
ലോകത്തിലെ ലിഖിത ഭരണഘടനകളിൽ വെച്ച് ഏറ്റവും വലുതാണ് ഇന്ത്യയുടെ ഭരണഘടന എന്ന് നാം പഠിച്ചിട്ടുണ്ട്. അടിസ്ഥാന രാഷ്ട്രീയ തത്ത്വങ്ങളുടെ നിർവ്വചനം, ഗവൺമെന്‍റ് സംവിധാനത്തിന്‍റെ ഘടന, അധികാരങ്ങൾ, നടപടിക്രമങ്ങൾ, കർത്തവ്യങ്ങൾ, മൗലികാവകാശങ്ങൾ, ഭരണത്തിനുള്ള നിർദേശ-തത്ത്വങ്ങൾ മുതലായവ ഭരണഘടന മുന്നോട്ടുവയ്ക്കുന്നു. 1950 ഇന്ത്യ റിപ്പബ്ലിക് ആയ ജനുവരി 26നാണ് ഭരണഘടന പ്രാബല്യത്തിൽ വന്നത്. ഭരണഘടന പ്രകാരമാണ് ഇന്ത്യയിൽ ഓരോ സംസ്ഥാനങ്ങളും അതുപോലെ കേന്ദ്രവും ഭരണം മുന്നോട്ടു കൊണ്ടുപോകുന്നത്. പഴയ ഭരണഘടന കേന്ദ്രസർക്കാർ ഉപേക്ഷിക്കുകയാണെന്നും പുതിയ ഭരണഘടനയ്ക്ക് രൂപം നൽകി എന്നും അവകാശപ്പെട്ട ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.
പ്രചരണം
ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ പൊതുസമൂഹത്തെ അറിയിക്കാതെയാണ് ഭരണഘടനയിൽ ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും ചിത്രങ്ങൾ ചേർത്തതെന്ന് കാൻഷിറാം ബഹുജൻ സമാജ് പാർട്ടിയുടെ സ്ഥാപകനും ദേശീയ സെക്രട്ടറിയുമായ അക്ഷയ്വർ നാഥ് കനൗജിയ പ്രസ്താവിക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. വീഡിയോയുടെ ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “സംഘ് പരിവാർ ഇന്ത്യയുടെ പുതിയ ഭരണഘടന തയ്യാറായിക്കഴിഞ്ഞു,
2024ൽ ബിജെപി സർക്കാർ രൂപീകരിച്ചാൽ ബാബാസാഹേബ് ഡോ. അംബേദ്കർ ഉണ്ടാക്കിയ ഭരണഘടന ഇല്ലാതാക്കി പുതിയ ഭരണഘടന നടപ്പാക്കും.
പുതിയ ഭരണഘടന വീഡിയോയിൽ കാണാം.
നിങ്ങളുടെ സഹപ്രവർത്തകരെയും ബന്ധുക്കളെയും നിങ്ങളുടെ പ്രദേശത്തെയും നാട്ടിലെയും ആളുകളെയും ബോധ്യപ്പെടുത്തുകയും നിങ്ങളുടെ ഓരോ വോട്ടും ഭരണഘടനാ വിരുദ്ധ പാർട്ടിയായ ബിജെപിക്കെതിരെ ഉപയോഗിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.
ജാഗ്രതൈ”
2024ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും അധികാരത്തിൽ വരുമെന്നും ഈ കൂട്ടിച്ചേർക്കലുകൾ ശാശ്വതമാക്കാമെന്നും കനൗജിയ ആരോപിക്കുന്നു. ഇത്തരം കൂട്ടിച്ചേർക്കലുകൾ ഭരണഘടനയിലേക്ക് ഉള്‍പ്പെടുത്തില്ലെന്ന് ഉറപ്പാക്കുകയാണ് കെബിഎസ്പിയുടെ ലക്ഷ്യമെന്നും കനൗജിയ പറയുന്നു. പൊതുതെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ മാറ്റിനിർത്തിയാൽ മാത്രമേ അത് സാധ്യമാകൂ. ഭരണഘടനയുടെ പകർപ്പ് സ്വയം പരിശോധിക്കാൻ കെബിഎസ്പി ദേശീയ അധ്യക്ഷ സാവിത്രി ബായ് ഫൂലെ കനൗജിയയുടെ അരികിലിരുന്ന് ജനങ്ങളോട് അഭ്യർത്ഥിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
പൂർണമായും തെറ്റായ പ്രചരണം ആണിതെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി. യഥാര്‍ത്ഥ ഭരണഘടനയുടെ കൈയ്യെഴുത്ത് പ്രതിയിലെ പേജുകളാണ് കനൌജിയ ഉയര്‍ത്തിക്കാട്ടുന്നത്. 2020 ലെ പഴയ വീഡിയോ ആണിത്.
വസ്തുത ഇതാണ്
ഭരണഘടനയുടെ താളുകളില്‍ ഹിന്ദു ദൈവങ്ങളെയും ദേവതകളെയും പതിപ്പിച്ചിട്ടുണ്ടോ?
