
വിവരണം
Mollywood Connect എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂൺ 26 മുതൽ ഒരു പോസ്റ്റ് പ്രചരിപ്പിച്ചു വരുന്നുണ്ട്. ” ആലപ്പുഴ[..ചെത്തി…]..കടപ്പുറം???” എന്ന അടിക്കുറിപ്പോടെ കടൽത്തീരത്ത് ആകർഷകമായി മണ്ണിൽ കുത്തി നിരത്തി വച്ചിരിക്കുന്ന മീനുകളുടെ ചിത്രമാണ് നൽകിയിട്ടുള്ളത്. 2019 ജൂൺ 9 മുതൽ ജൂലൈ 31 വരെ നീളുന്ന ട്രോളിംഗ് നിരോധന കാലത്ത് ഈ ചിത്രം പൊതുവെ മൽസ്യപ്രീയരായ മലയാളികളെ ഏറെ ആകർഷിക്കും.

archived link | FB post |
ആലപ്പുഴ ചെത്തി കടപ്പുറം മൽസ്യത്തിനും മൽസ്യബന്ധനവുമായി ബന്ധപ്പെട്ടവരുടെ ജീവിതം വരച്ചു കാണിച്ച സിനിമകളിലൂടെയും ഏറെ പ്രസിദ്ധമാണ്. അവിടെ ഇത്തരത്തിൽ മീനുകൾ കൊണ്ട് ഒരു പ്രസന്റേഷൻ നടത്തിയിരുന്നോ ..? നമുക്ക് അറിയാൻ ശ്രമിക്കാം.
വസ്തുതാ വിശകലനം
ഞങ്ങൾ ഇതേ ചിത്രം google reverse image ഉപയോഗിച്ച് പരിശോധിച്ചു.

ഇതേ ചിത്രം ഏകദേശം 2012 മുതൽ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. വിവിധതരം വിവരണങ്ങൾ ചിത്രത്തിന് പ്രസിദ്ധീകരിച്ചവർ നൽകിയിട്ടുണ്ട്. കൗതുകം, തമാശ, വിചിത്രം എന്നിങ്ങനെയുള്ള വിഭാഗങ്ങളിലാണ് പലരും ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

archived link | menstois |
പരിശോധനയിൽ കൂടുതൽ ആധികാരികമായി തോന്നിയ ഒരു വാർത്ത ഞങ്ങൾക്ക് ലഭിച്ചു. sciencenavigators എന്ന ശ്രീലങ്കയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന വെബ്‌സൈറ്റ് 2012 ഒക്ടോബർ 20 നു പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഇതേ ചിത്രം ഉപയോഗിച്ചിട്ടുണ്ട്.

archived link | science navigators |
തമിഴ് ഭാഷയിലാണ് ലേഖനം. ഞങ്ങൾ പരിഭാഷപ്പെടുത്തി നോക്കിയപ്പോൾ ഇങ്ങനെയാണ് ഉള്ളടക്കം എന്ന് കാണുന്നു. ശ്രീലങ്കയുടെ കിഴക്കൻ തീരത്ത് ചാകര പോലെ ഒരു പ്രതിഭാസം എത്തിയതിനെ കുറിച്ചാണ് ലേഖനം.
“എൽനിനോ ചുഴലിക്കാറ്റിന്റെ ഫലമായി സമുദ്രോപരിതല ജലത്തിന്റെ താപനില വ്യത്യാസപ്പെടുകയും അത്തരം ഭാഗങ്ങളിലേക്ക് സമുദ്രജലത്തിലെ പ്രകാശ സംശ്ലേഷണം സാധ്യമാക്കുന്ന സൂക്ഷ്മ ജീവികളായ ഫൈറ്റോപ്ലാങ്ക്ടണുകൾ ആകർഷിക്കപ്പെടുകയും ട്യൂണ, സ്രാവ് തുടങ്ങിയ മീനുകൾ കൂട്ടത്തോടെ ഇവയെത്തേടി വരികയും ചെയ്യും. അവയുടെ പിന്നാലെ മത്സ്യപ്രേമികളും എത്തുന്നു.” ഇതാണ് ലേഖനത്തില്‍ നല്കിയിട്ടുള്ളത്.
ലേഖനത്തിൽ ഇതേ ചിത്രം നൽകിയിട്ട് ബാറ്റിന്യൂസ് എന്ന മാധ്യമത്തിന് കടപ്പാട് നൽകിയിട്ടുണ്ട്. തുടർന്ന് ഞങ്ങൾ ബാറ്റിന്യൂസ് തിരഞ്ഞു. ഇതും തമിഴ് ഭാഷയിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. എന്നാൽ ചിത്രത്തെ സംബന്ധിക്കുന്ന യാതൊന്നും കണ്ടെത്താനായില്ല. പിന്നീട് ഞങ്ങൾ ബാറ്റി ന്യൂസിനു ഫേസ്‌ബുക്ക് പേജ് ഉണ്ടോ എന്ന് തിരഞ്ഞു. ഒടുവിൽ അവരുടെ ഫേസ്‌ബുക്ക് പേജ് ഞങ്ങൾക്ക് ലഭിച്ചു. അതിൽ ഇതേ ചിത്രം തിരഞ്ഞപ്പോൾ ഞങ്ങൾക്ക് ചിത്രം ലഭ്യമായി.

