ഇന്ത്യയിലെ യുവജനങ്ങളിൽ ഭൂരിഭാഗവും നേരിടുന്ന പ്രധാന പ്രശ്നം തൊഴിലില്ലായ്മയാണ്. ഇന്ത്യ ഒട്ടാകെ വിദ്യാഭ്യാസ നിലവാരം ഉയർന്നെങ്കിലും തൊഴിലില്ലായ്മ രൂക്ഷമാണ്. ഈ സാഹചര്യം മുതലെടുത്ത് വ്യാജ തൊഴിൽ റാക്കറ്റുകൾ പലയിടത്തും സജീവമായി ഉദ്യോഗാർത്ഥികളെ കൊള്ളയടിക്കുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങൾ പ്രചാരത്തിൽ ആയതോടെ ഇതുവഴിയും വ്യാജ തൊഴിൽ റാക്കറ്റുകൾ തങ്ങളുടെ ഇരകളെ കണ്ടെത്തുന്നു. ഇൻഡിഗോ എയർലൈൻസിൽ ജോലി വാഗ്ദാനവുമായി പലർക്കും തട്ടിപ്പ് സന്ദേശങ്ങളും മെയിലുകളും വരുന്നുണ്ട്. ഇത്തരത്തിൽ ഒരു ഉദ്യോഗാർത്ഥിക്ക് ലഭിച്ച സന്ദേശം വസ്തുത അന്വേഷണത്തിനായി ഞങ്ങൾക്ക് അയച്ചു തന്നിരുന്നു. ഇതിൽ എന്താണ് പറയുന്നതെന്ന് നോക്കാം

പ്രചരണം

മൊബൈൽ ഫോണിലേക്ക് എസ്എംഎസ് ആയി വരുന്ന സന്ദേശം ഇങ്ങനെയാണ്:

“Dear Candidate,

You have been selected in Indigo Airlines Company, there is work for ground staff.

Your Job profile is that of *Air Ticket checking * salary package is 38,000k per month in hand salary 35,000

There will be permanent job, there is no contract basis.

6 Hours shift and 5 day's working.

Training date 5/06/2024

Joining Date 15/06/24

Timing of training 10 AM to 2 PM

Timing of Joining 10 AM to 4 PM.

After 2 Month salary Increaseing

All accommodation - Fooding, Cab, And living will give you company

Location -Kochi international Airport ,Channai international Airport

After 3 days you will get courier with training, joining letter and Id card.

Note: (Employee have to submit 1800/- one time refundable amount for uniform/I'd /gate pass/cab pass)”

archived link

ഇൻഡിഗോ എയർലൈൻസിൽ എയർ ടിക്കറ്റ് ചെക്കിങ് ജോലിക്ക് 38,000 രൂപ ശമ്പളം ലഭിക്കുമെന്നും ഇതിൽ 35000 വീട്ടിൽ കൊണ്ടുപോകാനായി കൈയിൽ എത്തുമെന്നും കൊച്ചി ആസ്ഥാനത്തായിരിക്കും ജോലി എന്നും ഇതിന് യൂണിഫോമിന്‍റെയും ഐഡി കാർഡിന്‍റെയും ചെലവിലേക്കായി 1800 രൂപ ഉദ്യോഗാർത്ഥി അടയ്ക്കണമെന്നും സന്ദേശത്തിൽ പറയുന്നു.

സമാന സന്ദേശങ്ങള്‍ ഫേസ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്.

