
കേരളത്തില്‍ ലഹരി മരുന്ന് ഉപയോഗവും ഇതേ തുടർന്നുള്ള അനിഷ്ട സംഭവങ്ങളും വർദ്ധിച്ചു വരുന്നതായി പുറത്തുവരുന്ന വാർത്താ റിപ്പോർട്ടുകൾ പറയുന്നു. ലഹരിമരുന്ന് കേസുകള്‍ കേരളത്തില്‍ ദിവസേന എന്നോണം വര്‍ദ്ധിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ കഞ്ചാവ് ഉപയോഗം നിയമപരമാക്കുന്ന ബില്ലില്‍ ഗവര്‍ണ്ണര്‍ ഒപ്പുവച്ചു എന്ന 24 ന്യൂസിന്‍റെ വാര്‍ത്ത വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
കഞ്ചാവിന്‍റെ ഉപയോഗത്തിനും വില്‍പ്പനയ്ക്കും അനുമതി നല്‍കികൊണ്ടുള്ള ബില്ലില്‍ ഗവര്‍ണര്‍ ഒപ്പ് വെച്ചു. ഇതുപ്രകാരം ഒരു വീട്ടില്‍ ആറ് തൈകള്‍ വരെ നിയമപരമായി വളര്‍ത്താം.. എന്ന ഒരു വാര്‍ത്തയുടെ 10 സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. ഈ വാർത്ത കേരളത്തിലേതാണ് എന്ന് മട്ടിൽ ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “കേരളത്തിൽ ഇതിൻ്റെ ഒരു കുറവ് ഉണ്ടായിരുന്നത് നികത്തി.”
നിരവധി പേരാണ് നിയമം എവിടെയാണ് നടപ്പിലാക്കിയതെന്നറിയാന്‍ ഞങ്ങളുടെ ഫാക്‌ട്‌ലൈന്‍ നമ്പറുമായി ബന്ധപ്പെട്ടിട്ടുള്ളത്.
എന്നാൽ ഈ വീഡിയോയ്ക്ക് കേരളവുമായോ അല്ലെങ്കിൽ ഇന്ത്യയുമായി തന്നെയോ യാതൊരു ബന്ധവുമില്ല എന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി. ന്യൂസിലാൻഡിൽ നിന്നുള്ള വാർത്തയാണിത്.
വസ്തുത ഇങ്ങനെ
കഞ്ചാവിന്‍റെ ഉപയോഗത്തിനും വില്‍പ്പനയ്ക്കും അനുമതി എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഫെയ്‌സ്ബുക്കില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ 1.41 ദൈര്‍ഘ്യമുള്ള 24 ന്യൂസിന്‍റെ വാര്‍ത്തയുടെ മുഴുവന്‍ പതിപ്പ് ലഭിച്ചു. 24 ന്യൂസിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ 2021 ഏപ്രില്‍ രണ്ടിന് അപ്‌ലോഡ് ചെയ്ത വീഡിയോയാണിത്. വാര്‍ത്തയുടെ പൂര്‍ണ്ണരൂപം ഇങ്ങനെ:
അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ കഞ്ചാവിന്‍റെ ഉപയോഗത്തിനും വില്‍പ്പനയ്ക്കും അനുമതി നല്‍കികൊണ്ടുള്ള ബില്ലില്‍ ഗവര്‍ണര്‍ ഒപ്പ് വെച്ചു. ഇതുപ്രകാരം ഒരു വീട്ടില്‍ ആറ് തൈകള്‍ വരെ നിയമപരമായി വളര്‍ത്താം. സംസ്ഥാന അസംബ്ലിയില്‍ അവതരിപ്പിച്ച ബില്ലാണ് ന്യൂയോര്‍ക്കില്‍ നിലവില്‍ വന്നത്. ന്യൂയോര്‍ക്കിനെ സാമ്പത്തികമായി ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബില്ലില്‍ ഒപ്പുവെച്ചിരിക്കുന്നതെന്ന് ഗവര്‍ണര്‍ ആഡ്ര്യു കൂമോ പറഞ്ഞു. കൂടാതെ 60,000ല്‍ അധികം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും കഞ്ചാവില്‍ നിന്നും ലഭിക്കുന്ന വരുമാനം വിദ്യാഭ്യാസ മേഖലയില്‍ ചെലവാക്കുമെന്നും തുടങ്ങിയ വിവരങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ടില്‍ പറയുന്നത്.
അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ കഞ്ചാവിന്‍റെ ഉപയോഗവും വില്‍പ്പനയും നിയമപരമാക്കിയ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പ് വെച്ചതിനെ കുറിച്ച് 2021 ഏപ്രിലില്‍ 24 ന്യൂസ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയുടെ ഒരു ഭാഗം കട്ട് ചെയ്താണ് സമൂഹാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
കഞ്ചാവ് കൃഷി നിയമവിധേയമാമാക്കുന്ന ബില്ലിൽ ഗവർണർ ഒപ്പുവെച്ചു എന്ന വാർത്ത കേരളത്തിലേതോ അല്ലെങ്കിൽ ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്തിലേതോ അല്ല. അമേരിക്കയിലെ ന്യൂയോർക്കിൽ നിന്നും 2021 ഏപ്രിൽ പുറത്തുവന്ന വാർത്തയാണിത്. ഇന്ത്യയുമായി വാർത്തയ്ക്ക് യാതൊരു ബന്ധവുമില്ല. 24 ന്യൂസ് വീഡിയോയുടെ ചെറിയ ഭാഗം മാത്രം എഡിറ്റ് ചെയ്തെടുത്ത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുകയാണ്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:കേരളത്തില്‍ കഞ്ചാവ് ഉപയോഗവും വില്‍പ്പനയും നിയമപരമാക്കി എന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ വാസ്തവമിങ്ങനെ…
Fact Check By: Vasuki SResult: Altered
