FACT CHECK : പൂക്കോയ തങ്ങളുടെ പേരില്‍ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിന്‍റെ പേരില്‍ കെഎംസിസി ദുബായ് ഘടകം പരാതി നല്‍കിയോ? പ്രചരണത്തിന് പിന്നിലെ വസ്‌തുത ഇതാണ്..

രാഷ്ട്രീയം | Politics

വിവരണം

പുരാവസ്‌തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ധാരാളം ട്രോളുകളും വാര്‍ത്തകളുമൊക്കെയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഇതിനിടയിലാണ് അന്തരിച്ച മുന്‍ മുസ്‌ലിം ലീഗ് നേതാവ് പൂക്കോയ തങ്ങളുടെ പേരില്‍ ഈ കേസുമായി ബന്ധപ്പെട്ട് ചില പ്രചരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. പുരാവസ്‌തു തട്ടിപ്പ് കേസില്‍ പിടിയിലായ ജോണ്‍സണ്‍ മാവുങ്കല്‍ പൂക്കോയ തങ്ങള്‍ 1960ല്‍ ഉപയോഗിച്ച ബിരിയാണി ചെമ്പ് എന്ന പേരില്‍ അഞ്ച് കോടി രൂപ വാങ്ങി മുസ്‌ലിം ലീഗ് പ്രവാസി സംഘടനയായ കെഎംസിസി ദുബായി ഘടകത്തെ പറ്റിച്ചുവെന്നാണ് പ്രചരണം. രണ്ട് വര്‍ഷം മാത്രം പഴക്കമുള്ള അലുമിനിയം ചെമ്പ് നല്‍കി തട്ടിച്ചു എന്ന് കാണിച്ച് ദുബായി കെഎംസിസി പരാതി നല്‍കിയെന്നും ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത നല്‍കിയെന്ന പേരിലാണ് സ്ക്രീന്‍ഷോട്ട് ഉപയോഗിച്ചുള്ള സമൂഹമാധ്യമത്തിലെ പ്രചരണം.

സുല്‍ഫി വേങ്ങര എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി ലൈക്കുകളും ഷെയറുകളുമാണ് ലഭിച്ചിരിക്കുന്നത്-

Facebook PostArchived Link

യഥാര്‍ത്ഥത്തില്‍ ഇത്തരത്തില്‍ ഒരു തട്ടിപ്പ് മോണ്‍സണ്‍ നടത്തിയതായി വാര്‍ത്ത പുറത്ത് വന്നിട്ടുണ്ടോ? ഏഷ്യാനെറ്റ് ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം.

വസ്‌തുത വിശകലനം

ഞങ്ങള്‍ ആദ്യം തന്നെ സ്ക്രീന്‍ഷോട്ടില്‍ ഉപയോഗിച്ചിരിക്കുന്ന ടെക്‌സ്റ്റുകള്‍ ഉപയോഗിച്ച് ഗൂഗിളിലും ഫെയ്‌സ്ബുക്കിലും സെര്‍ച്ച് ചെയ്തെങ്കിലും ഇത്തരത്തിലൊരു വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ ഏഷ്യാനെറ്റ് ന്യൂസ് വെബ്‌ഡ‍െസ്‌കുമായി ഫോണില്‍ ബന്ധപ്പെട്ടു. അവര്‍ ഇതെ കുറിച്ച് പരിശോധിച്ച ശേഷം നല്‍കിയ മറുപടി ഇങ്ങനെയാണ്-

ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍, വെ‌ബ്‌സൈറ്റ്, ഫെയ്‌സ്ബുക്ക-ഇന്‍സ്റ്റാഗ്രാം പേജുകള്‍ എന്നിവയില്‍ ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടില്ല. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ലോഗോ ദുരുപയോഗം ചെയ്ത് ആരോ എഡിറ്റ് ചെയ്ത് നിര്‍മ്മിച്ച വ്യാജ സ്ക്രീന്‍ഷോട്ട് മാത്രമാണിത്. ലോഗോ ദുരുപയോഗം ചെയ്ത് ഇത്തരം വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വെബ്‌ഡെസ്‌ക് പ്രതിനിധി അറിയിച്ചു.

നിഗമനം

ഏഷ്യാനെറ്റ് ന്യൂസ് ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടില്ലെന്നും ഇത് വ്യാജമായി നിര്‍മ്മിച്ച സ്ക്രീന്‍ഷോട്ടാണെന്നും അവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:പൂക്കോയ തങ്ങളുടെ പേരില്‍ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിന്‍റെ പേരില്‍ കെഎംസിസി ദുബായ് ഘടകം പരാതി നല്‍കിയോ? പ്രചരണത്തിന് പിന്നിലെ വസ്‌തുത ഇതാണ്..

Fact Check By: Dewin Carlos 

Result: False