FB postarchived link

എന്നാൽ ഈ സന്ദേശം തൊഴിൽ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘങ്ങളുടേതാണ്. ഇൻഡിഗോ കമ്പനി ഇത്തരത്തിൽ യാതൊരു തൊഴിൽ അവസരങ്ങളും വാഗ്ദാനം ചെയ്യുന്നില്ലെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി

വസ്തുത ഇതാണ്

ഇൻഡിഗോ കമ്പനിയിൽ തൊഴിൽ അവസരങ്ങളെക്കുറിച്ച് തിരഞ്ഞപ്പോൾ കമ്പനിയുടെ പേര് നിരവധി തൊഴിൽ തട്ടിപ്പുകൾ ഇമെയിൽ ആയും എസ്എംഎസ് ആയും ഉദ്യോഗാർത്ഥികൾക്ക് അയച്ച പലതരം തട്ടിപ്പുകൾ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നും ഇത്തരം തട്ടിപ്പുകളിൽ വീഴാതെ ശ്രദ്ധിക്കണം എന്നുമുള്ള മുന്നറിയിപ്പ് കമ്പനിയുടെ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട് എന്ന് കാണാൻ കഴിഞ്ഞു.

archived link

കൂടുതല്‍ വിവരങ്ങള്‍ക്ക് ഞങ്ങള്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ടു. ഇന്‍ഡിഗോ കസ്റ്റമര്‍ എക്സ്പെര്‍ട്ട് വിഭാഗം മേധാവി അന്നു ശര്‍മ നല്കിയ മറുപടി ഇങ്ങനെ: “സന്ദേശം കാണുമ്പോള്‍ ഒരു വ്യാജ ജോലി വാഗ്ദാനത്തിന്‍റെ അടിസ്ഥാനത്തിൽ ചില ആളുകൾ വഞ്ചനാപരമായി നിങ്ങളിൽ നിന്ന് പണം പിരിക്കാൻ ശ്രമിക്കുന്നതായി തോന്നുന്നു.

ഇങ്ങനെ സംഭവിച്ചതിൽ ഞങ്ങൾ ഖേദിക്കുന്നു, ഇത്തരം തട്ടിപ്പിനെക്കുറിച്ച് അഗാധമായ ഉത്കണ്ഠയുണ്ട്. IndiGo-യിൽ ജോലി ലഭിക്കുന്നതിന് ആർക്കും പണമിടപാടുകൾ നടത്തരുതെന്ന് ഞങ്ങൾ അഭ്യര്‍ത്ഥിക്കുന്നു.

എല്ലാ ജോലി അപേക്ഷകരോടും ഞങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റായ www.goindigo.in മുഖേന അപേക്ഷകൾ സമർപ്പിക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. മറ്റേതെങ്കിലും ചാനലിലൂടെ ലഭിക്കുന്ന അപേക്ഷകൾ ഞങ്ങളുടെ നിയമന പ്രക്രിയയ്ക്കായി പരിഗണിക്കില്ല.

‘കരിയേഴ്സ്’ അല്ലെങ്കിൽ ‘ജോബ്സ്’ വിഭാഗം സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. നിങ്ങൾക്ക് വിശദമായ ജോലി ലിസ്റ്റിംഗുകളും ഒരു ഓൺലൈൻ അപേക്ഷാ ഫോമും കണ്ടെത്താനാകും, അത് നിങ്ങൾക്ക് പൂരിപ്പിച്ച് സമർപ്പിക്കാം.

ഞങ്ങളുടെ റിക്രൂട്ട്‌മെന്‍റ് പ്രക്രിയയിൽ നീതിയും കൃത്യതയും സ്ഥിരതയും നിലനിർത്തുന്നതിന് ഈ വഴി മാത്രം ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ ജോലിക്ക് അപേക്ഷിക്കുക.”

