വിവരണം

രാജ്യത്തിനൊപ്പമാണെന്ന് ഉറക്കെ പ്രഖ്യാപിച്ച് സുപ്രീം കോടതി അഭിഭാഷകര്‍ . കോടതി വളപ്പില്‍ ഒത്തുകൂടിയ അഭിഭാഷകര്‍ വന്ദേ മാതരം ആലപിച്ചാണ് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചത്.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അഭിഭാഷകർ ഒന്നിച്ചുകൂടിയെത്തിയത് . കഴിഞ്ഞ ദിവസം മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷൻ, കാമിനി ജയ്സ്വാൾ എന്നിവരുൾപ്പെടുന്ന അഭിഭാഷകര്‍ ഭരണഘടനാ മൂല്യങ്ങളെക്കുറിച്ച് ജനങ്ങളെ ഓര്‍മ്മപ്പെടുത്തുന്നതിനായി ആമുഖം വായിക്കുകയുണ്ടായി. ഇതിനു പിന്നാലെയാണ് വന്ദേമാതരം ചൊല്ലി അഭിഭാഷകർ രംഗത്ത് വന്നത് .

അഖിൽ ഭാരത് ആദിവക്ത പരിഷത്തിന്റെ നേതാക്കളായ വിഷ്ണു ജയിൻ , ഹരി ശങ്കർ എന്നിവരുടെ നേതൃത്വത്തിലാണ് അഭിഭാഷകർ പൗരത്വ നിയമത്തിനു പിന്തുണയുമായി രംഗത്തെത്തിയത് .

സി‌എ‌എയെക്കുറിച്ചുള്ള എല്ലാ തെറ്റിദ്ധാരണകളും പ്രതിപക്ഷമാണുണ്ടാക്കിയതെന്ന് പരിപാടിയിൽ പങ്കെടുത്ത അഭിഭാഷകയായ അർച്ചന ശർമ്മ പറഞ്ഞു. “വന്ദേമാതരം, ഭരണ ഘടനയുടെ ആമുഖം എന്നിവ പൗരത്വ നിയമത്തിനു പിന്തുണയായി വായിക്കാനായതിൽ തങ്ങൾ അഭിമാനിക്കുന്നു. വ്യക്തിപരമായ നേട്ടങ്ങൾക്കായി ഇത് ഉപയോഗിക്കാൻ കഴിയില്ല, സി‌എ‌എയെക്കുറിച്ച് തെറ്റിദ്ധാരണകളൊന്നുമില്ല, പക്ഷേ കോൺഗ്രസും , ഇടത് സംഘടനകളും ഇതിനെക്കുറിച്ച് അഭ്യൂഹങ്ങൾ സൃഷ്ടിക്കുന്നു – ശർമ്മ പറഞ്ഞു.

പൗരത്വ നിയമം പാസാക്കിയ രാജ്യത്ത് ജീവിക്കുന്നതിൽ അഭിമാനമാണുള്ളതെന്നും അഭിഭാഷകർ പറഞ്ഞു .പൗരത്വ നിയമത്തെ അനുകൂലിച്ച് ലോകത്തിന്റെ പല ഭാഗങ്ങളിൽ വസിക്കുന്ന ഇന്ത്യക്കാർ റാലി നടത്തുന്നുണ്ട് . ലണ്ടൻ, ഓസ്ട്രേലിയ എന്നിവിടങ്ങളിലും നിയമത്തെ അനുകൂലിച്ച് പ്രവാസികളായ ഭാരതീയർ റാലികൾ നടത്തിയിരുന്നു.. എന്ന തലക്കെട്ട് നല്‍കി ഒരു സംഘം അഭിഭാഷകര്‍ ഒത്തുചേര്‍ന്ന് കയ്യിലുള്ള പേപ്പര്‍ നോക്കി നില്‍ക്കുന്ന ഒരു ചിത്രം കഴിഞ്ഞ ദിവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. നമോ ന്യൂസ് എന്ന പേരിലുള്ള പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 2,800ല്‍ അധികം ഷെയറുകളും 1,500ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്-

Facebook PostArchived Link

എന്നാല്‍ സുപ്രീം കോടതി വളപ്പില്‍ അഭിഭാഷകര്‍ വന്ദേമാതരം ആലപിച്ച് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നതിന്‍റെ ചിത്രമാണോ പോസ്റ്റില്‍ നല്‍കിയിരിക്കുന്നത്? ആരോക്കെയാണ് ചിത്രത്തിലുള്ള പ്രധാനികള്‍? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ചിത്രത്തിന്‍റെ ഉറവിടത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ അദ്യം തന്നെ കണ്ടെത്താന്‍ കഴിഞ്ഞത് ഫെയ്‌സ്ബുക്കില്‍ ജനുവരി ഏഴിന് പങ്കുവെച്ച ഒരു പോസ്റ്റാണ്. സുപ്രീം കോടതി അഭിഭാഷകയും ഇടതുപക്ഷ പ്രാസംഗികയുമായ
രശ്മിത രാമചന്ദ്രന്‍റെ
പോസ്റ്റിലാണ് പ്രചരണത്തിന് ഉപയോഗിച്ചിരിക്കുന്ന അതെ ചിത്രം കണ്ടെത്താന്‍ കഴിഞ്ഞത്. ഞങ്ങളുടെ പ്രതീക്ഷയും ആവേശവും എല്ലാം ഭരണഘടനയിലാണ്.... ആമുഖം വായിച്ച് സുപ്രീം കോടതി അഭിഭാഷകർ.. എന്ന തലക്കെട്ട് നല്‍കിയാണ് രശ്മിത രാമചന്ദ്രന്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. സംഭവത്തെ കുറിച്ച് വിശദമായി അറിയാന്‍ ഞങ്ങളുടെ പ്രതിനിധി അഭിഭാഷകയായ രശ്മിത രാമചന്ദ്രനുമായി ഫോണില്‍ ബന്ധപ്പെട്ടു. രശ്മിതയുടെ മറുപടി ഇങ്ങനെയാണ്-

