
വിവരണം
കോവിഡ് 19 പടരുന്നത് ഏതു വിധേനയും പ്രതിരോധിക്കാനുള്ള മാർഗങ്ങളെ പറ്റി മെഡിക്കൽ രംഗത്തും പുറത്തും ചർച്ചകൾ നടന്നു കൊണ്ടിരിക്കുന്നു. ഇംഗ്ലീഷ്, ആയുർവേദം, ഹോമിയോപ്പതി എന്ന പ്രമുഖ മൂന്നു ചികിത്സാരീതിയിലും യഥാർത്ഥത്തിൽ കോവിഡ് 19 നെതിരെ മരുന്ന് ഇതുവരെ ഇല്ല എന്നതാണ് വസ്തുത.
ഇതിനിടയിൽ പ്രചരിച്ചു വരുന്ന ആധികാരികതയില്ലാത്ത ചില അറിവുകളും ചികിത്സാ നുറുങ്ങുകളും സ്ഥിതി കൂടുതൽ അപകടത്തിലാക്കുമെന്നതിന് യാതൊരു സംശയവുമില്ല. ഈ കഴിഞ്ഞ ദിവസം മുതൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റ് ഇങ്ങനെയാണ് : ആയിരക്കണക്കിന് പോസ്റ്റ്‌മോർട്ടങ്ങൾക്ക് ശേഷം ചൈനക്കാർ കണ്ടെത്തിയത് അണുബാധയുടെ ഫലമായി ശ്വാസകോശ പാതകളിൽ കട്ടിയുള്ള മ്യൂക്കസ് രൂപപ്പെടുകയും,വായുമാർഗങ്ങളെ അടയ്ക്കുകയും ചെയ്യുന്നുവെന്നാണ്. ചികിത്സയ്ക്കായി ഈ എയർവേയുടെ തടസ്സങ്ങൾ മാറ്റേണ്ടതുണ്ട്, അത് ശ്രമകരമാണ്, വിജയിക്കാൻ ധാരാളം ദിവസങ്ങളെടുക്കും.
സ്വയം പരിരക്ഷയ്ക്കുള്ള അവരുടെ ശുപാർശകൾ ഇവയാണ്:
1. ധാരാളം ചൂടുള്ള ദ്രാവകങ്ങൾ, കോഫി, സൂപ്പ്, ചായ, ചെറുചൂടുള്ള വെള്ളം എന്നിവ കുടിക്കുക. ഓരോ 20 മിനിറ്റിലും ഒരു സിപ്പ് ചെറുചൂടുള്ള വെള്ളം കഴിക്കുന്നത് നിങ്ങളുടെ വായിൽ നനവുള്ളതാക്കുകയും, വായിലേക്ക് പ്രവേശിച്ച വൈറസുകൾ നിങ്ങളുടെ വയറ്റിലേക്ക് എത്തിക്കുകയും ചെയ്യും, അതോടെ ശ്വാസകോശത്തിലേക്ക് എത്താതെ ഗ്യാസ്ട്രിക് ദ്രവങ്ങൾ അവയെ നിർവീര്യമാക്കും.
2. വിനാഗിരി, ഉപ്പ് അല്ലെങ്കിൽ നാരങ്ങ ഇവയി ലേതെങ്കിലും ചെറുചൂടുള്ള വെള്ളത്തിൽ ലയിപ്പിച്ച് ദിവസത്തിൽ ഒരു നേരമെങ്കിലും വായിൽ കുലുക്കുഴിയുക.
3. വൈറസ് മുടിയിലും,വസ്ത്രത്തിലും സ്വയം പറ്റിപ്പിടിക്കപ്പെടുന്നു, ഏതെങ്കിലും സോപ്പ് ഉപയോഗിക്കുന്നതു വഴി അവയെ നശിപ്പിക്കാം.
4. നിങ്ങൾ പുറത്തു നിന്ന് വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ, എവിടെയും ഇരിക്കുന്നത് ഒഴിവാക്കി ബാത്ത്റൂമിലേക്കോ, ഷവറിലേക്കോ പോയി ശരീര ശുചിത്വം ഉറപ്പു വരുത്തുക.
5. നിങ്ങളുടെ വസ്ത്രങ്ങൾ ദിവസവും കഴുകുക, അത് സാധ്യമല്ലെങ്കിൽ നേരിട്ട് സൂര്യപ്രകാശത്തിൽ തൂക്കിയിടുക, ഇത് വൈറസിനെ നിർവീര്യമാക്കുന്നു.
6. ലോഹ ഉപരിതലങ്ങൾ വളരെ ശ്രദ്ധാപൂർവ്വം കഴുകുക, ഈ പ്രതലങ്ങളിൽ വൈറസിന് 9 ദിവസം വരെ അതിജീവിക്കാനാകും.
7. ഹാൻഡ് റെയ്‌ലുകളും, വാതിൽ ഹാൻഡിലുകളും സ്പർശിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക. നിങ്ങളുടെ വീട്ടിലെ ഹാൻഡിലുകളും ഹാൻഡ് റെയിലുകളും വൃത്തിയാക്കാൻ സോപ്പ് ഉപയോഗിക്കുക.
