അഫെലിയോണ്‍ പ്രതിഭാസം മൂലം തണുപ്പു കൂടി ചുമയും ജലദോഷവും ഉണ്ടാകുമെന്ന സന്ദേശം തെറ്റാണ്, പരിഭ്രമിക്കേണ്ടതില്ല…

False ദേശീയം | National സാമൂഹികം

കാലാവസ്ഥയുമായി ബന്ധപ്പെട്ട് ഒരു വ്യാജ സന്ദേശം വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

“നാളെ മുതൽ ഓഗസ്റ്റ് 22 വരെ, കഴിഞ്ഞ വർഷത്തേക്കാൾ തണുപ്പുള്ള കാലാവസ്ഥയായിരിക്കും. ഇതിനെ ആൽപീലിയൻ ഇവന്റ് എന്ന് വിളിക്കുന്നു. നാളെ രാവിലെ 5-27 ന് ഇത് ആരംഭിക്കും.
ആൽപീലിയൻ ഇവന്റിന്റെ ഫലങ്ങൾ നമുക്ക് കാണാൻ കഴിയും മാത്രമല്ല, അത് അനുഭവിക്കാനും കഴിയും. ഇത് ഓഗസ്റ്റ് 22-25 ന് അവസാനിക്കും.

ഈ കാലയളവിൽ, മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം ജലദോഷം നമുക്ക് അനുഭവപ്പെടാം. ഇത് നമ്മുടെ ശരീരത്തിൽ വേദനയും തൊണ്ടവേദനയും പനിയും ചുമയും ശ്വസിക്കാൻ ബുദ്ധിമുട്ടും ഉണ്ടാക്കുന്നു. അതിനാൽ, വിറ്റാമിനുകളും മറ്റ് ആരോഗ്യകരമായ ഭക്ഷണ ഉൽപ്പന്നങ്ങളും ഉപയോഗിച്ച് നമ്മുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നത് നല്ലതാണ്.


സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരം 90,000,000 കിലോമീറ്ററാണ്.
എന്നാൽ ഈ ആൽപീലിയൻ ഇവന്റിൽ, രണ്ടും തമ്മിലുള്ള ദൂരം 152,000,000 കിലോമീറ്ററായി വർദ്ധിക്കും. അതായത്, 66% വർദ്ധനവ്.
ഇത് കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, പ്രിയപ്പെട്ടവർ എന്നിവരുമായി പങ്കിടുക” എന്ന സന്ദേശമാണ് പ്രചരിക്കുന്നത്. 

FB postarchived link

എന്നാല്‍ ഈ സന്ദേശം വാസ്തവ വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ് എന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

അഫലിയോണ്‍ എന്ന പ്രതിഭാസത്തെ കുറിച്ചാണ്  സന്ദേശത്തില്‍ പറയുന്നത് എന്നാണ് മനസിലാക്കുന്നത്. മലയാളത്തില്‍ പ്രചരിക്കുന്ന  സന്ദേശത്തില്‍ ‘ആല്‍പീലിയന്‍’ എന്നാണ് കൊടുത്തിട്ടുള്ളത്.  ഇതേ സന്ദേശത്തിന്‍റെ  ഇംഗ്ലീഷും പ്രചരിക്കുന്നുണ്ട്. അതില്‍ APHELION PHENOMENON എന്നാണ് പറയുന്നത്.

അഫലിയോണ്‍, പെരിലിയോണ്‍ പ്രതിഭാസങ്ങളുണ്ടാകുമ്പോള്‍ ഇത്തരത്തില്‍ പ്രചരണം എല്ലാ വര്‍ഷവും പതിവാണ്. ഞങ്ങളുടെ ക്ലൈമറ്റ് ഫാക്റ്റ് ചെക്ക് ടീം പ്രചരണത്തെ കുറിച്ച് 2023 ജനുവരിയില്‍ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. 

എന്താണ് അഫലിയോണ്‍?

