ശശി തരൂർ എംപി സ്വന്തം മുന്നണിയെ തള്ളി പറഞ്ഞുവെന്നും സംസ്ഥാന സർക്കാരിനെ അനുകൂലിച്ച് ചില പരാമർശങ്ങൾ നടത്തിയെന്നും ചില പ്രചാരണങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നുണ്ട്

പ്രചരണം

ശശി തരൂരിന്‍റെ ചിത്രത്തോടൊപ്പം അദ്ദേഹത്തിന്‍റെ പ്രസ്താവനയായി നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ്: എൽഡിഎഫ് എടുക്കുന്ന എന്തു നിലപാടിനെയും കണ്ണടച്ച് എതിർക്കുന്ന യുഡിഎഫ് പിന്തുടരുന്നത് വിനാശകരമായ പ്രതിപക്ഷ രാഷ്ട്രീയം ശശി തരൂർ എംപി”

archived linkFB post

ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ അദ്ദേഹത്തിന്‍റെ ചില നിലപാടുകള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് മറ്റൊരു തരത്തിലാക്കി പ്രചരിപ്പിക്കുകയാണ് എന്ന് വ്യക്തമായി. യുഡിഎഫിനെ വിമര്‍ശിച്ച് അദ്ദേഹം ഒന്നും തന്നെ പറഞ്ഞിട്ടില്ല.

വസ്തുത ഇങ്ങനെ

പ്രചരണം ഫേസ്ബുക്കില്‍ വ്യാപകമായി നടക്കുന്നുണ്ട്.

കഴിഞ്ഞദിവസം കെ-റെയിൽ പദ്ധതിക്കെതിരെ യുഡിഎഫ് പാര്‍ലമെന്‍റ് അംഗങ്ങൾ റെയിൽവേ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ തരൂർ എംപി ഒപ്പു വെച്ചിരുന്നില്ല. കൂടാതെ തിരുവനന്തപുരം ലുലുമാളിന്‍റെ ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രിയെ അഭിനന്ദിച്ച് അദ്ദേഹം സംസാരിച്ചിരുന്നു. ശശി തരൂർ ഇതുവഴി കോൺഗ്രസ് പാർട്ടിയെ പ്രതിരോധത്തിൽ ആക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു.

ഇതേതുടർന്നാണ് യുഡിഎഫ് പിന്തുടരുന്നത് വിനാശകരമായ ഇടതുപക്ഷ രാഷ്ട്രീയമാണ് എന്ന് ശശി തരൂര്‍ പ്രസ്താവിച്ചു എന്ന മട്ടിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരണം ആരംഭിച്ചത്.

തനിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ആരോപണങ്ങൾക്ക് വിശദീകരണമായി ശശി തരൂര്‍ മാതൃഭൂമിയുടെ ഇംഗ്ലീഷ് പതിപ്പില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. “എന്‍റെ രാഷ്ട്രീയ ജീവിതത്തിൽ ഏറെ തെറ്റിദ്ധരിക്കപ്പെടുകയാണ് ഉണ്ടായിട്ടുള്ളത്. കോൺഗ്രസുകാരനായ ഞാൻ മുഖ്യമന്ത്രി പിണറായി വിജയനോട്‌ ഉദാരത പുലർത്തുന്നു എന്ന തരത്തിലാണ് മാധ്യമങ്ങളിൽ വാർത്തകൾ വരുന്നത്. കെ-റെയിലിനെ എതിർത്ത് കേരളത്തിലെ യുഡിഎഫ് എംപിമാർ റെയിൽവേ മന്ത്രിക്ക് അയച്ച കത്തിൽ ഞാൻ ഒപ്പിട്ടിട്ടില്ല എന്നതാണ് ആദ്യത്തെ സംഭവം. തിരുവനന്തപുരത്ത് ലുലുമാളിന്‍റെ ഉദ്ഘാടനവേളയിൽ സംസ്ഥാനത്ത് സ്വകാര്യ നിക്ഷേപകരെ മുഖ്യമന്ത്രി സ്വാഗതം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള എന്‍റെ വാക്കുകളും കെ-റെയിലുമായി ചേർത്ത് വായിക്കപ്പെട്ടു.

സിപിഎം വക്താവ് വികസനത്തിന് അനുകൂലമാണ് ഞാൻ എന്ന രീതിയിൽ തന്ത്രപരമായി എന്നെ അഭിനന്ദിച്ചു. തിരുവനന്തപുരം വിമാനത്താവളം ഉൾപ്പെടെയുള്ള പല വിഷയങ്ങളിലും ഞാൻ സിപിഎമ്മിനെയും മുഖ്യമന്ത്രിയും എതിർത്തിട്ടുണ്ട് എന്നത് സൗകര്യപൂർവം വിസ്മരിക്കപ്പെട്ടു. ഞാൻ എടുത്ത ആദർശപരമായ നിലപാടായിരുന്നില്ല രണ്ടു കൂട്ടരും പരിഗണിച്ചത്. സ്ഫടികം പോലെ സുതാര്യമായ എന്‍റെ വാദങ്ങള്‍ ആ ഒരൊറ്റ അനുമാനത്തിൽ അതായത് ഞാൻ പരസ്യമായി മുഖ്യമന്ത്രിയെ പിന്തുണച്ചു എന്നതിലേക്ക് ചുരുക്കപ്പെട്ടു. കെ റെയില്‍ പദ്ധതിയെക്കുറിച്ച് നന്നായി പഠിക്കാതെ അക്കാര്യത്തില്‍ ഒരു നിലപാട് എടുക്കാനാവില്ല. അങ്ങിനെയൊരു പഠനം ഇനിയും നടത്തിയിട്ടില്ലെന്നതിനാലാണ് കത്തില്‍ ഒപ്പ് വെയ്ക്കാതിരുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നീളുന്ന സെമി ഹൈസ്പിഡ് റെയില്‍ (Silver Line) പദ്ധതിയുടെ പ്രത്യാഘാതങ്ങള്‍ വിശദമായി മനസ്സിലാക്കേണ്ടതുണ്ട്. അതുകൊണ്ടുമാത്രമാണ് എംപിമാരുടെ കത്തില്‍ ഒപ്പുവെയ്ക്കാതിരുന്നത്.

