FACT CHECK - ആര്യ രജേന്ദ്രന്‍ ബിജെിയിലേക്ക് എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..
വിവരണം
തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനുമായി ബന്ധപ്പെട്ട ചില പ്രചരണങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ ബിജെപിയിലേക്ക് എന്ന് സൂചന.. എന്ന ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടാണ് ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും വ്യാപകമായി പ്രചരിക്കുന്നത്. ഇതോടൊപ്പം സ്ക്രീന്‍ഷോട്ടില്‍ ഫ്ലാഷ് ന്യൂസായി വൈകിട്ടത്തെ വാര്‍ത്ത സമ്മേളനത്തിലാണ് തീരിമാനമെന്നും.. വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടില്‍ പറയുന്നു. ജിമ്മി ജോര്‍ജ്ജ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 80ല്‍ അധികം റിയാക്ഷനുകളും 5ല്‍ അധികം ഷെയറുകളുമാണ് ലഭിച്ചിട്ടുള്ളത്.
എന്നാല്‍ ഏഷ്യാനെറ്റ് ഇത്തരത്തിലൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ? സിപിഎം പ്രതിനിധിയായി തിരുവനന്തപുരം കോര്‍പ്പൊറേഷനില്‍ മത്സരിച്ച് വിജയിച്ച് മേയറായ ആര്യ രാജേന്ദ്രന്‍ ബിജെപിയിലേക്ക് എന്ന പ്രചരണം സത്യമാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ആദ്യം തന്നെ ഏഷ്യാനെറ്റ് ബ്യൂറോയുമായി ഞങ്ങളുടെ പ്രതിനിധി നടത്തിയ അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങള്‍ ഇപ്രകാരമാണ്. ഏഷ്യാനെറ്റ് ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടില്ലെന്നും ഇത് വ്യാജമായി എഡിറ്റ് ചെയ്ത് ചാനലിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന വ്യാജ സ്ക്രീന്‍ഷോട്ടാണെന്നും ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധികള്‍ അറിയിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ സമാനമായ ഫോണ്ട് ഉപയോഗിച്ച് നടത്തുന്ന വ്യാജ പ്രചരമാണ് ഇതെന്നും അവര്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വിഷയത്തില്‍ പ്രതികരിച്ച് നടത്തിയ ഫാക്‌ട് ചെക്ക് (സ്ക്രീന്‍ഷോട്ട്)-
ആര്യ രാജേന്ദ്രനുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ നിന്നും അവര്‍ നല്‍കിയ മറുപടി ഇങ്ങനെയാണ്, പ്രതിപക്ഷ പാര്‍ട്ടിയായ ബിജെപിയും കോണ്‍ഗ്രസും തനിക്കെതിരെ തുടര്‍ച്ചയായി നടത്തി വരുന്ന വ്യാജ പ്രചരണങ്ങളുടെ ഭാഗമാണിതെന്നും ആശയപരമായി എതിര്‍ക്കാന്‍ കഴിയാത്തവര്‍ വ്യാജ പ്രചരണങ്ങളുമായി ഇറങ്ങിയിരിക്കുകയാണെന്നുമാണ് ആര്യ നല്‍കിയ മറുപടി. പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്നും അവര്‍ പറഞ്ഞു.
നിഗമനം
തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ ബിജെപിയിലേക്ക് എന്ന ഏഷ്യാനെറ്റ് വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് വ്യാജമാണെന്ന് ഏഷ്യാനെറ്റ് അധികൃതര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തന്നോടുള്ള രാഷ്ട്രീയ വൈര്യത്തിന്‍റെ പേരില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന വ്യാജ പ്രചരണം മാത്രമാണതിന്ന് ആര്യയും പ്രതികരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:ആര്യ രജേന്ദ്രന്‍ ബിജെിയിലേക്ക് എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..
Fact Check By: Dewin CarlosResult: False