സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകനും സിനിമ അഭിനേതാവുമായ ബിനീഷ് കൊടിയേരി ലഹരിമരുന്നുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ ഒരു വർഷമായി ജയിൽവാസം അനുഭവിക്കുകയായിരുന്നു. ഒക്ടോബര്‍ 30 ന് ബിനീഷ് ജയിൽമോചിതനായി. ഇതിനുശേഷം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച ഒരു വീഡിയോയാണ് ഇവിടെ നൽകിയിട്ടുള്ളത്

പ്രചരണം

ബിനീഷ് കൊടിയേരി ജയിൽമോചിതനായപ്പോൾ അദ്ദേഹത്തെ ജയിലില്‍ നിന്നും സ്വീകരിച്ചു കൊണ്ടുവരുന്ന ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ചു വീഡിയോയുടെ ഒപ്പം നൽകിയിട്ടുള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്: “മയക്കുമരുന്ന് കേസിൽ ജാമ്യം കിട്ടിയ ഒരു കൊടും കുറ്റവാളിക്ക് ഒരുവർഷത്തിനുശേഷം ജാമ്യം കിട്ടിയപ്പോൾ അന്തംകമ്മികൾ സ്വീകരിക്കുന്നത് കണ്ടില്ലെ...

ഇവൻ ഒളിമ്പിക്സിൽ മെഡൽ നേടി എന്നാണോ ഇവർ കരുതുന്നത്!!!!”

archived linkFB post

അതായത് കേരളത്തിൽ ലഹരിമരുന്നു കേസിൽ ജയിൽമോചിതനായ ബിനീഷിനെ ആനയിച്ചു കൊണ്ടു വരുന്ന ദൃശ്യങ്ങളാണിത് എന്നാണ് പോസ്റ്റിലൂടെ വാദിക്കുന്നത്. ഞങ്ങൾ ദൃശ്യങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോൾ ഇത് ബിനീഷ് കൊടിയേരിയുമായി യാതൊരു ബന്ധവും ഉള്ള ദൃശ്യങ്ങൾ അല്ല എന്ന് വ്യക്തമായി. മാത്രമല്ല, ദൃശ്യങ്ങള്‍ കേരളത്തിലേതുമല്ല.

വസ്തുത ഇതാണ്

വീഡിയോ കീ ഫ്രെയിമുകളായി വേർതിരിച്ച ശേഷം ഒരു ഫ്രെയിമിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഈ വീഡിയോ ബോളിവുഡ് ചലച്ചിത്ര താരം ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ ജയില്‍ മോചിതനായ വേളയിലേതാണെന്ന് വ്യക്തമായി. ബിനീഷിനും ആര്യനും ജയില്‍ മോചിതരായത് ഒക്ടോബര്‍ 30 ന് തന്നെയാണ്. ബിനീഷിന് ജാമ്യം ലഭിച്ച വാര്‍ത്ത മാധ്യമങ്ങള്‍ നല്‍കിയിരുന്നു.

ആര്യന്‍ ഖാന്‍ ജയിലില്‍ നിന്നും വീട്ടിലേയ്ക്ക് മടങ്ങുന്ന വീഡിയോ പലരും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

https://twitter.com/SRKJTHJ/status/1454361581827936257

ഒരു ഘോഷയാത്രയ്ക്ക് സമാനമായി ആര്യന്‍ ഖാനെ വീട്ടിലെത്തിച്ച ജനക്കൂട്ടത്തിനെ പലരും അപലപിച്ചിട്ടുണ്ട്. പോലീസ് പിടിയിലായ ഒരാൾക്ക് നൽകുന്ന സ്വീകരണം ഇത്രയ്ക്ക് വലുതാണ് എന്ന് പലരും കുറ്റപ്പെടുത്തിയിട്ടുമുണ്ട്. പല മാധ്യമങ്ങളും ഈ വീഡിയോയിലുള്ള ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. ബിനീഷ് കൊടിയേരി ജയിൽമോചിതനായ വേളയിലെ ദൃശ്യങ്ങളല്ല ഇത്. ബോളിവുഡ് ചലച്ചിത്രതാരം ഷാരൂഖാന്‍റെ മകൻ ജയിൽമോചിതനായ വേളയിലെ ദൃശ്യങ്ങളാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:FACT CHECK: ആര്യന്‍ ഖാന്‍ ജാമ്യം ലഭിച്ചശേഷം വീട്ടിലേയ്ക്ക് മടങ്ങുന്ന ദൃശ്യങ്ങള്‍ തെറ്റായ വിവരണത്തോടെ പ്രചരിക്കുന്നു...

Fact Check By: Vasuki S

Result: False