
കെഎസ്ആര്‍ടിസി ശബരിമല തീര്‍ത്ഥാടകര്‍ക്ക് അധികനിരക്ക് ഈടാക്കുകയും അതേസമയം ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് ഒരു പത്രവാര്‍ത്തയുടെ കട്ടിംഗും ബസ്സില്‍ പതിച്ച സ്റ്റിക്കറിന്റെ ചിത്രവുമടക്കം സമൂഹമാധ്യമങ്ങളില്‍ ഒരു പോസ്റ്റു പ്രചരിക്കുന്നുണ്ട്.
പ്രചരണം
കെഎസ്ആര്‍ടിസി ബസിന്റെ മുന്നിലെ ഗ്ലാസില്‍ 30% ഇളവ് എന്നെഴുതിയ സ്റ്റിക്കര്‍ പ്രചരിക്കുന്ന ചിത്രത്തില്‍ കാണാം. പ്രസ്തുത ആനുകൂല്യം കേരള സർക്കാർ നടത്തുന്ന മുസ്ലിം തീർത്ഥാടകർക്ക് മാത്രമാണ് നൽകുന്നതെന്നും മറ്റു മതസ്ഥർക്ക് ഇത്തരത്തിൽ യാതൊരു ആനുകൂല്യവും സർക്കാർ നൽകുന്നില്ലെന്നുമുള്ള വിമര്‍ശനമാണ് പോസ്റ്റില്‍ പ്രതിഫലിക്കുന്നത്. അതേസമയം ശബരിമല തീര്‍ത്ഥാടകര്‍ക്ക് 35% അധിക നിരക്ക് കെഎസ്ആര്‍ടിസി ഈടാക്കുന്നുവെന്നാണ് മറ്റൊരു ആരോപണം. ഇത് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “മര്വോന് 30 ഇളവ്…
ശത്രുക്കൾക്ക് 35 അധികം…
ഇത് കേരളമാണ്. കേരളം ഇന്ത്യയിലാണ് കേട്ടോ…
അൽഹംദുലില്ലാഹ്…ഇൻശാ അല്ലാഹ്…
അത്രെന്ന.”
എന്നാൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് നടത്തുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായി.
വസ്തുത ഇതാണ്
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് കെഎസ്ആര്‍ടിസി നിരക്കിളവ് നല്‍കുന്നുവെന്ന ആരോപണം മുമ്പും നടന്നിരുന്നു. ഇതിന് മുകളില്‍ വസ്തുത അന്വേഷണം നടത്തി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു.
വാർത്തയുടെ കീ വേര്‍ഡ്സ് ഉപയോഗിച്ച് തിരഞ്ഞപ്പോൾ മലയാളം മാധ്യമങ്ങൾ കെഎസ്ആർടിസി നിരക്കിളവിനെ കുറിച്ച് പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ ലഭിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം കെഎസ്ആർടിസി പുതുതായി ഏറ്റെടുത്ത 140 കിലോമീറ്റർ ദൈർഘ്യമുള്ള റൂട്ടുകളിൽ 30% നിരക്കിളവ് നൽകുന്നതായാണ് വാർത്ത. ഏപ്രിൽ മാസം 13, 14 തീയതികളിലാണ് വാർത്തകൾ വന്നിട്ടുള്ളത്.
സ്വകാര്യ ബസ്സുകൾ അനധികൃതമായി നടത്തുന്ന സർവീസ് തടയാനും കെഎസ്ആർടിസിയിലേക്ക് യാത്രക്കാരെ കൂടുതൽ ആകർഷിക്കാനുമാണ് സർവീസ് ആരംഭിച്ചത് എന്നാണ് വാർത്തകളിൽ കാണുന്നത്. സ്വകാര്യബസുകൾ കുത്തകയാക്കി വെച്ച് കയ്യേറിയ റൂട്ടുകൾ കെഎസ്ആർടിസി ഏറ്റെടുത്തതിന് ശേഷം സ്വകാര്യ ബസ്സുകൾ കോടതിയെ സമീപിക്കുകയും തുടര്‍ന്നും സർവീസ് നടത്താൻ ഉത്തരവ് നേടിയെടുക്കുകയും ചെയ്തിരുന്നു. ഇത് കെഎസ്ആർടിസിക്ക് ബാധ്യതയായി. ഈ പ്രതിസന്ധി മറികടക്കാനാണ് 30 ശതമാനം നിരക്കിളവോടെ ചില റൂട്ടുകളിൽ യാത്ര നടത്താൻ തീരുമാനിച്ചത്. ടേക്ക് ഓവര്‍ സര്‍വീസ് എന്നാണ് ഇത്തരം സര്‍വീസിനെ വിശേഷിപ്പിക്കുന്നത്.
തുടർന്ന് ഞങ്ങൾ കെഎസ്ആർടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് പരിശോധിച്ചപ്പോൾ കെഎസ്ആർടിസി നിരക്കിളവിനെ കുറിച്ച് 2023 ഏപ്രില്‍ 13 നു നൽകിയ വിശദീകരണം ലഭിച്ചു.
