വിവരണം

പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധനം ഹൈക്കോടതി റദ്ദ് ചയ്തു എന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം മുഖ്യാധാര മാധ്യമങ്ങളും സമൂഹമാധ്യമങ്ങളിലും ഏറെ വൈറലായത്. ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും ഉപയോഗം വര്‍ദ്ധിച്ചതോടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിയ തോതില്‍ കുമിഞ്ഞ് കൂടി പരിസ്ഥിതിക്ക് ദോഷം സംഭവിക്കുന്ന സ്ഥിതിയിലാണ് നാം ഇന്ന് ജീവിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ 2021 മുതലാണ് പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിരോധനം ഏര്‍പ്പെടുത്തിയതെങ്കില്‍ കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ 2020 ജനുവരി 1ന് തന്നെ നിരോധനം നിലവില്‍ വരുകയും ചെയ്തിരുന്നു. എന്നാല്‍ ഈ നിരോധനം ഇപ്പോള്‍ ഹൈക്കോടതി ഇടപെട്ട് റദ്ദ് ചെയ്തു എന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. എബി മാത്യു താഴത്തില്ലത്ത് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിട്ടുള്ള ഇതെ പോസ്റ്റിന് ഇതുവരെ നിരവധി റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ നടപ്പലാക്കിയ പ്ലാസ്റ്റിക് ക്യാരി ബാഗ് നിരോധനം ഹൈക്കോടതി പൂര്‍ണ്ണമായും റദ്ദാക്കിയിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം.

വസ്‌തുത വിശകലനം

ആദ്യം തന്നെ സംസ്ഥാന ശുചിത്വ മിഷന്‍റെ ഫെയ്‌സ്ബുക്ക് പേജ് പരിശോധിച്ചതില്‍ നിന്നും പ്ലാസ്റ്റിക് നിരോധനം റദ്ദ് ചെയ്ത കോടതി ഉത്തരവിനെ കുറിച്ചുള്ള വിശദീകരിച്ച് ഒരു പോസ്റ്റ് പങ്കുവെച്ചിട്ടുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞു. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത മുഴുവന്‍ ശരിയല്ല എന്ന് തുടങ്ങുന്ന ശുചിത്വ മിഷന്‍റെ വിശദീകരണ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇപ്രകാരമാണ്-

മാദ്ധ്യമങ്ങളിൽ വരുന്ന വാർത്ത മുഴുവനും ശരിയല്ല. കേരള സർക്കാർ 60 GSM ന് മുകളിലുള്ള നോൺ വൂവൺ പ്ലാസ്റ്റിക്കിന് ഏർപ്പെടുത്തിയ നിരോധനം മാത്രമാണ് ഹൈക്കോടതി ശരിയല്ലെന്ന് പറഞ്ഞത്. പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധിച്ചു കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവുകള്‍ ഹൈക്കോടതി റദ്ദാക്കി എന്ന് കാടടച്ച് പറയുന്നത് തെറ്റാണ്.

സാധാരണ തുണിത്തരങ്ങൾ നിർമ്മിക്കുന്നതുപോലെ ഊടും പാവും (നെടുകെയും കുറുകെയും) പ്ലാസ്റ്റിക് ത്രെഡുകൾ പാകി ഉണ്ടാക്കുന്നവയാണ് വൂവൺ പ്ലാസ്റ്റിക്ക്. പ്ലാസ്റ്റിക് ചാക്കുകളും മറ്റും അങ്ങനെയാണ് ഉണ്ടാക്കുന്നത്. നോൺ വൂവൺ എന്നത് പ്ലാസ്റ്റിക് ചൂടാക്കി അമർത്തി (heated and pressed) ഉണ്ടാക്കുന്നവയാണ്. നമ്മുടെ സർജിക്കൽ - N95 മാസ്കുകളുടെ മെറ്റീരിയൽ ഉദാഹരണമാണ്. അതേ മെറ്റീരിയൽ ഉപയോഗിച്ച് കടകളിൽ നിന്നും സാധനം പാക്ക് ചെയ്ത് തരുന്ന കവറുകളാണ് നോൺ വൂവൺ പ്ലാസ്റ്റിക് ബാഗുകൾ.

