാല്‍ മന്ത്രി ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് ഓഫിസും വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ബ്യൂറോയുമായി ഞങ്ങളുടെ പ്രതിനിധി ഫോണി‍ല്‍ ബന്ധപ്പെട്ട് പ്രചരിക്കുന്നത് ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരിലുള്ള വ്യാജ സ്ക്രീന്‍ഷോട്ടാണെന്നതും സ്ഥിരീകരിച്ചിട്ടുണ്ട്.

നിഗമനം

കോവിഡ് ഉള്‍പ്പടെയുള്ള സാഹചര്യത്തില്‍ സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ ഇപ്പോള്‍ സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കില്ല എന്നാണ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വ്യക്തമാക്കിയത്. കേരളത്തിലുള്ളവര്‍ സമ്പന്നരായതിനാലാണ് നികുതി കുറയ്ക്കാത്തതെന്ന പ്രസ്താവന അദ്ദേഹം നടത്തിയിട്ടില്ലെന്നും ഏഷ്യാനെറ്റിന്‍റെ പേരിലുള്ള വ്യാജ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടാണിതെന്നും വ്യക്താമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:കേരളത്തിലുള്ളവര്‍ സമ്പന്നരായതിനാലാണ് സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കാത്തതെന്ന് ധനകാര്യമന്ത്രി പറഞ്ഞോ? എന്താണ് വസ്‌തുത എന്ന് അറിയാം..

Fact Check By: Dewin Carlos

Result: False