
“എനിക്ക് നരേന്ദ്ര മോദി വല്യേട്ടൻ” എന്ന് കേരളം മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നതിന്‍റെ ഒരു വീഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ ക്ലിപ്പ് എഡിറ്റ് ചെയ്തതാണെന്ന് ഞങ്ങൾ അന്വേഷിച്ചപ്പോൾ കണ്ടെത്തി. എന്താണ് മുഖ്യമന്ത്രി യഥാർത്ഥത്തിൽ പറഞ്ഞത് നമുക്ക് നോക്കാം.
പ്രചരണം
പോസ്റ്റ് കാണാൻ – Facebook | Archived Link
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഒരു ചെറിയ വീഡിയോ ക്ലിപ്പ് കാണാം. ഈ ക്ലിപ്പിൽ മുഖ്യമന്ത്രി വിജയൻ പറയുന്നു, “എനിക്ക് നരേന്ദ്ര മൊദി വല്യേട്ടനാണ്. വല്യേട്ടൻ മാത്രമല്ല പറഞ്ഞത്. ഗുജറാത്തിന്‍റെ വികസന പാഠം ഉൾക്കൊണ്ടുകൊണ്ടാണ് ഞാൻ ഇവിടെ വികസന നയം നടപ്പിലാക്കുക.”
എന്നാൽ ഈ വീഡിയോ സത്യമാണോ? ശരിക്കും മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് വല്യേട്ടനാണെന്ന്’ പറഞ്ഞുവോ? നമുക്ക് അന്വേഷിക്കാം.
വസ്തുത ഇതാണ്
ഞങ്ങൾ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ പ്രസംഗത്തിന്‍റെ മുഴുവൻ വീഡിയോ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫേസ്‌ബുക്ക് പേജിൽ ലഭിച്ചു. മാർച്ച് 9, 2024ന് എൽ ഡി എഫ് ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം കൺവെൻഷൻ ഉദ്ഘാടനത്തിന്‍റെ സന്ദർഭത്തിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി വിജയൻ. ഈ മുഴുവൻ പ്രസംഗം നിങ്ങൾക്ക് താഴെ കേൾക്കാം.
മുകളിൽ നൽകിയ വീഡിയോയിൽ 50:33 മിനിറ്റിന് ശേഷം മുഖ്യമന്ത്രി വിജയൻ പറയുന്നു, “തെലങ്കാനയിൽ പുതിയ മുഖ്യമന്ത്രിയെ ഇവിടെ കൊണ്ട് വന്നു. ഇയാൾ…പുതിയ മുഖ്യമന്ത്രി ഇവിടെ വന്നു. ഇവിടെ വന്ന് സംസാരിച്ച് അദ്ദേഹം തിരിച്ച് പോയി. തിരിച്ച് എത്തി തെലങ്കാനയിൽ വെച്ച് ആദ്യം പറഞ്ഞത് എന്താണെന്ന് അറിയോ? എനിക്ക് നരേന്ദ്ര മോദി വല്യേട്ടനാണ്. എങ്ങനെയുണ്ട് ? കോൺഗ്രസിന്‍റെ മുഖ്യമന്ത്രി പറയുകയാണ് നാരേന്ദ്രമോദി വല്യേട്ടനാണെന്ന്. നമുക്ക് ഓർമ്മയിലെ കേരളത്തിലുണ്ടായ വിവാദം. ആ എയർപോർട്ടിൽ വെച്ച് ഞാൻ കേരളത്തിന്‍റെ മുഖ്യമന്ത്രി എന്ന നിലയിൽ പ്രധാനമന്ത്രി വന്നപ്പോൾ തൊഴുതുകൊണ്ട് സ്വീകരിച്ചു. ഓ! എന്തൊരു പുകിലായിരുന്നു. എന്തൊക്കെയാണ് അതിനെപ്പറ്റി പറയാൻ വേണ്ടി തയ്യാറായത് ? അവർക്കെല്ലാം നാക്കിൽ എന്ത് പറ്റി ? ഇതാരും കേട്ടില്ലേ? വല്യേട്ടൻ മാത്രമല്ല പറഞ്ഞത്. ഗുജറാത്തിന്‍റെ വികസന പാഠം ഉൾക്കൊണ്ടുകൊണ്ടാണ് ഞാൻ ഇവിടെ വികസന നയം നടപ്പാക്കുക. അതാണ് കോൺഗ്രസ്.”