archived link | battinews FB page |
2012 ഒക്ടോബർ 18 നാണ് ചിത്രം പ്രസിദ്ധീകരിച്ചിട്ടുള്ളത്. “എന്താണ് ഈ കാണുന്നത്” എന്ന അടിക്കുറിപ്പ് ചിത്രത്തിന് നൽകിയിട്ടുണ്ട്. കൂടെ ഒരു ലിങ്കും നൽകിയിട്ടുണ്ട്. ഞങ്ങൾ ലിങ്ക് പിന്തുടർന്ന് നോക്കിയെങ്കിലും ചിത്രം സംബന്ധിച്ച യാതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ബംഗാൾ ഉൾക്കടലിൽ വന്ന കാലാവസ്ഥാ വ്യതിയാനം മൂലം കടൽ ജീവികൾ നിർജീവമായി കരയ്ക്കടിയുന്നു എന്നതാണ് വാർത്ത. 2012 ഒക്ടോബർ 18നു തന്നെയാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഞങ്ങളുടെ അന്വേഷണത്തിൽ പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രത്തിന്റെ സ്രോതസ്സ് മനസ്സിലാക്കാനായില്ലെങ്കിലും ഇത് ആലപ്പുഴയിലെ ചെത്തി കടപ്പുറത്തു നിന്നും ചിത്രീകരിച്ച ചിത്രമല്ലെന്ന് വ്യക്തമായിട്ടുണ്ട്. 2012 ഒക്ടോബർ കാലത്ത് ശ്രീലങ്കയിൽ നിന്നും ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിനാൽ ഇത് ആലപ്പുഴ ചെത്തി കടപ്പുറത്തേത് ആകാൻ വഴിയില്ല. ചിത്രം സൂം ചെയ്തു നോക്കുമ്പോള്‍ അവിടെ കൂടിനില്‍ക്കുന്നവര്‍ക്ക് മലയാളികളുടെ ശരീരഭാഷ അല്ലെന്ന് വ്യക്തമാകും. ബംഗാളില്‍ നിന്നുള്ളവരോ അല്ലെങ്കില്‍ ശ്രീലങ്കയില്‍ നിന്നുള്ളവരോ ആകാം ഇവര്‍. ചെത്തി ബീച്ചിന്റെ ഒരു വീഡിയോ ഞങ്ങൾക്ക് ലഭിച്ചത് താഴെ നൽകുന്നു.
archived link | youtube link |
പൈൻ മരങ്ങളുടെ സാന്നിധ്യം മൂലമാകാം ഇത് ചെത്തി കടപ്പുറം ആണെന്ന മട്ടിൽ ചിത്രം പ്രചരിപ്പിക്കാൻ കാരണം
നിഗമനം
ഈ പോസ്റ്റിൽ നൽയിരിക്കുന്നത് തെറ്റായ വിവരമാണ്. ചിത്രത്തിൽ കാണുന്നത് ആലപ്പുഴയിലെ ചെത്തി കടപ്പുറമല്ല. ചിത്രം 2012 മുതൽ ഇന്റർനെറ്റിൽ പ്രചരിച്ചു തുടങ്ങിയതാണ്. ഒരുപക്ഷെ ശ്രീലങ്കയിലെ ബീച്ചിൽ നിന്നുള്ളതാവാം എന്ന് അനുമാനിക്കുന്നു. അതിനാൽ വസ്തുതയറിയാതെ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Title:ഈ “മൽസ്യത്തോട്ടം” ആലപ്പുഴയിലെ ചെത്തി കടപ്പുറത്തു നിന്നുമുള്ളതാണോ..?
Fact Check By: Deepa MResult: False
