കോണ്‍ഗ്രസ് ഹിന്ദുകളുടെ സ്വത്ത് ഏറ്റെടുത്ത് മുസ്ലിങ്ങള്‍ക്ക് വിതരണം ചെയ്യും എന്ന് സമ്മതിച്ചോ? വൈറല്‍ വീഡിയോയുടെ സത്യാവസ്ഥ അറിയൂ...
കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഹിന്ദുകളുടെ സ്വത്ത് മുസ്ലിങ്ങളില്‍ വിതരണം ചെയ്യുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ സമ്മതിച്ചു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു.
പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഖര്‍ഗെയുടെ പ്രസംഗം ക്ലിപ്പ് ചെയ്ത് തെറ്റായ പ്രചരണമാണ് സമൂഹ മാധ്യമങ്ങളില്‍ നടത്തുന്നത് എന്ന് കണ്ടെത്തി. എന്താണ് ഖര്‍ഗെ യഥാര്‍ത്ഥത്തില്‍ പറഞ്ഞത് നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രസംഗിക്കുന്നതായി കാണാം. വീഡിയോയില്‍ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: “കോണ്‍ഗ്രസ് പാര്‍ട്ടി എന്താ ചെയ്യുന്നേ എന്ന് നിങ്ങള്‍ക്ക് അറിയുമോ? കോണ്‍ഗ്രസ് പാര്‍ട്ടി നിങ്ങളുടെ വീട്ടില്‍ കയറി അലമാരകള്‍ അടിച്ചു പൊളിച്ച് അതില്‍ നിന്ന് എല്ലാം പണം എടുത്ത് പുറത്ത് എല്ലാവ൪ക്കും വിതരണം ചെയ്യുന്നു. മുസ്ലിങ്ങള്‍ക്ക് വിതരണം ചെയ്യുന്നു. കൂടതല്‍ മക്കളുള്ളവര്‍ക്ക് കൂടുതല്‍ ലഭിക്കും. നിങ്ങള്‍ക്ക് മക്കളില്ലെങ്കില്‍ എനിക്ക് എന്ത് ചെയ്യാന്‍ പറ്റും?”
പോസ്റ്റിന്‍റെ ഒപ്പം നല്‍കിയ അടികുറിപ്പ് ഇപ്രകാരമാണ്: “മതേതര കൊങ്ങികളേ, " കാർഗോ" പറയുന്നത് ശ്രദ്ധിച്ചു കേൾക്കുക”. എന്നാല്‍ ശരിക്കും മല്ലികാര്‍ജുന്‍ ഖര്‍ഗെ ഇങ്ങനെ പറഞ്ഞുവോ? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ വീഡിയോയെ കുറിച്ച് കൂടതല്‍ അറിയാന്‍ വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മുഴുവന്‍ പ്രസംഗം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ യുട്യൂബ് ചാനലില്‍ ലഭിച്ചു.
3 മെയ് 2024ന് ഗുജറാത്തിലെ അഹമദാബാദില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ഒരു ജനസഭയെ അഭിസംബോധനം ചെയ്തു. ഈ സമയത്ത് അദ്ദേഹം നടത്തിയ പ്രസംഗത്തിന്‍റെ ഒരു ചെറിയ ഭാഗമാണ് നമ്മള്‍ വൈറല്‍ ക്ലിപ്പില്‍ കാണുന്നത്. അദ്ദേഹം കോണ്‍ഗ്രസിന്‍റെ പ്രകടനപത്രികയെ കുറിച്ചാണ് പ്രസംഗിചത്. 32 മിനിറ്റിനു ശേഷം അദ്ദേഹം പറയുന്നു, “ഞങ്ങള്‍ ജാതീ ഗണനം നടത്തും. രാജ്യത്ത് എവിടെയൊക്കെ വിഭിന്ന സമൂഹത്തില്‍പെട്ട എത്ര പഠിച്ചവരുണ്ട്, എത്ര ബിരുദധാരികളുണ്ട്, അവര്‍ക്ക് എത്ര വരുമാനമുണ്ട്, എത്ര പര്‍ ക്യാപിറ്റ ഇന്‍കമുണ്ട് എന്നി കാര്യങ്ങള്‍ അറിയാന്‍ ജാതീയ ഗണനം ഞങ്ങള്‍ ചെയ്യാന്‍ പോകുന്നു. അപ്പൊ മോദി സാബ് പെട്ടെന്ന് പറഞ്ഞു - കോണ്‍ഗ്രസ് പാര്‍ട്ടി എന്താ ചെയ്യുന്നേ എന്ന് നിങ്ങള്‍ക്ക് അറിയുമോ? കോണ്‍ഗ്രസ് പാര്‍ട്ടി നിങ്ങളുടെ വീട്ടില്‍ കയറി അലമാരകള്‍ അടിച്ചു പൊളിച്ച് അതില്‍ നിന്ന് എല്ലാം പണം എടുത്ത് പുറത്ത് എല്ലാവ൪ക്കും വിതരണം ചെയ്യുന്നു. മുസ്ലിങ്ങള്‍ക്ക് വിതരണം ചെയ്യുന്നു. കൂടതല്‍ മക്കളുള്ളവര്‍ക്ക് കൂടുതല്‍ ലഭിക്കും. നിങ്ങള്‍ക്ക് മക്കളില്ലെങ്കില്‍ എനിക്ക് എന്ത് ചെയ്യാന്‍ പറ്റും?”
പിന്നിടും അദ്ദേഹം വ്യക്തമായി പറയുന്നു – “പക്ഷെ ഞങ്ങള്‍ ഇത്തരമുള്ള പണം വിതരണമൊന്നും നടത്താന്‍ പോകുന്നില്ല. ആര്‍ക്കും വെറുതേ പണം എടുത്ത് ഞങ്ങള്‍ കൊടുക്കുന്നില്ല. ക്ഷമിക്കണം, പക്ഷെ മോദി സാബാണ് ഇത്തരം ദുഷ്പ്രചരണം നടത്തുന്നത്. ”
നിഗമനം
മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രധാനമന്ത്രി മോദി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രകടനപത്രികയെ കുറിച്ച് വ്യാജപ്രചരണം നടത്തുന്നു എന്ന് പറയുന്നതിന്‍റെ ചെറിയൊരു ഭാഗം മാത്രം കാണിച്ച് അദ്ദേഹം ഹിന്ദുകളുടെ സ്വത്ത് മുസ്ലിങ്ങള്‍ക്ക് വിതരണം ചെയ്യും എന്ന് സമ്മതിച്ചു എന്ന വ്യാജപ്രചരണമാണ് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:കോണ്‍ഗ്രസ് ഹിന്ദുകളുടെ സ്വത്ത് ഏറ്റെടുത്ത് മുസ്ലിങ്ങള്‍ക്ക് വിതരണം ചെയ്യും എന്ന് സമ്മതിച്ചോ? വൈറല്‍ വീഡിയോയുടെ സത്യാവസ്ഥ അറിയൂ...
Written By: Mukundan KResult: False