ഭൂമിയില്‍ നിന്ന് സൂര്യന്‍ ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന ദിവസത്തെയാണ് അഫലിയോണ്‍ ദിനം എന്ന് പറയുന്നത്. ഭൂമി സൂര്യനെ വൃത്താകൃതിയിലല്ല പരിക്രമണം ചെയ്യുന്നതെന്നും ദീര്‍ഘവൃത്താകൃതിയിലാണെന്നും കണ്ടെത്തിയത് 17ആം നൂറ്റാണ്ടിലെ ജര്‍മന്‍ ആസ്‌ട്രോണമര്‍ ആയ Johannes Kepler ആണ്. ഭൂമി സൂര്യനില്‍ നിന്ന് ഏറ്റവും അകലുന്ന സമയത്തെ അഫലിയോണ്‍ എന്നും ഏറ്റവും അടുത്തു വരുന്നതിനെ പെരി ഹീലിയോണ്‍ എന്നും വിളിക്കുന്നു.

എല്ലാ വര്‍ഷവും ഭൂമി സൂര്യനെ പരിക്രമണം ചെയ്യുമ്പോള്‍ ഈ പ്രതിഭാസം സംഭവിക്കുന്നു. പുരാതന ഗ്രീക്ക് ഭാഷയിലെ അഫ് (അകലെ) പെരി ( അടുത്ത് ) എന്നര്‍ത്ഥമുള്ളതാണ് അഫലിയോണ്‍ എന്നാ പദം. സൂര്യന്‍ അടുത്തും അകലെയും എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ജൂണിലെ അയനം കഴിഞ്ഞ് രണ്ടാഴ്ചക്ക് ശേഷമാണ് അഫലിയോണ്‍ ഉണ്ടാകുന്നത്.

അഫെലിയനെക്കുറിച്ച് തെറ്റായ സന്ദേശം പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ എറണാകുളം മഹാരാജാസ് കോളേജിലെ റിട്ടയേർഡ് പ്രൊഫസറും ബഹിരാകാശ ശാസ്ത്ര തല്പരനുമായ ഡോ. എൻ.ഷാജി ലേഖനം എഴുതിയിരുന്നു. 

“ജ്യോതിശാസ്ത്രം പഠിച്ചവർക്ക് അഫെലിയോൺ എന്ന വാക്ക് പരിചിതമാണ്. ഭൂമി ഉൾപ്പെടെയുള്ള സൗരയൂഥത്തിലെ ഗ്രഹങ്ങൾ സൂര്യനുചുറ്റും ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥങ്ങളിലാണ് സഞ്ചരിക്കുന്നതെന്ന് പതിനേഴാം നൂറ്റാണ്ടിൽ ജോഹന്നാസ് കെപ്ലർ കണ്ടെത്തി. ആ ഭ്രമണപഥത്തിൽ സൂര്യനോട് ഏറ്റവും അടുത്തുള്ള ബിന്ദുവിനെ പെരിഹെലിയോൺ എന്നും ഏറ്റവും അകലെയുള്ള ബിന്ദുവിനെ അപ്പെലിയോൺ എന്നും വിളിക്കുന്നു. ഭൂമിയുടെ കാര്യത്തിൽ ഈ ദീർഘവൃത്തം ഭ്രമണപഥത്തിൽ നിന്ന് വലിയ വ്യത്യാസമില്ല.

ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ശരാശരി ദൂരം ഏകദേശം 152 ദശലക്ഷം കിലോമീറ്ററാണ്. പ്രകാശം ഏകദേശം 500 സെക്കൻഡിനുള്ളിൽ (ഏകദേശം 8 മിനിറ്റ്) സഞ്ചരിക്കുന്ന ദൂരം. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ, 149.6 ദശലക്ഷം കിലോമീറ്റർ. പെരിഹെലിയോൺ ദൂരം ഏകദേശം 147 ദശലക്ഷം കിലോമീറ്ററും അഫെലിയോൺ ദൂരം 152 ദശലക്ഷം കിലോമീറ്ററുമാണ്. അതായത് ഏകദേശം 1.7 ശതമാനം വ്യത്യാസം ഉണ്ടാകും. ഇക്കാരണത്താൽ, ഭൂമിയിൽ വേനൽക്കാലവും മഞ്ഞും മാറിമാറി വരുന്നതായി നമ്മൾ കരുതുന്നുവെങ്കിൽ, നമ്മൾ തെറ്റാണ്. കാരണം വ്യത്യസ്തമാണ്. ഋതുക്കൾ മാറുന്നതിനുള്ള കാരണം ഭൂമിയുടെ പരിക്രമണ തലത്തിനും ഭൂമധ്യരേഖാ തലം. ഇതിനെ ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവ് എന്നും വിളിക്കുന്നു.