കേരള സര്‍ക്കാരിന്‍റെ സ്റ്റാന്‍ഡിങ് കൗണ്‍സിലറായ അഭിഭാഷകന്‍ ജി.പ്രരാശിന്‍റെ നേതൃത്വത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതി അങ്കണത്തില്‍ ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിഷേധിക്കാന്‍ ഒത്തുകൂടിയപ്പോഴുള്ള ചിത്രമാണ് ഫെയ്‌സ്ബുക്കില്‍ ജനുവരി ഏഴിന് പങ്കുവെച്ചിരിക്കുന്നത്. ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ ഭാരവാഹിയായ പി.വി.ദിനേശ്, കണ്‍വീനര്‍ ജയ്‌മോന്‍ ആന്‍ഡ്രൂസ് തുടങ്ങിയവരും പ്രതിഷധത്കതിന് നേതൃത്വം നല്‍കി. ഇടതുപക്ഷ അനകൂലികളും മതേതരത്വ വിശ്വാസികളായ അഭിഭാഷകരും പ്രതിഷേധത്തില്‍ പങ്കെടുത്തു. ബിജെപിയുമായോ പൗരത്വ ഭേദഗതി നിയമം അനുകൂലിക്കുന്നവരോ പ്രതിഷേധിക്കുന്നവരുടെ ചിത്രത്തിലില്ല. മാതൃഭൂമി ന്യൂസിന്‍റെ ഡെല്‍ഹി സ്പെഷല്‍ കറസ്പോന്‍ഡന്‍റ് ബാലഗോപാല്‍ ബി.നായര്‍ അദ്ദേഹത്തിന്‍റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ സുപ്രീം കോടതി അഭിഭാഷകര്‍ ഭരണഘടനയുടെ ആമുഖം വായിക്കുന്നു എന്ന തലക്കെട്ട് നല്‍കി ഇതെ ചിത്രം പങ്കുവെച്ചിട്ടുണ്ട് . സംശയമുണ്ടെങ്കില്‍ പരിശോധിക്കാം. വന്ദേ മാതരം ആലപിച്ച് പിന്തുണ അറിയിച്ച അഭിഭാഷക സംഘം ഒരു ചാറ്റമഴ പെയ്‌തപ്പോള്‍ ആലാപനം നിര്‍ത്തി ഓടിയവരാണെന്നും രശ്മിത പ്രതികരിച്ചു.

രശ്മിത രാമചന്ദ്രന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

മാതൃഭൂമി ഡെല്‍ഹി സ്പെഷല്‍ കറസ്പോന്‍ഡന്‍റ്

ബാലഗോപാല്‍ ബി.നായരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

അഭിഭാഷകര്‍ വന്ദേമാതരം ആലപിച്ച് പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണ പ്രഖ്യാപിച്ച പരിപാടിയുടെ ചിത്രങ്ങളും ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. ലൈവ് ലോ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ ജനുവരി എട്ടിനാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. നമോ ന്യൂസ് എന്ന പേജിലെ ചിത്രവും വന്ദേമാതരം ആലപിക്കുന്ന ചിത്രവും വ്യത്യസ്ഥമാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ കണ്ടെത്താന്‍ കഴിയും.

ലൈവ് ലോ ട്വീറ്റ് ചെയ്തിരിക്കുന്ന ചിത്രം-

Facebook PostFacebook PostLive Law Tweet
Archived LinkArchived LinkArchived Link

നിഗമനം

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് അഭിഭാഷകര്‍ വന്ദേ മാതരം ആലപിക്കുന്നു എന്ന പേരില്‍ പ്രചരിപ്പിക്കുന്ന ചിത്രം വ്യാജമാണെന്ന് യഥാര്‍ത്ഥ പോസ്റ്റ് കണ്ടെത്തിയതില്‍ നിന്നും തിരിച്ചറിയാന്‍ സാധിച്ചു. നിയമത്തിനെതിരെ പ്രതിഷേധിച്ച് ഭരണഘടനയുടെ ആമുഖം വായിക്കുന്ന ഇടത് അനുകൂലികളായ അഭിഭാഷകരുടെ ചിത്രമാണ് വന്ദേമാതരം ആലപിച്ചവരുടെ ചിത്രമെന്ന പേരില്‍ പ്രചരിപ്പിച്ചിരിക്കുന്നതെന്നും കണ്ടെത്താന്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റ് വ്യാജമാണെന്ന് അനുമാനിക്കാം.

Avatar

Title:പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണ പ്രഖ്യാപിച്ച് വന്ദേ മാതരം ആലപിക്കുന്ന സുപ്രീം കോടതി അഭിഭാഷകരുടെ ചിത്രമാണോ ഇത്?

Fact Check By: Dewin Carlos

Result: False