സംസ്ഥാന സര്‍ക്കാര്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സംഘടിപ്പിച്ച നവകേരള യാത്രയില്‍ മന്ത്രിമാര്‍ക്ക് യാത്ര ചെയ്യാനായി ഉപയോഗിച്ച ബസ്, ഗരുഡ പ്രീമിയം എന്ന പേരില്‍ കെ‌എസ്‌ആര്‍‌ടി‌സി ഈയിടെ കോഴിക്കോട്-ബാംഗ്ലൂര്‍ റൂട്ടില്‍ പ്രതിദിന സര്‍വീസ് ആരംഭിച്ചു. പുലര്‍ച്ചെ നാലിന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് 11.30-ന് ബെംഗളൂരുവിലെത്തും. ഉച്ചയ്ക്ക് 2.30-ന് ബെംഗളൂരുവില്‍നിന്ന് യാത്രയാരംഭിച്ച് രാത്രി 10-ന് കോഴിക്കോട്ടെത്തും. താമരശ്ശേരി, കല്പറ്റ, സുല്‍ത്താന്‍ ബത്തേരി, മൈസൂരു വഴിയാണ് സര്‍വീസ്. ബസിന്‍റെ കന്നി യാത്രയില്‍ ഡോര്‍ തകര്‍ന്നുവെന്ന് ഒരു വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പ്രചരണം

റിപ്പോര്‍ട്ടര്‍ ന്യൂസിന്‍റെ ന്യൂസ് കാര്‍ഡില്‍ നവകേരള ബസിന്‍റെ ചിത്രത്തോടൊപ്പം “നവകേരള ബസിന്റെ ആദ്യ സർവീസിൽ വാതിൽ തകർന്നു. വാതിൽ കെട്ടിവെച്ച് യാത്ര തുടരുന്നു” എന്ന വാചകങ്ങളാണ് കൊടുത്തിട്ടുള്ളത്. “നവീകരിച്ച നവകേരള ബസ്സിന്റെ കന്നിയോട്ടത്തിൽ..... ബസ്സിന്റെ വാതിൽ തകർന്നു...😜

കാരണഭൂതാ... യാത്രക്കാരെ ചതിക്കല്ലേ... 🙏”എന്ന അടിക്കുറിപ്പ് സംരംഭത്തെ പരിഹസിച്ച് നല്‍കിയിട്ടുണ്ട്.

പല മാധ്യമങ്ങളും ആദ്യം വാര്‍ത്ത (archived link) നല്‍കിയത് ഡോര്‍ തകര്‍ന്നു എന്ന തരത്തിലായിരുന്നു. വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടുകളാണ് പലരും പ്രചരണത്തിന് ഉപയോഗിക്കുന്നത്.

FB postarchived link

“കോഴിക്കോട് നിന്ന് ആദ്യ സര്‍വീസ് ആരംഭിച്ച നവകേരള ബസിന്റെ വാതിലിന് തകരാര്‍. യാത്ര തുടങ്ങി അല്‍പസമയത്തിനകം നവകേരള ബസ്സിന്റെ വാതില്‍ കേടായി. വാതില്‍ തനിയെ തുറന്നുവരികയായിരുന്നു. വാതില്‍ താല്‍ക്കാലികമായി കെട്ടിവെച്ചാണ് യാത്ര തുടരുന്നത്.”

reporterlive | FBarchived link

എന്നാല്‍ യാത്രക്കിടെ ബസിന്‍റെ ഡോര്‍ തകര്‍ന്നില്ലെന്നും തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണിതെന്നും അന്വേഷണത്തില്‍ ഫാക്റ്റ് ക്രെസന്‍ഡോ കണ്ടെത്തി.

വസ്തുത ഇതാണ്

ഞങ്ങള്‍ വാര്‍ത്തയെ കുറിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍, ഗരുഡ പ്രീമിയം കന്നി സര്‍വീസില്‍ ഡോര്‍ ഇളകിപ്പോയിയെന്ന് വ്യാജ പ്രചരണമാണ് നടത്തുന്നതെന്ന് വ്യക്തമാക്കി കെ‌എസ്‌ആര്‍‌ടി‌സിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വിശദീകരണം കൊടുത്തിരിക്കുന്നത് ലഭിച്ചു.

archived link

"ഗരുഡാ പ്രീമിയം

ആദ്യയാത്രയിൽ ഡോർ തകർന്നു"

വാർത്ത അടിസ്ഥാന രഹിതം..!