A diagram of the sun

AI-generated content may be incorrect.

ഡിസംബറിലെ അയനം കഴിഞ്ഞ് രണ്ടാഴ്ചക്ക് ശേഷം പെരി ഹീലിയോന്‍ ഉണ്ടാകുന്നു. 2023 ല്‍ അഫലിയോണ്‍ ജൂലൈ 7 ന് ഉച്ചയ്ക്ക് 1.30 നാണ് സംഭവിച്ചത്. 2024 ല്‍ ഇത് ജൂലൈ 5 ന് രാവിലെ 10:36 നായിരുന്നു. 2025 ല്‍ അഫലിയോണ്‍ നടന്നത് ജൂലൈ മൂന്നിന് വൈകിട്ട് 3.54 നായിരുന്നു. സന്ദേശത്തില്‍ പറയുന്നതുപോലെ ഓഗസ്റ്റിലല്ല.

പെരിഹെലിയന്‍, അഫലിയോണ്‍ തിയതികള്‍ക്ക് എല്ലാ വര്‍ഷവും മാറ്റം വരാറുണ്ട്. എന്നാല്‍ എപ്പോഴും പെരി ഹീലിയോന്‍ ജനുവരിയിലും അഫലിയോണ്‍ ജൂലൈയിലും ആണ് സംഭവിക്കുക. അഫലിയോണ്‍ ഭൂമിയിലെ കാലാവസ്ഥയെ സ്വാധീനിക്കുന്നില്ല.

ജൂലൈ 2 മുതല്‍ ജൂലൈ 7 വരെയാണ് 2025 ല്‍ അഫലിയോണ്‍ നടന്നത്. ആ സമയം സൂര്യന്‍ ഭൂമിയില്‍ നിന്ന് 15.2 കോടി കിലോമീറ്റര്‍ അകലെയായിരുന്നു. 2025 ലെ പെരി ഹെലിയോണ്‍ നടന്നത് ജനുവരി 4 നായിരുന്നു.

സൂര്യനും ഭൂമിയുമായുള്ള അകലം  

ഭൂമിയില്‍ നിന്നും സൂര്യനിലേക്കുള്ള ശരാശരി ദൂരം ഏകദേശം 15 കോടി കിലോമീറ്റര്‍ ആണ്. പ്രകാശം ഏതാണ്ട് ഏതാണ്ട് 8 മിനിട്ട് സഞ്ചരിക്കുന്ന ദൂരം. (പ്രകാശ വര്‍ഷം പോലെ) ഇതിനെ ഒരു ആസ്‌ട്രോണമിക്കല്‍ യൂണിറ്റ് (AU) എന്നു പറയുന്നു. ദൂരത്തിന് കിലോമീറ്റര്‍ എന്നു പറയുന്നതു പോലെ ഈ യൂനിറ്റ് അടിസ്ഥാനമാക്കിയാണ് വിവിധ ഗ്രഹങ്ങള്‍ തമ്മിലുള്ള അകലം പറയുന്നത്.  

ഭൂമിയില്‍ നിന്ന് സൂര്യനിലേക്കുള്ള ദൂരം കൃത്യമായി പറഞ്ഞാല്‍ 14 കോടി 96 ലക്ഷം കിലോമീറ്റര്‍. പെരിഹീലിയന്‍ ദൂരം ഏകദേശം 14.7 കോടി കിലോമീറ്ററും അഫീലിയന്‍ ദൂരം 15.2 കോടി കിലോമീറ്ററുമാണ്. അതായത് ഏതാണ്ട് 1.7 ശതമാനം വ്യത്യാസം ഉണ്ടാകും.