60 GSM ന് താഴെ കനമുള്ള നോൺ വൂവൺ പ്ലാസ്റ്റിക് ബാഗുകളും ഇന്ത്യാ സർക്കാർ നിരോധിച്ചിട്ടുണ്ട്. ആ നിരോധനം നിലനിൽക്കും. ഒപ്പം സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള മറ്റ് സിംഗിൾ യൂസ് പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെയും നിരോധനം നിലനിൽക്കും.

കേന്ദ്ര നിയമത്തിൽ നിന്നും വ്യത്യസ്തമായി 60 GSM ന് മുകളിലുള്ള നോൺ വൂവൺ പ്ലാസ്റ്റിക്കിന് കൂടി കേരള സർക്കാർ ഏർപ്പെടുത്തിയ നിരോധനത്തെ ന്യായീകരിക്കാൻ മതിയായ കാരണം ഒന്നും, തൃപ്തികരമായ വിശദീകരണം ഒന്നും കേരള സർക്കാർ ബന്ധപ്പെട്ട ഉത്തരവിൽ നൽകിയില്ല എന്ന സാങ്കേതിക കാരണംകൊണ്ട് മാത്രമാണ് ആ ഉത്തരവ് റദ്ദ് ചെയ്തത്.

പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധിച്ചു കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവുകള്‍ ഹൈക്കോടതി റദ്ദാക്കി എന്ന തരത്തിലുള്ള പ്രചരണം കാര്യമറിയാത്ത മാധ്യമ പ്രവർത്തകരുടെ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ടിംഗ് മാത്രമാണ്.

ശുചിത്വ മിഷന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

എന്താണ് നോണ്‍ വൂവണ്‍ ക്യാരി ബാഗ്-

സാധാരണ തുണിത്തരങ്ങൾ നിർമ്മിക്കുന്നതുപോലെ ഊടും പാവും (നെടുകെയും കുറുകെയും) പ്ലാസ്റ്റിക് ത്രെഡുകൾ പാകി ഉണ്ടാക്കുന്നവയാണ് വൂവൺ പ്ലാസ്റ്റിക്ക്. പ്ലാസ്റ്റിക് ചാക്കുകളും മറ്റും അങ്ങനെയാണ് ഉണ്ടാക്കുന്നത്. നോൺ വൂവൺ എന്നത് പ്ലാസ്റ്റിക് ചൂടാക്കി അമർത്തി (heated and pressed) ഉണ്ടാക്കുന്നവയാണ്. സർജിക്കൽ - N95 മാസ്കുകളുടെ മെറ്റീരിയൽ ഉദാഹരണമാണ്.

നോണ്‍ വൂവണ്‍ ക്യാരി ബ്യാഗ് - ഗൂഗിള്‍ ഇമേജസ്

നിഗമനം

60 ജിഎസ്എമ്മിന് മുകളിലുള്ള നോണ്‍ വൂവണ്‍ പ്ലാസ്ടിക് ക്യാരി ബാഗുകള്‍ക്കുള്ള നിരോധനം മാത്രമാണ് ഹൈക്കോടതി റദ്ദ് ചെയ്തതെന്ന് സംസ്ഥാന ശുചിത്വ മിഷന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കുള്ള നിലവിലെ നിരോധനം തുടരുകയും ചെയ്യു. അതുകൊണ്ട് തന്നെ പ്രചരണം ഭാഗികമായി തെറ്റാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:പ്ലാസ്റ്റിക് ക്യാരി ബ്യാഗുകളുടെ നിരോധനം ഹൈക്കോടതി റദ്ദ് ചെയ്തോ? വസ്‌തുത അറിയാം..

Fact Check By: Dewin Carlos

Result: Partly False