അങ്ങനെ മുഖ്യമന്ത്രി പിണറായി വിജയൻ യഥാർഥത്തിൽ തെലങ്കാനയുടെ കോൺഗ്രസ് മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡിയുടെ വാക്കുകളാണ് ഉദ്ധരിച്ചത്. ഞങ്ങൾ രേവന്ത് റെഡ്‌ഡി ഇത്തരമൊരു പ്രസ്താവന നടത്തിയോ എന്നും അന്വേഷിച്ചു. 4 മാർച്ച് 2024ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തെലങ്കാനയിലെ അദിലാബാദിൽ 56000 കോടി രൂപ വില വരുന്ന പല വികസന പദ്ധതികളുടെ ഉദ്ഘാടനം ചെയ്തിരുന്നു. ഈ പരിപാടിയിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡിയും തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരാജനും പങ്കെടുത്തിരുന്നു. ഈ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി രേവന്ത് റെഡ്‌ഡി പറഞ്ഞത് ഇങ്ങനെയാണ്: “പ്രധാനമന്ത്രി എന്ന് പറഞ്ഞാൽ ഞങ്ങൾക്ക് ഒരു വല്യേട്ടൻ പോലെയാണ്. ഈ വല്യേട്ടനുടെ സഹായമുണ്ടായാൽ മാത്രമേ എല്ലാ മുഖ്യമന്ത്രികൾക്ക് അവരുടെ സംസ്ഥാനങ്ങളിൽ വികസനത്തിന് വേണ്ടിയുള്ള പദ്ധതികൾ നടപ്പിലാക്കാൻ സാധിക്കും. അതോണ്ട് എൻ്റെ അപേക്ഷയാണ്. തെലങ്കാനയും വികസന പാതയിൽ മുന്നോട്ട് പോകണമെങ്കിൽ, ഗുജറാത്തിനെ പോലെ വികസിതമാകണമെങ്കിൽ ഞങ്ങൾക്ക് നിങ്ങളുടെ സഹായം ആവശ്യമാണ്.” ഈ പ്രസംഗത്തിൻ്റെ വീഡിയോ നിങ്ങൾക്ക് താഴെ കാണാം.
പ്രസ്തുത വീഡിയോയിൽ മുഖ്യമന്ത്രിയുടെ പ്രസംഗം എഡിറ്റ് ചെയ്തതാണ്. അദ്ദേഹം രേവന്ത് റെഡ്‌ഡിയെ ഉദ്ധരിച്ച് പറഞ്ഞ വാക്കുകൾ അദ്ദേഹം പറഞ്ഞതാണ് എന്ന തരത്തിൽ ഈ വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് താഴെ നൽകിയ താരതമ്യം കണ്ടാൽ വ്യക്തമാകും.
നിഗമനം
“എനിക്ക് നരേന്ദ്ര മോദി വല്യേട്ടൻ ആണ്” എന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിട്ടില്ല എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. അദ്ദേഹത്തിൻ്റെ പ്രസംഗത്തിൻ്റെ വീഡിയോ എഡിറ്റ് ചെയ്തിട്ടാണ് തെറ്റായി പ്രചരിപ്പിക്കുന്നത്.

Title:പ്രധാനമന്ത്രി മോദി തനിക്ക് വല്യേട്ടനെ പോലെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു എന്ന തരത്തിലുള്ള വീഡിയോ എഡിറ്റഡാണ്
Written By: Mukundan KResult: Altered
