സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ വാഹന വ്യൂഹം കടന്നു പോകുമ്പോള്‍ പൈലറ്റ് വാഹനം കൊല്ലം ജില്ലയില്‍ വച്ച് ഒരു ആംബുലന്‍സില്‍ ഇടിച്ച് ആംബുലന്‍സ് മറിയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പലരും പങ്കുവയ്ക്കുന്നുണ്ട്. മന്ത്രിയെ വിമര്‍ശിച്ചു കൊണ്ടാണ് പ്രചരണങ്ങള്‍ കൂടുതലും നടക്കുന്നത്.

പ്രചരണം

കൊട്ടാരക്കര പുലമണ്‍ ജംഗ്ഷനിലൂടെ മന്ത്രിയുടെ വാഹന വ്യാഹന വ്യൂഹം കടന്നു പോകുമ്പോള്‍ പൈലറ്റ് വാഹനം വലതു ഭാഗത്ത് നിന്നും വരുകയായിരുന്ന ആംബുലന്‍സില്‍ ഇടിക്കുകയും ആംബുലന്‍സ് കീഴ്മേല്‍ മറിഞ്ഞ് റോഡില്‍ കിടക്കുന്നതും ഇതിനിടെ മന്ത്രിയുടെ വാഹനം അപകട സ്ഥലം മറികടന്നു മുന്നോട്ട് നീങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം. ജംഗ്ഷന് നടുവിലാണ് അപകടമുണ്ടായത്.

മന്ത്രി അപകടം വകവയ്ക്കാതെ യാത്ര തുടര്‍ന്ന് എന്നു ആരോപിച്ച് ദൃശ്യങ്ങള്‍ക്കൊപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “അമിത വേഗതയിൽ വന്ന

മന്ത്രി ശിവൻകുട്ടിയുടെ പെെലറ്റ് വാഹനമിടിച്ച്

ആംബുലന്‍സ് റോഡിൽ മറിഞ്ഞ്

മൂന്ന് പേർക്ക് പരിക്ക് .

വണ്ടി നിർത്താതെ ശിവൻകുട്ടി

സംഭവ സ്ഥലത്ത് നിന്നും സ്കൂട്ടായി 🥵

എന്നിട്ടും ശിവൻകുട്ടി മന്ത്രി പോയ പോക്കാണ് പോക്ക്...

വെറും മനുഷ്യത്വം🥱

ഹൃദയപക്ഷം🤮”

FB postarchived link

അപകടത്തിന്‍റെ ചിത്രങ്ങളും പലരും പങ്കുവയ്ക്കുന്നുണ്ട്.

Facebookarchived link

എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഇതെന്നും മന്ത്രി സഞ്ചരിച്ച വാഹനം നിര്‍ത്താതെ പോയിട്ടില്ല എന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

മന്ത്രിയുടെ വാഹന വ്യൂഹം കടന്നു പോകുന്ന റോഡിന് അഭിമുഖമായിരിക്കുന്ന സി‌സി‌‌ടി‌വിയുടെ ദൃശ്യങ്ങളാണ് വൈറല്‍ വീഡിയോയില്‍ കാണുന്നത്. എന്നാല്‍ മന്ത്രിയുടെ വാഹനം വന്ന ദിശയില്‍ സ്ഥാപിച്ചിട്ടുള്ള സി‌സി‌ടി‌വിയില്‍ വന്ന ദൃശ്യങ്ങളില്‍ മന്ത്രിയുടെ വാഹനം ജംഗ്ഷനില്‍ നിന്നും മുന്നോട്ട് നീങ്ങി റോഡരികില്‍ നിര്‍ത്തി മന്ത്രി പുറത്തേയ്ക്ക് ഇറങ്ങുന്ന ദൃശ്യങ്ങള്‍ കാണാം. അകമ്പടി വാഹനം ആംബുലന്‍സിനെ ഇടിച്ചപ്പോള്‍ മന്ത്രി തന്‍റെ വാഹനം നിര്‍ത്താതെ കടന്നുപോയി എന്ന പ്രചരണം വ്യാപകമായപ്പോള്‍ മന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ പ്രസിദ്ധീകരിച്ച ചാനല്‍ വാര്‍ത്തയുടെ ദൃശ്യങ്ങള്‍ വിശദീകരണമായി നല്കിയിട്ടുണ്ട്.

മന്ത്രി വി ശിവന്‍കുട്ടി വാഹനം സിഗ്നലില്‍ നിന്നും മുന്നോട്ടെടുത്ത ശേഷം റോഡരികില്‍ നിര്‍ത്തി വാഹനത്തില്‍ നിന്നും പുറത്തിറങ്ങുന്ന ദൃശ്യങ്ങള്‍ ചാനല്‍ വാര്‍ത്തയുടെ വീഡിയോയില്‍ കാണാം.

