ബീഫ് കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് എന്ന പ്രചരണം തെറ്റാണ്...
വിവരണം
ബിജെപി മുന്നോട്ട് വയ്ക്കുന്ന ഗോ സംരക്ഷണം എന്ന ആശയത്തിന് ഇതുവരെ രാജ്യത്ത് വേണ്ടത്ര സ്വീകാര്യത ലഭിച്ചിട്ടില്ല. മനുഷ്യരെക്കാള്‍ പ്രാധാന്യം പശുവിന് നല്കുന്നു എന്നാണ് ഇതിനെതിരെയുള്ള മുഖ്യ പരാതി. ‘പശുവിന് അമിത സംരക്ഷണം നല്‍കുന്ന രാജ്യം തന്നെയാണ് ബീഫ് കയറ്റുയതിയില്‍ മുമ്പില്‍ എന്ന വിവരണത്തോടെ സാമൂഹ്യ മാധ്യമങ്ങളില്‍ നിരവധി പോസ്റ്റുകള്‍ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.
പോസ്റ്റിലെ വിവരണം ഇങ്ങനെയാണ്: ബ്രസീലിനെ പിന്തള്ളി ഇന്ത്യ ഒന്നാമത്. പശുവിന്‍റെ ഇറച്ചി ലോക വിപണിയില്‍ എത്തിക്കുന്നതില്‍ ഇന്ത്യ ഒന്നാമത്. ഗോ സംരക്ഷകരുടെ നാട് ഒന്നാമത്. മോഡി അധികാരത്തില്‍ എത്തിയതിന് ശേഷം 15% വര്‍ദ്ധനവാണ് ഉണ്ടായത്. ഗോമാതാവിനെ തൊട്ടാല്‍ കൊല്ലുന്ന തീവ്രവാദി സംഘടനകളുടെ നേതാക്കളുടെ കമ്പനികള്‍ തന്നെയാണ് ഇന്ത്യയെ ലോകവിപണിയില്‍ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. സംഘികളെ ഉളുപ്പുണ്ടോ നിനക്കൊക്കെ.. എന്ന വാചകങ്ങള്‍ക്കൊപ്പം “പശുവും രാമനുമൊക്കെ വെറും പൊളിറ്റിക്സ് ആണെന്ന് ഇവന്മാർക്കൊക്കെ എപ്പോളാണാവോ മനസിലാവുക” എന്ന അടിക്കുറിപ്പും നല്കിയിട്ടുണ്ട്.
ലോകത്തെ ഏറ്റവും വലിയ ബീഫ് കയറ്റുമതി ഇന്ത്യയില്‍ നിന്നുമാണോ എന്നറിയാന്‍ ഞങ്ങള്‍ ഡേറ്റകള്‍ പരിശോധിച്ചു നോക്കി. അപ്പോള്‍ പോസ്റ്റിലെ വാദം തെറ്റാണ് എന്ന വിവരം ലഭിച്ചു. ബീഫ് കയറ്റുമതിയില്‍ ചന്ദ്രാ നൂയിയുടെ കമ്പനിയാണ് ഒന്നാം സ്ഥാനത്ത് എന്ന വിവരണത്തോടെ ചില പോസ്റ്റുകള്‍ കഴിഞ്ഞ വര്‍ഷം പ്രചരിച്ചിരുന്നു. ഇത് തെറ്റായ വാദമാണെന്ന് ഞങ്ങള്‍ കണ്ടെത്തിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് താഴെ വായിക്കാം.
ഇന്ത്യയിൽ മാംസകയറ്റുമതി രംഗത്ത് ഒന്നാം സ്ഥാനത്ത് ചന്ദ്രാ നൂയിയുടെ കമ്പനിയാണോ…?
ബീഫ് കയറ്റുമതിയുടെ ഓരോ വര്‍ഷത്തെയും റാങ്കിങ് വിശദമാക്കുന്ന ചില വെബ്സൈറ്റുകള്‍ കണക്കുകള്‍ ചാര്‍ട്ട് രൂപത്തില്‍ തന്നെ പ്രസിദ്ധീകരിക്കാറുണ്ട്. 2019 വരെയുള്ള കണക്കുകള്‍ ലഭ്യമാണ്. 2020 ലെ മുഴുവന്‍ കണക്കുകള്‍ ഇനി 2021 ലാണ് ലഭ്യമാകുക.
2019 ലെ കണക്ക് താഴെ കൊടുക്കുന്നു.