ഇന്ന് (O5.05.2024 ) രാവിലെ നാലുമണിക്ക് കോഴിക്കോട് നിന്നും ബാംഗ്ലൂരിലേക്ക് ആദ്യ യാത്ര പുറപ്പെട്ട ഗരുഡ പ്രീമിയം സർവീസ് ബസ്സിൻ്റെ ഡോറിന് യാതൊരു മെക്കാനിക്കൽ തകരാറും ഇല്ലായിരുന്നു.

ബസ്സിൻ്റെ ഡോർ എമർജൻസി സ്വിച്ച് ആരോ അബദ്ധത്തിൽ പ്രസ്സ് ചെയ്തതിനാൽ ഡോർ മാന്വൽ മോഡിൽ ആകുകയും ആയത് റീസെറ്റ് ചെയ്യാതിരുന്നതും ആണ് തകരാറ് എന്ന രീതിയിൽ പുറത്തുവന്ന വാർത്ത.

ബസ് സുൽത്താൻബത്തേരിയിൽ എത്തിയശേഷം ഡോർ എമർജൻസി സ്വിച്ച് റീസെറ്റ് ചെയ്ത് യാത്ര തടരുകയാണ് ഉണ്ടായത്. ബസ്സിന് ഇതുവരെ ഡോർ സംബദ്ധമായ യാതൊരു തകരാറും ഉണ്ടായിട്ടില്ല. പാസഞ്ചർ സേഫ്റ്റിയുടെ ഭാഗമായി അടിയന്തിര ഘട്ടത്തിൽ മാത്രം ഡോർ ഓപ്പൺ ആക്കേണ്ട സ്വിച്ച് ആരോ അബദ്ധത്തിൽ പ്രസ്സ് ചെയ്തതാണ് ഇങ്ങനെ സംഭവിക്കാൻ കാരണം.

ബസ്സിൻ്റെ തകരാർ എന്ന തരത്തിൽ പുറത്തുവരുന്ന വാർത്തകൾ തീർത്തും അടിസ്ഥാന രഹിതമാണ്.” എന്നാണ് കെ‌എസ്‌ആര്‍‌ടി‌സിയുടെ വിശദീകരണം.

കൂടുതല്‍ വ്യക്തതക്കായി ഞങ്ങള്‍ കെ‌എസ്‌ആര്‍‌ടി‌സി നോര്‍ത്ത് സോണ്‍ ജനറല്‍ മാനേജര്‍ എസ്‌എസ് സറിനുമായി സംസാരിച്ചു. അദ്ദേഹം ഫാക്റ്റ് ക്രെസന്‍ഡോ പ്രതിനിധിക്ക് നല്‍കിയ വിശദീകരണം ഇങ്ങനെ: പൂര്‍ണ്ണമായും വ്യാജ പ്രചരണമാണ് കെ‌എസ്‌ആര്‍‌ടി‌സി ഗരുഡ പ്രീമിയം ബസിന്‍റെ ആദ്യ സര്‍വീസിനെ കുറിച്ച് മാധ്യമങ്ങള്‍ നടത്തിയത്. ബസിന്‍റെ ഡോറില്‍ ഒരു യാത്രക്കാരന്‍ അറിയാതെ എമര്‍ജന്‍സി സ്വിച്ച് അമര്‍ത്തിയപ്പോള്‍ ഡോര്‍ ജാമാവുകയുണ്ടായി. തുടര്‍ന്ന് ചേര്‍ന്ന് അടയാന്‍ തടസം വന്നു. ബസ് ബത്തേരിയില്‍ എത്തിയപ്പോള്‍ സ്വിച്ച് റീസെറ്റ് ചെയ്ത് പ്രശ്നം പൂര്‍ണ്ണമായി പരിഹരിച്ച് യാത്ര തുടര്‍ന്നു. ഇതാണ് യഥാര്‍ത്ഥത്തില്‍ നടന്നത്. ഈ സംഭവം ട്വിസ്റ്റ് ചെയ്ത് വ്യാജ പ്രചരണം നടത്തുകയാണ്.”

നിഗമനം

കെ‌എസ്‌ആര്‍‌ടി‌സി ഗരുഡ പ്രീമിയം എന്ന പേരില്‍ യാത്രാ സര്‍വീസ് ആരംഭിച്ച നവകേരള ബസിന്‍റെ കന്നിയാത്രയില്‍ ബസിന്‍റെ വാതില്‍ തകര്‍ന്നു എന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണ്. കെ‌എസ്‌ആര്‍‌ടി‌സി അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:കന്നിയാത്രയില്‍ തന്നെ ഗരുഡ പ്രീമിയം ബസിന്‍റെ ഡോര്‍ തകര്‍ന്നുവെന്ന വ്യാജ പ്രചരണത്തിന്‍റെ വസ്തുത ഇതാണ്...

Written By: Vasuki S

Result: False