ഭൂമിയില്‍ വേനലും മഞ്ഞും മാറി മാറി വരുന്നതും ഈ പ്രതിഭാസങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ല. ഋതുക്കള്‍ മാറി വരുന്നതിനു കാരണം ഭൂമിയുടെ ഭ്രമണപഥതലവും ഭൂമധ്യരേഖാതലവും തമ്മിലുള്ള 23.5 ഡിഗ്രിയുടെ ചരിവാണ്. 

ഉത്തരായനം-ദക്ഷിണായനം വരൂന്നതും ഇങ്ങനെയാണ്. ജൂണ്‍ – ഓഗസ്റ്റ് മാസത്തില്‍ ഉത്തരാര്‍ധ ഗോളത്തില്‍ പൊതുവെ വേനല്‍ക്കാലമാണ്. ദക്ഷിണാര്‍ധ ഗോളത്തില്‍ ഇതു തണുപ്പുകാലമാണ്. അക്കാലത്ത് വടക്കന്‍ പ്രദേശത്താണ് തെക്കിനെ അപേക്ഷിച്ച് കൂടുതല്‍ സൂര്യതാപം വീഴുക. ഡിസംബര്‍ – ഫെബ്രുവരി കാലത്ത് ഇതു തിരിച്ചാകും. അതായത് ദക്ഷിണാര്‍ധ ഗോളത്തില്‍ വേനല്‍ക്കാലവും ഉത്തരാര്‍ധ ഗോളത്തില്‍ തണുപ്പുകാലവും ആയിരിക്കും.

കാലാവസ്ഥയെ ബാധിക്കില്ല

പെരിഹെലിയോൺ, അഫെലിയോൺ എന്നിവ രണ്ടും വർഷത്തിലൊരിക്കൽ സംഭവിക്കുന്നതിനാല്‍ ഇതില്‍ അസാധാരണമായി ഒന്നുമില്ല. അതിനാൽ ദക്ഷിണാർദ്ധഗോളത്തിൽ ശൈത്യകാലത്ത് “മുമ്പത്തെ തണുപ്പിനേക്കാൾ കൂടുതല്‍ തണുപ്പ്” അനുഭവപ്പെടില്ല. 

കാലാവസ്ഥാ രീതികൾ വളരെ സങ്കീർണ്ണമാണ്, കൂടാതെ പല കാര്യങ്ങളും കാലാവസ്ഥാ വ്യതിയാനത്തെ സ്വാധീനിക്കുന്നു. “ഭൂമിയുടെ കാലാവസ്ഥാ വ്യതിയാനം അഫെലിയോണിനേക്കാൾ വളരെ വലിയ പങ്ക് വഹിക്കുന്നു” എന്ന് പ്രസ്താവിക്കുന്ന ഒരു ലേഖനം കാലാവസ്ഥാ പ്രവചിക്കുന്ന  അക്യു വെതർ 2015 ൽ പ്രസിദ്ധീകരിച്ചു. മറ്റ് ഗ്രഹങ്ങളിൽ ഇത് വ്യത്യാസപ്പെട്ടിരിക്കാമെന്ന് അക്യു വെതർ കൂട്ടിച്ചേർക്കുന്നു: “ചൊവ്വ ഉപസൗരത്തിലായിരിക്കുമ്പോൾ, ഗ്രഹം കൂടുതൽ ചൂടാകുന്നു, തത്ഫലമായുണ്ടാകുന്ന പൊടിക്കാറ്റുകൾ കൂടുതൽ കാലം നിലനിൽക്കും.”

നിഗമനം 

അഫീലിയോൺ പ്രതിഭാസം കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകില്ല. കാലാവസ്ഥ കൂടുതൽ തണുപ്പാകുമെന്നും ശ്വസന പ്രശ്നങ്ങൾ വർദ്ധിക്കുമെന്നുമുള്ള സന്ദേശം പൂര്‍ണ്ണമായും വസ്തുതാ രഹിതമാണ്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:അഫെലിയോണ്‍ പ്രതിഭാസം മൂലം തണുപ്പു കൂടി ചുമയും ജലദോഷവും ഉണ്ടാകുമെന്ന സന്ദേശം തെറ്റാണ്, പരിഭ്രമിക്കേണ്ടതില്ല…

Fact Check By: Vasuki S 

Result: False

Leave a Reply