കേരള പോലീസ് സൈബര്‍ സെല്ലിലെ ഓഫീസറുമായി ഇത്തരം തൊഴില്‍ തട്ടിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്തപ്പോള്‍ അദ്ദേഹം അഭിപ്രായപ്പെട്ടത് ഇങ്ങനെ: “സാമൂഹ്യ മാധ്യമങ്ങള്‍ കൂടുതലായി ഇപയോഗിക്കുന്ന അഭ്യസ്തവിദ്യരില്‍ പലര്‍ക്കും ഇപ്പോള്‍ വ്യാജ തൊഴില്‍ അവസരങ്ങള്‍ കണ്ടാല്‍ തിരിച്ചറിയാനാകും. എന്നിരുന്നാലും, ഇത്തരം തട്ടിപ്പില്‍ വീഴുന്ന ആളുകളുടെ എണ്ണം ഗണ്യമായി കൂടുന്നുണ്ട്. ജോലി അന്വേഷിക്കുന്നവർക്ക് പോലീസ് ഉള്‍പ്പെടെയുള്ള സൈബര്‍ സുരക്ഷാ ഏജന്‍സികള്‍ എത്ര മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം കുറയുന്നില്ല. വളരെ സമര്‍ത്ഥമായി ഡിജിറ്റല്‍ സാങ്കേതികത ദുരുപയോഗം ചെയ്താണ് തട്ടിപ്പുകാര്‍ ഇരകളെ സമര്‍ത്ഥമായി കബളിപ്പിക്കുന്നത്. ഇതിനായി അവര്‍ പ്രമുഖ കമ്പനികളുടെയും ബ്രാന്‍റുകളുടെയും പേരുകള്‍ കടമെടുക്കുന്നു. അതിനാല്‍ വളരെ സൂക്ഷിച്ചു മാത്രമേ ബ്രാന്‍റുകളുടെയും കമ്പനികളുടെയും പേരില്‍ തൊഴില്‍ അവസരവുമായി വരുന്ന സന്ദേശങ്ങളോട് പ്രതികരിക്കാവൂ.”

പ്രമുഖ ബ്രാന്‍റുകളുടെ പേരിലും സര്‍ക്കാര്‍ വകുപ്പുകളുടെ പേരിലും നിരവധി ജോലി തട്ടിപ്പുകളാണ് ഇരകളെ തേടുന്നത്. സൈനിക സേനകളിലും റെയിൽ, റോഡുകളിലും വാഗ്‌ദാനം ചെയ്യുന്ന സ്ഥാനങ്ങൾ മുതൽ വിപ്രോ, ഇൻഫോസിസ്, ടെക് മഹീന്ദ്ര, ടിസിഎസ് തുടങ്ങിയ പ്രമുഖ ഐടി കമ്പനികളിലേയ്ക്ക് വരെ റാക്കറ്റർമാർ നിങ്ങള്‍ക്ക് ഓഫറുകള്‍ തന്നേക്കും.

തൊഴില്‍ അവസര തട്ടിപ്പ് കണ്ടെത്തുന്നതിനുള്ള ഉത്തരവാദിത്തം പ്രധാനമായും സന്ദേശം ലഭിക്കുന്ന വ്യക്തിക്ക് തന്നെയാണ്. പണമോ അല്ലെങ്കില്‍ വ്യക്തിഗത ഡാറ്റ ശേഖരണമോ ആണ് തട്ടിപ്പ് സംഘങ്ങളുടെ ഉദ്ദേശം. പ്രമുഖ ബ്രാന്‍റുകള്‍ തൊഴില്‍ പരസ്യങ്ങള്‍ നല്‍കുന്നത് അവരുടെ ഔദ്യോഗിക വെബ്സൈറ്റുകള്‍ വഴി ആയിരിക്കും. കൂടാതെ മുഖ്യധാരാ മാധ്യമങ്ങളില്‍ പരസ്യങ്ങള്‍ നല്‍കി പ്രമുഖ ബ്രാന്‍റുകളും സര്‍ക്കാര്‍ ഏജന്‍സികളും തൊഴിലവസരങ്ങള്‍ പ്രസിദ്ധപ്പെടുത്താറുണ്ട്. ഇങ്ങനെ നല്‍കുന്ന പരസ്യങ്ങളില്‍ കമ്പനിയുടെ അഡ്രസ്സ്, കോണ്ടാക്ട് നമ്പര്‍, ഔദ്യോഗിക വെബ്സൈറ്റ് തുടങ്ങിയ കാര്യങ്ങള്‍ ഉണ്ടായിരിക്കും. വന്‍കിട ബ്രാന്‍റുകളും സര്‍ക്കാര്‍ ഏജന്‍സികളും എസ്‌എം‌എസ് വഴിയോ അല്ലെങ്കില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇമെയില്‍ അയച്ചോ തൊഴില്‍ അവസരങ്ങള്‍ നല്‍കില്ല. പരീക്ഷ, ഇന്‍റര്‍വ്യൂ തുടങ്ങിയ മാനദണ്ഡങ്ങളിലൂടെ കൃത്യമായ നിര്‍ണ്ണയം നടത്തിയാണ് അവര്‍ ഉദ്യോഗാര്‍ത്ഥികളെ തെരെഞ്ഞെടുക്കുന്നത്. കൂടാതെ പണം ആവശ്യപ്പെടുകയില്ല.