കൂടുതല്‍ വ്യക്തതയ്ക്കായി ഞങ്ങള്‍ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. മന്ത്രിയുടെ പ്രസ്സ് സെക്രട്ടറി എം. രാജീവ് നല്‍കിയ മറുപടി: “ “തെറ്റായ പ്രചരണമാണ് സാമൂഹ്യ മാധ്യമങ്ങള്‍ വഴി മന്ത്രിക്കെതിരെ നടത്തുന്നത്. അദ്ദേഹം വാഹനം നിര്‍ത്തുകയും സ്ഥിതിഗതികള്‍ അന്വേഷിക്കുകയും അടിയന്തിര സഹായങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കുകയും ചെയ്തിരുന്നു. മന്ത്രി വാഹനം നിര്‍ത്തിയതിന്‍റെ സി‌സി‌ടി‌വി തെളിവുകള്‍ ലഭ്യമാണ്. ബാക്കിയെല്ലാം വ്യാജ പ്രചരണങ്ങള്‍ മാത്രമാണ്.” മന്ത്രിയുടെ ഓഫീസില്‍ നിന്നും പങ്കുവച്ച സി‌സി‌ടി‌വി ദൃശ്യങ്ങള്‍ താഴെ കാണാം.

മന്ത്രിയുടെ വാഹനം കടന്നു പോകുന്നതിനായി പോലീസ് ട്രാഫിക് നിയന്ത്രിച്ചു തുടങ്ങുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇതിനിടയില്‍ വലതു വശത്തുനിന്നും അപ്രതീക്ഷിതമായി ആംബുലന്‍സ് അതിവേഗം വരുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

തുടര്‍ന്ന് ഞങ്ങള്‍ കൊട്ടാരക്കര പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. അവിടെ നിന്നും സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ അറിയിച്ചത് ഇതാണ്: “മന്ത്രിയുടെ അകമ്പടി വാഹനം ആംബുലന്‍സുമായി കൂട്ടിയിടിച്ച സംഭവത്തില്‍ ഞങ്ങള്‍ എഫ്‌ഐ‌ആര്‍ ഇടാന്‍ പോകുന്നതേയുള്ളൂ. മന്ത്രി സംഭവ സ്ഥലത്ത് വാഹനം നിര്‍ത്തി കാര്യങ്ങള്‍ അന്വേഷിക്കുകയുണ്ടായി. അതിന് ശേഷമാണ് അദ്ദേഹം യാത്ര തുടര്‍ന്നത്. വാഹനം നിര്‍ത്താതെ മന്ത്രി യാത്ര തുടര്‍ന്നു എന്നത് വ്യാജ പ്രചരണമാണ്.”

മന്ത്രിയുടെ വാഹനം നിര്‍ത്തുകയും അദ്ദേഹം പുറത്തിറങ്ങുകയുമുണ്ടായി എന്നു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് കൊല്ലം ചീഫ് റിപ്പോര്‍ട്ടര്‍ മുഹമ്മദ് കൌസര്‍ ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇങ്ങനെ: “മന്ത്രിയുടെ വാഹനം മുന്നോട്ട് നീക്കി നിര്‍ത്തിയിരുന്നു. അദ്ദേഹം പുറത്തിറങ്ങി വിവരങ്ങള്‍ അന്വേഷിച്ചു. അപകട സ്ഥലത്തേയ്ക്ക് അദ്ദേഹം വന്നില്ല. ആംബുലന്‍സില്‍ ഉണ്ടായിരുന്നവരുടെ പരിക്ക് ഗുരുതരമല്ലെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് പൈലറ്റ് വാഹനം ഇല്ലാതെ മന്ത്രി തലസ്ഥാനത്തേയ്ക്ക് യാത്ര തുടര്‍ന്നു എന്നാണ് അദ്ദേഹത്തിന്‍റെ പേഴ്സണല്‍ സ്റ്റാഫുകള്‍ പറഞ്ഞത്.”

അകമ്പടി വാഹനം ആംബുലന്‍സുമായി കൂട്ടിയിടിച്ചപ്പോള്‍ മന്ത്രി അപകടം വകവയ്ക്കാതെ യാത്ര തുടര്‍ന്നുവെന്ന ആരോപണം തെറ്റാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റാണ്. കൊല്ലം പുലമണ്‍ ജംഗ്ഷനിലെ സിഗ്നലിന് സമീപം മന്ത്രി വി ശിവന്‍കുട്ടിയുടെ അകമ്പടി വാഹനം ആംബുലന്‍സുമായി കൂട്ടിയിടിച്ച് അപകടമുണ്ടായപ്പോള്‍ മന്ത്രി സഞ്ചരിച്ച വാഹനം അപകടം വകവയ്ക്കാതെ യാത്ര തുടര്‍ന്നു എന്ന പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. മന്ത്രിയുടെ വാഹനം ജംഗ്ഷനില്‍ നിന്നും മുന്നോട്ട് നീക്കി പാര്‍ക്ക് ചെയ്തശേഷം മന്ത്രി പുറത്തേയ്ക്കിറങ്ങുന്ന സി‌സി‌ടി‌വി ദൃശ്യങ്ങള്‍ ലഭ്യമാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:അകമ്പടി വാഹനം ആംബുലന്‍സില്‍ ഇടിച്ച് അപകടമുണ്ടായപ്പോള്‍ മന്ത്രി ശിവന്‍കുട്ടി സഞ്ചരിച്ച വാഹനം നിര്‍ത്താതെ യാത്ര തുടര്‍ന്നുവെന്ന വ്യാജ പ്രചരണത്തിന്‍റെ സത്യമറിയൂ...

Written By: Vasuki S

Result: False