വൈറൽ ചിത്രത്തിലെ ബസ് മലപ്പുറം പെരിന്തൽമണ്ണ മണ്ണാർക്കാട് വഴി പാലക്കാട്ടേക്ക് പോകുന്നതാണ്. കെഎസ്ആർടിസി നിരക്കിളവ് പ്രഖ്യാപിച്ച റൂട്ടുകളില്‍ ഒന്നാണിത്. കൂടുതൽ വ്യക്തതക്കായി ഞങ്ങൾ കെഎസ്ആർടിസിയുടെ തിരുവനന്തപുരം ഓഫീസുമായി ബന്ധപ്പെട്ടു അവിടെ നിന്നും ഉദ്യോഗസ്ഥൻ അറിയിച്ചത് ഇങ്ങനെയാണ്: കെഎസ്ആർടിസി ഏതെങ്കിലും പ്രത്യേക മത വിഭാഗങ്ങൾക്ക് യാത്രാ നിരക്കിൽ യാതൊരു ഇളവും നൽകുന്നില്ല. വൈറൽ ചിത്രത്തിൽ കാണുന്ന പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. കെഎസ്ആർടിസി സ്വകാര്യ ബസുകളുടെ ചില റൂട്ടുകൾ കൃത്യമായി പറഞ്ഞാല്‍ 233 റൂട്ടുകള്‍ ഏറ്റെടുത്ത് അവിടെ 30% നിരക്കിളവ് പ്രഖ്യാപിച്ചിരുന്നു. അത്തരത്തിൽ ഒരു റൂട്ട് മാത്രമാണിത്. ഇങ്ങനെയുള്ള എല്ലാ റൂട്ടുകളിലും ഈ 30% നിരക്കിളവ് ലഭ്യമാണ്. ഏതെങ്കിലും മത വിഭാഗത്തെ തൃപ്തിപ്പെടുത്താനായി കെഎസ്ആർടിസി ഇത്തരത്തിൽ നിരക്കിളവ് പ്രഖ്യാപിച്ചു എന്നത് വെറും വ്യാജ പ്രചരണം മാത്രമാണ്.
തുടര്‍ന്ന് പോസ്റ്റിലെ പത്ര കട്ടിംഗിനെ കുറിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ 2022 മുതല്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ ലഭ്യമാണ് എന്നു കാണാന്‍ സാധിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കായി ഞങ്ങള്‍ കെഎസ്ആര്‍ടിസി അധികൃതരുമായി ബന്ധപ്പെട്ടു: പ്രചാരണം തെറ്റാണെന്നും ഉത്സവകാലത്തെ തിരക്ക് കണക്കിലെടുത്ത് കെഎസ്ആര്‍ടിസി ഏര്‍പ്പെടുത്തുന്ന പ്രത്യേക നിരക്കുകള്‍ നിയമവിധേയമാണെന്നും അധിക സര്‍വീസുകളും അധിക ജീവനക്കാരുടെ സേവനവും ഇതിനായി ഉപയോഗിക്കുന്നുണ്ടെന്നും എംഡിയുടെഓഫീസില് നിന്നും വ്യക്തമാക്കി. മോട്ടോര്‍വാഹനവകുപ്പിന്റെ വെബ്സൈറ്റില്‍ ഉത്സവകാല നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച 2020ലെ ഗസറ്റ് വിജ്ഞാപനത്തില്‍ ഉത്സവകാലത്ത് 30 ശതമാനം വരെ അധിക നിരക്ക് ഈടാക്കാന്‍ അനുമതിയുടെന്ന് വ്യക്തമാക്കുന്നു.
ഉത്സവകാല നിരക്കുകള്‍ക്ക് വിധേയമായ വിവിധ മതസ്ഥരുടെ വ്യത്യസ്ത ഉത്സവങ്ങളുടെ/ദേവാലയങ്ങളുടെ വിവരങ്ങളും വിജ്ഞാപനത്തില്‍ കാണാം. ഹിന്ദു മതസ്ഥരുടെ മാത്രമല്ല, മറ്റ് മതസ്ഥരുടെ ഉല്‍സവങ്ങള്‍ക്കും നിരക്ക് വര്‍ദ്ധന ബാധകമാണ്. കെഎസ്ആര്‍ടിസി ഉത്സവകാലത്ത് ഈടാക്കുന്ന അധികനിരക്ക് നിയമാനുസൃതമാണെന്ന് അന്വേഷണത്തില്‍ വ്യക്തമാകുന്നു.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. കെഎസ്ആര്‍ടിസി 30% നിരക്കിളവ് പ്രഖ്യാപിച്ചത് 2023 ഏപ്രിലില്‍ സ്വകാര്യ ബസുകളുടെ ചില റൂട്ടുകൾ ടേക്ക് ഓവര്‍ ചെയ്ത സര്‍വീസുകള്‍ക്കാണ്. ശബരിമല സീസണില്‍ മാത്രമല്ല, എല്ലാ മതസ്ഥരുടെയും ഉല്‍സവ സീസണുകളില്‍ കെഎസ്ആര്‍ടിസി നിയമാനുസൃതമായി അധിക ചാര്‍ജ് ഈടാക്കാറുണ്ട്. ഇക്കാര്യം സര്‍ക്കാര്‍ രേഖകളില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:കെഎസ്ആര്‍ടിസിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് നിരക്ക് വര്‍ദ്ധനയും ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നിരക്കിളവും… വ്യാജ പ്രചരണത്തിന്റെ യാഥാര്‍ത്ഥ്യമറിയൂ…
Fact Check By: Vasuki SResult: False