ഒരു തൊഴിൽ അവസരത്തെക്കുറിച്ച് ഒരു ഏജന്‍റ് ബന്ധപ്പെടുകയാണെങ്കില്‍ കമ്പനിയുടെ ലോഗോ, കോൺടാക്റ്റ് വിവരങ്ങൾ, ഔദ്യോഗിക വെബ്സൈറ്റ് എന്നിവ അടങ്ങുന്ന ഒരു ഇമെയിൽ നൽകാൻ അഭ്യർത്ഥിക്കുക. വ്യാജ സന്ദേശമാണെന്ന് ബോധ്യപ്പെട്ടാല്‍ അവർ അഫിലിയേറ്റ് ചെയ്തതായി അവകാശപ്പെടുന്ന പ്ലാറ്റ്‌ഫോമിലേക്ക് കഴിയുമെങ്കില്‍ റിപ്പോർട്ട് ചെയ്യുക.

ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000 (ഐടി ആക്റ്റ്)(archived link), കൂടാതെ, ഇന്ത്യൻ പീനൽ കോഡ്1860 (archived link) എന്നിവ പൗരന്മാരെ സംരക്ഷിക്കുന്നതിനും സൈബർ തട്ടിപ്പുകാരെ തടയുന്നതിനുമായി നിലവിലുണ്ട്. തട്ടിപ്പുകാര്‍ പണമോ വ്യക്തിഗത വിവരങ്ങളോ കൈക്കലാക്കിയെന്ന് സംശയം തോന്നിയാല്‍ പോലീസില്‍ പരാതിപ്പെടണം. തട്ടിപ്പിന് ഇരയായ വ്യക്തിക്ക് സൈബർ സെല്ലിൽ പരാതി രജിസ്റ്റർ ചെയ്യാനാകും. സൈബര്‍ തട്ടിപ്പ് പരാതി നൽകാൻ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ ഉപയോഗിക്കാം.

നിഗമനം

ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ തൊഴില്‍ അവസരങ്ങള്‍ എന്ന പേരില്‍ വരുന്നത് തട്ടിപ്പ് സന്ദേശങ്ങളാണ്. ഇന്‍ഡിഗോ കമ്പനി ഇങ്ങനെ എസ്‌എം‌എസ് ആയി തൊഴില്‍ അവസരങ്ങള്‍ പരസ്യപ്പെടുത്തുന്നില്ല. ഇതിലേയ്ക്ക് ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. ഇത്തരം തട്ടിപ്പ് സന്ദേശങ്ങളില്‍ വീഴാതിരിക്കുക. തട്ടിപ്പിന് ഇരയായാല്‍ എത്രയും പെട്ടെന്ന് പൊലീസിന്‍റെ സഹായം തേടുക.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ ‘എയര്‍ ടിക്കറ്റ് ചെക്കിംഗ്’ ജോലി... തട്ടിപ്പുകാരുടെ കെണിയാണ്... തല വെച്ച് കൊടുക്കല്ലേ...

Written By: Vasuki S

Result: False