5. പുകവലി പൂർണ്ണമായും ഒഴിവാക്കുക, പുകവലിക്കാർക്ക് വൈറസ് ബാധിക്കാനുള്ള സാധ്യത വളരെ വലുതാണ്.
6. സോപ്പ് ഉപയോഗിച്ച് നിങ്ങളുടെ കൈകൾ പതിവായി കഴുകുക, ഇത് 20 സെക്കൻഡ് നേരം ചെയ്യുക, കൈകൾ നന്നായി കഴുകുക.
7. നിങ്ങളുടെ വിറ്റാമിൻ സി അളവ് മാത്രമല്ല സിങ്ക് അളവ് ഉയർത്താൻ ശ്രമിക്കുന്നതിന് ധാരാളം പഴങ്ങളും, പച്ചക്കറികളും കഴിക്കുക
8. മൃഗങ്ങൾ ആളുകളിലേക്ക് വൈറസ് പടർത്തുന്നില്ല, ഇത് ഒരു വ്യക്തിയിൽ നിന്ന് വ്യക്തികളിലേക്ക് മാത്രം പകരുന്നതാണ്.
9. കഴിയുന്നത്ര തണുത്ത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.
10. നിങ്ങളുടെ തൊണ്ടയിൽ എന്തെങ്കിലും അസ്വസ്ഥതയോ, തൊണ്ടവേദനയോ അനുഭവപ്പെട്ടാൽ ചൂടുവെള്ളം അല്ലെങ്കിൽ മറ്റേതെങ്കിലും ചൂട് പാനീയങ്ങൾ ഇടയ്ക്കിടെ കുടിക്കുക.
11. വൈറസ് ശ്വാസകോശത്തിലേക്ക് കടക്കുന്നതിന് മുമ്പ് 3 – 4 ദിവസം തൊണ്ടയിൽ തന്നെ സ്ഥിതി ചെയ്യും, ഈയവസരത്തിൽ അവയെ നശിപ്പിക്കുന്നത് താരതമ്യേന എളുപ്പവും.
എല്ലാവർക്കും ആശംസകൾ ഒപ്പം സ്വയം പരിപാലിച്ച് ഈ വിവരങ്ങൾ കൈമാറുക,
മഹാമാരിയെ കഴിയുന്നത്ര ചെറുക്കുന്നതിന് ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു…

നമുക്ക് പോസ്റ്റിലെ മാര്‍ഗനിര്‍ദ്ദേശങ്ങളെ പറ്റി അന്വേഷിച്ചു നോക്കാം
വസ്തുത വിശകലനം
പോസ്റ്റിൽ നൽകിയിരിക്കുന്ന പ്രധാന വാദം ധാരാളം ചൂടുള്ള ദ്രാവകങ്ങൾ, കോഫി, സൂപ്പ്, ചായ, ചെറുചൂടുള്ള വെള്ളം എന്നിവ കുടിക്കുക. ഓരോ 20 മിനിറ്റിലും ഒരു സിപ്പ് ചെറുചൂടുള്ള വെള്ളം കഴിക്കുന്നത് നിങ്ങളുടെ വായിൽ നനവുള്ളതാക്കുകയും, വായിലേക്ക് പ്രവേശിച്ച വൈറസുകൾ നിങ്ങളുടെ വയറ്റിലേക്ക് എത്തിക്കുകയും ചെയ്യും, അതോടെ ശ്വാസകോശത്തിലേക്ക് എത്താതെ ഗ്യാസ്ട്രിക് ദ്രവങ്ങൾ അവയെ നിർവീര്യമാക്കും എന്നതാണ്. ഞങ്ങൾ ഇതേപ്പറ്റി പ്രമുഖ ആയുർവേദ – ഇംഗ്ലീഷ് ഡോക്ടർമാരുടെ അഭിപ്രായം ചോദിച്ചിരുന്നു.
