
വിവരണം
ബിനീഷ് കോടിയേരിക്ക് എതിരെ ആഞ്ഞടിച്ച് പി.കെ.കുഞ്ഞാലിക്കുട്ടി എന്ന തലക്കെട്ട് നല്‍കിയൊരു പോസ്റ്റ് 2019 ജൂണ്‍ 18 മുതല്‍ കൊണ്ടോട്ടി പച്ചപട എന്ന പേരിലുള്ള ഒരു പേജില്‍ പ്രചരിക്കുന്നുണ്ട്. കുഞ്ഞാലക്കുട്ടി ബിനീഷ് കോടിയേരിക്കെതിരെ പ്രസ്‌വാന നടത്തി എന്ന തരത്തിലാണ് പോസ്റ്റിലെ ചിത്രത്തില്‍ വാചകങ്ങള്‍ ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ അശ്ലീല ഭാഷയിലാണ് വാചകങ്ങള്‍. പോസ്റ്റിന് ഇതുവരെ 254ല്‍ അധികം ഷെയറുകളും 200ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.
ഫെയ്‌സ്ബുക്ക് പോസ്റ്റ് ചുവടെ ചേര്‍ക്കുന്നു-
എന്നാല്‍ ഏത് സാഹചര്യത്തിന്‍റെ അടിസ്ഥാനത്തിലാണ് ബിനീഷ് കോടിയേരിക്കെതിരെ കുഞ്ഞാലക്കുട്ടി പ്രതികരിച്ചു എന്ന പേരില്‍ പോസ്റ്റ് പ്രചരിപ്പിക്കുന്നത്? ഇത്തരത്തിലൊരു പ്രസ്‌താവന കുഞ്ഞാലിക്കുട്ടി നടത്തിയോ? എന്താണ് വസ്‌തുത എന്നത് പരിശോധിക്കാം.
വസ്‌തുത വിശകലനം
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ആരോപണത്തിന്‍റെ അടിസ്ഥാനത്തിലാണ് കൊണ്ടോട്ടി പച്ചപ്പട എന്ന പേജ് ഇത്തരമൊരു പോസ്റ്റ് പങ്കുവച്ചിരിക്കുന്നതെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും മനസിലായി. എന്നാല്‍ ബിനോയ് കോടിയേരിക്ക് പകരം കോടിയേരിയുടെ രണ്ടാമത്തെ മകന്‍ ബിനീഷ് കോടിയേരിയുടെ പേരാണ് പോസ്റ്റില്‍ പ്രതിപാദിച്ചിരിക്കുന്നത്. പീഡന പരാതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത് ബിനോയ് കോടിയേരിയാണെന്ന് മാധ്യമ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാണ്.
മുസ്‌ലിലീഗ് നേതാവും എംപിയുമായി പി.കെ.കുഞ്ഞാലിക്കുട്ടി ബിനോയ് കോടിയേരിക്കെതിരായി പീഡന പരാതിയില്‍ പ്രതകരിക്കുകയോ മറ്റു പ്രസ്‌താവനകള്‍ നടത്തുകയോ ചെയ്‌തിട്ടില്ലെന്നും ഞങ്ങള്‍ അന്വേഷിച്ചതില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. മാത്രമല്ല കുഞ്ഞാലിക്കുട്ടി വിഷയത്തില്‍ ഏതെങ്കിലും തരത്തില്‍ പ്രതകരിച്ചതായി വാര്‍ത്ത റിപ്പോര്‍ട്ടുകളുമില്ല. മാത്രമല്ല കുഞ്ഞാലിക്കുട്ടിയുടെ പേരിലുണ്ടായിരുന്ന ഐസ് ക്രീം പാര്‍ലര്‍ സ്ത്രീപീഡന കേസിലെ വിവരങ്ങളോട് ഉപമിച്ച് വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള പദപ്രയോഗങ്ങളാണ് പോസ്റ്റില്‍ നടത്തിയിരിക്കുന്നതും.
സ്ത്രീപീഡന പരാതിയില്‍ ഉള്‍പ്പെട്ട ബിനോയ് കോടിയേരിക്കെതിരെ വന്ന വാര്‍ത്ത-

നിഗമനം
നിലവില്‍ കുറ്റാരോപണങ്ങളില്‍ ഉള്‍പ്പെടാത്ത ബിനീഷ് കോടിയേരിയുടെയും മലപ്പുറം എംപിയുമായ കുഞ്ഞാലിക്കുട്ടിയുടെയും ചിത്രം ദുരുപയോഗം ചെയ്‌താണ് പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കുഞ്ഞാലിക്കുട്ടി എംപി പറയാത്ത കാര്യങ്ങള്‍ അദ്ദേഹത്തിന്‍റെ പേരില്‍ പ്രസ്താവന രൂപേണ പോസ്റ്റില്‍ വാചകമായി ചേര്‍ത്തിട്ടുമുണ്ട്. വ്യക്തിഹത്യയും വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ഇത്തരം വ്യാജപ്രചരണങ്ങള്‍ വസ്‌തുത പരിശോധിക്കാതെ പങ്കുവയ്ക്കുന്നത് നിയമാനുസൃതം കുറ്റകരമാണ്.

Title:കുഞ്ഞാലിക്കുട്ടിയുടെ പേരില്‍ ബിനീഷ് കോടിയേരിക്കെതിരെ നടത്തിയ പ്രസ്താവന എന്ന പേരില്‍ പ്രചരിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് സത്യമോ?
Fact Check By: Harishankar PrasadResult: False
