ഈ വർഷം അവസാനം ഹിമാചൽ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. പ്രചരണങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി യുവമോര്‍ച്ചാ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ പ്രധാനമന്ത്രി മോദിയുടെ റാലിയുടെ വീഡിയോ തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.

പ്രചരണം

വീഡിയോ ദൃശ്യങ്ങളില്‍ ഒഴിഞ്ഞു കിടക്കുന്ന കസേരകള്‍ കാണാം. പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിന്‍റെ ശബ്ദം പശ്ചാത്തലത്തില്‍ കേള്‍ക്കാം. ജനക്കൂട്ടം എത്താത്തതിനാല്‍ പ്രധാനമന്ത്രി മോദി പരിപാടി ഉപേക്ഷിച്ചു മോദി മാണ്ഡിയിൽ എത്തിയില്ല എന്നാണ് വീഡിയോ പങ്കിടുന്ന ഉപയോക്താക്കൾ അവകാശപ്പെടുന്നത്. ഇത് സൂചിപ്പിച്ച് വീഡിയോയ്ക്ക് നല്കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെ: “ഹിമാചലിൽ ഒരു ലക്ഷം യുവാക്കളെ പങ്കെടുപ്പിക്കും എന്ന്‌ പ്രഖ്യാപിച്ചു നടത്തിയ ബിജെപി റാലിയിൽ ആളില്ലാത്ത അവസ്ഥ നരേന്ദ്ര മോഡി പങ്കെടുക്കാതെ മുങ്ങി”

FB postarchived link

എന്നാല്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പ്രചരണമാണ് വീഡിയോ ഉപയോഗിച്ച് നടത്തുന്നതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. പ്രധാനമന്ത്രി വിര്‍ച്വലായി പങ്കെടുത്ത റാലിയില്‍ ജനപങ്കാളിത്തം ഉണ്ടായിരുന്നു.

വസ്തുത ഇതാണ്

വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഭാരതീയ ജനതാ യുവമോർച്ചയുടെ റാലിയെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി മോദി ഹിമാചല്‍ പ്രദേശിലെ മാണ്ഡിയിൽ എത്തുമെന്നുള്ള ചില വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. കനത്ത മഴയെത്തുടർന്ന് പ്രധാനമന്ത്രി മോദിയുടെ സന്ദർശനം റദ്ദാക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹം റാലിയെ വെർച്വലായി അഭിസംബോധന ചെയ്തുവെന്ന് വാര്‍ത്തകള്‍ അറിയിക്കുന്നു.

ദൈനിക് ഭാസ്‌കറിന്‍റെ റിപ്പോർട്ട് പ്രകാരം റാലിക്ക് ജനപങ്കാളിത്തം ഉണ്ടായിരുന്നു. ആൾക്കൂട്ടത്തിന്‍റെ ചിത്രങ്ങള്‍ റിപ്പോർട്ടിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈറല്‍ വീഡിയോ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നും യാഥാര്‍ഥ്യം മറ്റൊന്നാണെന്നും വ്യക്തമാക്കി ഹിമാചല്‍ പ്രദേശ് ബിജെപി ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വിശദീകരണം നല്കിയിട്ടുണ്ട്.

പ്രധാനമന്ത്രി റാലിയെ അഭിസംബോധന ചെയ്യുന്ന ദൈര്‍ഘ്യമുള്ള വീഡിയോ പ്രധാനമന്ത്രിയുടെ യുട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വേദി ഒഴിഞ്ഞു കിടക്കുകയായിരുന്നില്ലെന്നും ജനപങ്കാളിത്തം നന്നായി ഉണ്ടായിരുന്നുവെന്നും ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

റാലിയില്‍ പങ്കെടുത്ത ജനക്കൂട്ടത്തിന്‍റെ ഫോട്ടോകളും വീഡിയോകളും ചില വാർത്താ ചാനലുകളിലും വെബ്‌സൈറ്റുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വീഡിയോ ശ്രദ്ധിക്കുക:

നിഗമനം

പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. കനത്ത മഴയെത്തുടർന്ന് പ്രധാനമന്ത്രി മോദിക്ക് മാണ്ഡി റാലിയിൽ പങ്കെടുക്കാനായില്ല. എന്നാല്‍ അദ്ദേഹം വിര്‍ച്വലായി ചടങ്ങില്‍ പങ്കെടുത്തിരുന്നു. റാലിയിൽ വേണ്ടത്ര ജനക്കൂട്ടം ഇല്ലാതിരുന്നതിനാല്‍ പ്രധാനമന്ത്രി മോദി ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയില്ല എന്നത് തെറ്റായ പ്രചരണമാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഹിമാചലിൽ ബിജെപി റാലിയിൽ ആളില്ലാത്തതിനാല്‍ നരേന്ദ്ര മോദി പങ്കെടുത്തില്ല... പ്രചരണത്തിന്‍റെ സത്യമറിയൂ...

Fact Check By: Vasuki S

Result: Misleading