ആലപ്പുഴ മെഡിക്കൽ കോളേജിലെ പൾമൊണളജി വിദഗ്ധൻ ഡോ. വേണുഗോപാൽ നൽകിയ വിശദീകരണം ഇങ്ങനെയാണ്:വായിൽ പ്രവേശിച്ച കോവിഡ് 19 വൈറസിനെ അകറ്റാൻ ചൂട് ദ്രാവകങ്ങൾ അൽപ്പാൽപ്പമായി കഴിച്ചാൽ മതി എന്നത് തെറ്റായ വിവരമാണ്. ചൂട് വെള്ളം കുടിക്കുമ്പോൾ തൊണ്ടയിൽ അസ്വസ്ഥതയുള്ളവർക്ക് അല്പം ആശ്വാസം തോന്നുക സ്വാഭാവികമാണ്. അല്ലാതെ ഇതിന് മറ്റു ഗുണങ്ങൾ ഒന്നുമില്ല. യഥാർത്ഥത്തിൽ നിങ്ങളുടെ പ്രതിരോധശേഷിയെ ആശ്രയിച്ചാണ് വൈറസുകൾ ശരീരത്തിൽ പ്രവർത്തിക്കുന്നത്. നമ്മുടെ ശരീരത്തിലെ ചില എൻസൈമുകൾക്ക് ബാക്ടീരിയകളെ നശിപ്പിക്കാനുള്ള ശേഷിയുണ്ട്. എന്നാൽ ചില വൈറസുകളുടെ കാര്യത്തിൽ ഇത് നടപ്പില്ല. പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള മാർഗങ്ങളും രോഗ വ്യാപനം തടയാനുള്ള മാർഗങ്ങളും കർശനമായി പാലിക്കുക എന്നത് മാത്രമാണ് നിലവിൽ പോംവഴി. വൈറസ് ശ്വാസ കോശത്തിലേയ്ക്ക് കടക്കും മുമ്പ് മൂന്നുനാലു ദിവസം തൊണ്ടയിൽ തന്നെ സ്ഥിതി ചെയ്യും എന്നതും തെറ്റായ കാര്യമാണ്. ലോഹപ്രതലത്തിൽ ഇവയ്ക്ക് മൂന്നു ദിവസം വരെ ആയുസ്സുണ്ട് എന്നതാണ് വാസ്തവം. പോസ്റ്റിൽ നൽകിയിട്ടുള്ള ബാക്കി കാര്യങ്ങൾ പിന്തുടരുന്നത് ഗുണം ചെയ്യും
കോവിഡ് 19ന്‍റെ ആയുസ്സിനെ പറ്റി ഞങ്ങള്‍ പ്രസിദ്ധീകരിച്ച ലേഖനം താഴെയുള്ള ലിങ്ക് തുറന്നു വായിയ്ക്കാം
ആലപ്പുഴയിലെ പ്രമുഖ ആയുർവേദ ഫിസിഷ്യനായ ഡോ. വിഷ്ണു നമ്പൂതിരി കോവിഡ് പ്രതിരോധത്തിനായി പാലിക്കേണ്ട ആയുർവേദ ചര്യകളെപ്പറ്റി പറയുന്ന വീഡിയോ താഴെ കൊടുക്കുന്നു.
പോസ്റ്റിൽ നൽകിയിരിക്കുന്ന ചില കാര്യങ്ങൾ പൂർണ്ണമായി തെറ്റാണെന്നും ബാക്കിയുള്ളവ വാസ്തവമാണെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ആധികാരിമായ വിവരങ്ങള്‍ മാത്രം സ്വീകരിക്കാന്‍ ശ്രദ്ധിയ്ക്കുക. വൈറസ് ബാധയെ പറ്റി സംശയമുണ്ടെങ്കില്‍ സ്വയം ചികില്‍സയോ നുറുങ്ങുവിദ്യകളോ നടത്താതെ എത്രയും വേഗം ആരോഗ്യവകുപ്പിനെ വിവരമറിയിക്കുക.
കോവിഡ് 19 രോഗികളുടെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് ചൈന പുറത്തു വിട്ടതായി ഇതുവരെ വാര്‍ത്തകളില്ല. ഇത്തരം രോഗികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മാര്‍ട്ടം ചെയ്യുന്നതിന് ലോകാരോഗ്യ ചില മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ വച്ചിട്ടുണ്ട്. ചൈനയില്‍ നടന്ന ഒരു കോവിഡ് 19 പോസ്റ്റ്മാര്‍ട്ടത്തെ പറ്റി വൈറസ് പൂര്‍ണ്ണമായും നശിപ്പിക്കുന്നത് ശ്വാസകോശത്തെയാണ് എന്നൊരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതല്ലാതെ ചൈനയില്‍ നടന്ന കോവിഡ് 19 പോസ്റ്റ്മാര്‍ട്ടത്തെ പറ്റി വാര്‍ത്തകള്‍ ലഭ്യമല്ല. കോവിഡ് 19 വൈറസ് മരണശേഷവും രോഗിയുടെ രക്തത്തില്‍ ജീവിക്കും എന്നൊരു ലേഖനം ടൈംസ് ഓഫ് ഇസ്രേയല്‍ എന്ന മാധ്യമം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിഗമനം
പോസ്റ്റിൽ നൽകിയിരിക്കുന്ന കാര്യങ്ങൾ ഭാഗികമായി ശരിയാണ്. മുകളിൽ നൽകിയ വസ്തുതകൾ പൂർണ്ണമായും മനസ്സിലാക്കി മാത്രം സാമൂഹിക മാധ്യങ്ങളിലൂടെ കോവിഡ് 19 നെ പറ്റി പ്രചരിച്ചു കിട്ടുന്ന അറിവുകൾ പിന്തുടരുക

Title:ചൂടുള്ള ദ്രാവകങ്ങൾ അൽപാൽപമായി കഴിക്കുന്നത് കോവിഡ് 19 വൈറസിനെ നശിപ്പിക്കും എന്നത് തെറ്റായ വിവരമാണ്
Fact Check By: Vasuki SResult: Partly False