അടുത്തിടെ ചേർത്തതായി കനൗജിയ അവകാശപ്പെടുന്ന ചിത്രങ്ങൾ ഭരണഘടനയുടെ ആദ്യ പകർപ്പിൽ തന്നെ ഉണ്ടായിരുന്നു എന്നതാണ് വസ്തുത. പ്രശസ്ത കലാകാരന്മാരായ നന്ദലാൽ ബോസാണ് ഭരണഘടനയിലെ കലാസൃഷ്ടികൾ രൂപകൽപ്പന ചെയ്തത്. 2020 ഫെബ്രുവരി 4-ന് രാജ്യസഭയിൽ നടത്തിയ പ്രസംഗത്തിനിടെ, ബി.ജെ.പി നേതാവ് സുധാൻഷു ത്രിവേദി ഇന്ത്യൻ ഭരണഘടനയുടെ യഥാർത്ഥ കയ്യെഴുത്ത് പ്രതിയുടെ ഒരു പകർപ്പ് കാണിച്ചു. മൗലികാവകാശങ്ങൾ പരാമർശിച്ചിരിക്കുന്ന പേജിൽ ശ്രീരാമന്‍റെ ചിത്രങ്ങളുണ്ടെന്ന് അദ്ദേഹം പറയുന്നുണ്ട്.
ഭരണഘടനയില്‍ പൗരത്വത്തിനെ പരാമര്‍ശിക്കുന്ന പേജില്‍ ‘ഇന്ത്യയുടെ വൈദിക ജീവിതം’, മൗലികാവകാശങ്ങൾക്കായുള്ള ഭാഗത്ത് ‘ഭഗവാൻ ശ്രീരാമന്‍ ശ്രീലങ്കയിൽ നിന്ന് അയോധ്യയിലേക്ക് മടങ്ങുന്ന മാതാ സീതയും ലക്ഷ്മണനും’, ‘ഭഗവാൻ കൃഷ്ണൻ മഹാഭാരതത്തിൽ ഗീത പഠിപ്പിക്കുന്നു’ 2017-ൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്‍റെ പ്രസംഗത്തില്‍ നിന്നുള്ള ഭാഗമാണിത്.
സംസ്ഥാന നയത്തിന്‍റെ നിർദ്ദേശക തത്വങ്ങളും ധനം, സ്വത്ത്, കരാർ, സ്യൂട്ട് എന്നിവയ്ക്കുള്ള ‘ഭഗവാൻ നടരാജും’ ഭരണഘടനയുടെ യഥാർത്ഥ പകർപ്പിൽ ഉണ്ടായിരുന്നു. “ഇന്ന് ഭരണഘടന പുനർനിർമ്മിക്കണമെങ്കിൽ, ഭരണഘടനാ അസംബ്ലി അതേ രേഖാചിത്രങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ, ഇന്ത്യ വർഗീയമാകുകയാണെന്ന് സൂചിപ്പിക്കുന്ന ഒരു മുറവിളി ഉയരും! നമ്മുടെ പൈതൃകത്തെ തുരങ്കം വയ്ക്കുന്ന തലമാണിത്” അദ്ദേഹം കൂട്ടിച്ചേർത്തു,

വാര്‍ത്ത വായിക്കാന്‍: timesofindia | archived link
ഭരണഘടനയുടെ ഒറിജിനൽ കയ്യെഴുത്തുപ്രതിയിൽ ബുദ്ധൻ, റാണി ലക്ഷ്മി ബായി, ഗുരു ഗോബിന്ദ് സിംഗ്, നേതാജി സുഭാഷ് ചന്ദ്രബോസ്, മഹാത്മാഗാന്ധി, അക്ബർ, ടിപ്പു സുൽത്താൻ തുടങ്ങിയവരുടെയും മറ്റു പലരുടെയും ചിത്രങ്ങളുള്ള ഭാഗം പരാമർശിക്കാതെ കനോജിയ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്.
ഭരണഘടനയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിച്ചതിന് കനൗജിയയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിപ്പേര്‍ ഇതേ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ച് യുപി പോലീസിനെ ടാഗ് ചെയ്തു. ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ഇൻഫർമേഷൻ കൺസൾട്ടന്‍റായ ശലഭ് മണി ത്രിപാഠിയും യുപി പോലീസിനെ ടാഗ് ചെയ്യുകയും കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
അന്വേഷണത്തിനും ആവശ്യമായ നടപടി സ്വീകരിക്കുന്നതിനുമായി ബന്ധപ്പെട്ട വകുപ്പിന് വീഡിയോ കൈമാറിയതായി ലഖ്‌നൗ പോലീസ് മറുപടി നൽകി.
നിഗമനം
വീഡിയോയിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. ദൃശ്യങ്ങളില്‍ പുതിയ ഭരണഘടന എന്ന് പരാമര്‍ശിച്ചുകൊണ്ട് കാണിക്കുന്നത് ഇന്ത്യയുടെ യഥാര്‍ത്ഥ ഭരണഘടന തന്നെയാണ്. ഭരണഘടനയുടെ കൈയ്യെഴുത്ത് പ്രതിയില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്. ബിജെപി സര്‍ക്കാര്‍ പുതിയ ഭരണഘടനയ്ക്ക് രൂപം നല്‍കുകയും അത് പ്രാബല്യത്തില്‍ വരുത്താന്‍ തീരുമാനിക്കുകയും ചെയ്യുന്നുവെന്നത് അടിസ്ഥാന രഹിതമായ വാര്‍ത്തയാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Title:സംഘപരിവാര്‍ ഇന്ത്യയുടെ പഴയ ഭരണഘടന മാറ്റി പുതിയത് പ്രാബല്യത്തിലാക്കുന്നു… വ്യാജ പ്രചരണത്തിന്‍റെ സത്യമിതാണ്…
Written By: Vasuki SResult: False