ചാര്‍ട്ട് പ്രകാരം ബീഫ് കയറ്റുമതിയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. ഫ്രെഷ്, ചില്‍ഡ്, ഫ്രോസന്‍ എന്നിങ്ങനെയുള്ള മൂന്നു വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ കയറ്റുമതി 2019 ല്‍ നടത്തിയ രാജ്യങ്ങളുടെ ലിസ്റ്റാണിത്. ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തും അമേരിക്ക, ബ്രസീല്‍, നെതര്‍ലാണ്ട്സ് ഇവ അടുത്ത മൂന്നു സ്ഥാനങ്ങളിലുമാണ്. ഇന്ത്യ അഞ്ചാം സ്ഥാനത്താനുള്ളത്.
2020 ല്‍ ബ്രസീല്‍ 2500 മെട്രിക് ടണ്‍ ബീഫ് കയറ്റുമതി ചെയ്തപ്പോള്‍ ഇന്ത്യ 1250 നു മുകളില്‍ മാത്രമാണ് കയറ്റുമതി ചെയ്തത് എന്നു വിവരിക്കുന്ന ഒരു ഗ്രാഫ് താഴെ കൊടുക്കുന്നു.
ഗ്രാഫില്‍ ബ്രസീല്‍ ഒന്നാം സ്ഥാനത്തും അമേരിക്ക രണ്ടാം സ്ഥാനത്തുമാണ്. മൂന്നാം സ്ഥാനത്ത് മാത്രമാണ് ഇന്ത്യ.
സ്റ്റാറ്റിസ്റ്റയുടെ തന്നെ ജൂലൈ 13 നു പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ മൂന്നാം സ്ഥാനത്താണ്.
ബ്രസീല്‍ ഓസ്ട്രേലിയ ഇവയാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ഇതിന് മുന്‍ വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാലും ഇന്ത്യ ഒന്നാം സ്ഥാനത്തല്ല എന്നു വ്യക്തമാകും. 2014 ല്‍ ഇന്ത്യ ബീഫ് കയറ്റുമതിയില്‍ ഒന്നാമതെത്തി എന്നു ഒരു റിപ്പോര്‍ട്ട് സിഎന്‍എന്‍ ബിസിനസ്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2015 ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയിലെ കൃഷി വകുപ്പിന്‍റെ കണ്ടെത്തലാണിത്. 2014-15 മുതല്‍ ഇന്ത്യയില്‍ നിന്നുമുള്ള ബീഫ് കയറ്റുമതി ഉയര്‍ന്നിട്ടുണ്ട്. മാത്രമല്ല, പെട്രോളിയം ഉൽപന്നങ്ങൾ, എണ്ണ ഉൾപ്പെടെയുള്ള ധാതു ഇന്ധനങ്ങൾ, രത്നങ്ങൾ, വിലയേറിയ ലോഹങ്ങൾ, കമ്പ്യൂട്ടറുകൾ ഉൾപ്പെടെയുള്ള യന്ത്രങ്ങൾ, ഓർഗാനിക്, ഇലക്ട്രിക്കൽ മെഷിനറി, ഉപകരണങ്ങൾ, രാസവസ്തുക്കൾ, ഇരുമ്പ്, ഉരുക്ക്, ഫാർമസ്യൂട്ടിക്കൽസ് ഉൽപ്പന്നങ്ങൾ ഇവയുടെയും കയറ്റുമതി വര്‍ദ്ധിച്ചിട്ടുണ്ട്. ഏതാനും വര്‍ഷങ്ങളായി കയറ്റുമതിയില്‍ ആദ്യ 30 രാജ്യങ്ങളില്‍ 13 മുതല്‍ 19 വരെ സ്ഥാനങ്ങളിലാണ് ഇന്ത്യ.
പോസ്റ്റില്‍ നല്കിയിരിക്കുന്ന അവകാശവാദം തെറ്റാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റില്‍ നല്കിയിരിക്കുന്ന വാര്‍ത്ത തെറ്റാണ്. ബീഫ് കയറ്റുമതിയില്‍ ഇന്ത്യ ലോക റാങ്കിങ്ങില്‍ ഒന്നാമതല്ല. തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന വ്യാജ പ്രചരണം മാത്രമാണിത്.
Title:ബീഫ് കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് എന്ന പ്രചരണം തെറ്റാണ്...
Fact Check By: Vasuki SResult: False