ഇത്തരം സമീപനമാണ് കേരളത്തിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമാവുകയെന്നും അല്ലാതെ കണ്ണടച്ച് ഒരു പദ്ധതിയെയും എതിര്‍ക്കുന്നത് ജനാധിപത്യത്തില്‍ സ്വാഗതാര്‍ഹമായ നിലപാടല്ലെന്നും തരൂര്‍ പറയുന്നു. ലുലുമാള്‍ ഉദ്ഘാടന ചടങ്ങില്‍ താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനോട് താന്‍ ഉദാരത പുലര്‍ത്തുകയാണെന്ന രീതിയില്‍ വ്യാഖ്യാനിക്കപ്പെടുക ആയിരുന്നുവെന്നും തരൂര്‍ പറയുന്നു.

കേരളത്തിലെ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ കിട്ടണമെങ്കില്‍ നിലവിലെ സാമ്പത്തിക അന്തരീക്ഷം മാറേണ്ടതുണ്ടെന്നാണ് താന്‍ പറഞ്ഞതെന്ന് തരൂര്‍ ചൂണ്ടിക്കാട്ടുന്നു. യൂസഫലിയോട് കേരള സര്‍ക്കാരിനുള്ള സമീപനം ചെറുകിട ഇടത്തരം വ്യവസായ സംരംഭകരോടും ഉണ്ടാവണം. കേരളത്തിലേക്ക് കൂടുതല്‍ സ്വകാര്യ നിക്ഷേപകര്‍ വരണം. ബിസിനസ് ചെയ്യാന്‍ പറ്റിയ സ്ഥലമാണ് കേരളം. (Kerala is open for business) എന്ന സന്ദേശം ലോകത്തിന് കിട്ടണം. ഇത്തരമൊരു സന്ദേശം തന്റെ പ്രസംഗത്തിലൂടെ നല്‍കിയതിനാണ് താന്‍ മുഖ്യമന്ത്രിയെ പ്രശംസിച്ചതെന്നും തരൂര്‍ പറയുന്നു.”

തന്നെ എന്നെ നിലപാടുകളും തനിക്കെതിരെയുള്ള ആരോപണങ്ങളെ കുറിച്ചുള്ള വിശദീകരണം ഉൾപ്പെടുത്തി അദ്ദേഹം മാതൃഭൂമി പ്രസിദ്ധീകരിച്ച ലേഖനം ഇവിടെ വായിക്കാം. ശശി തരൂര്‍ എംപി തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രസ്തുത ലേഖനം പങ്കുവച്ചിട്ടുണ്ട്. ലേഖനത്തിന്‍റെ മലയാളം പതിപ്പ് ലഭ്യമാണ്.

കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ ശശി തരൂർ എംപിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. യു ഡി എഫിന് എതിരായോ കോണ്‍ഗ്രസിന്‌ എതിരായോ അദ്ദേഹം യാതൊന്നും തന്നെ എന്നെ പറഞ്ഞിട്ടില്ല എന്നും ഈ വിഷയത്തിൽ അദ്ദേഹത്തിന് പറയാനുള്ളത് മാതൃഭൂമിയുടെ ലേഖനത്തില്‍ നൽകിയിട്ടുള്ളത് തന്നെയാണെന്നും അദ്ദേഹത്തിന്‍റെ പേഴ്സണൽ സ്റ്റാഫ് അംഗം വ്യക്തമാക്കി.

ശശി തരൂർ എംപി കെ-റെയില്‍ പദ്ധതിക്കെതിരായ നിവേദനത്തിൽ ഒപ്പ് വയ്ക്കാതിരുന്നതും കേരളത്തിലേയ്ക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്ന വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിനോട് യോജിപ്പ് പ്രകടിപ്പിച്ചതും ദുര്‍വ്യാഖ്യാനം ചെയ്ത് പ്രചരിപ്പിക്കുകയാണ് എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം

പോസ്റ്റിലെ പ്രചരണം വാസ്തവവിരുദ്ധമാണ്. യുഡിഎഫ് പിന്തുടരുന്നത് വിനാശകരമായ പ്രതിപക്ഷ രാഷ്ട്രീയമാണ് എന്ന് ശശി തരൂർ എംപി ഒരിടത്തും പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്‍റെ വാക്കുകൾ വളച്ചൊടിച്ച് മറ്റൊന്നായി പ്രചരിപ്പിക്കുകയാണ്. രണ്ടുകാര്യങ്ങളിൽ ശശി തരൂർ എംപി സ്വീകരിച്ച നിലപാട് ദുര്‍വ്യാഖ്യാനം ചെയ്ത് മറ്റൊരുതരത്തിൽ അവതരിപ്പിക്കുകയാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:എല്‍ഡിഎഫിനെ അനുകൂലിച്ച് ശശി തരൂര്‍ എംപി നിലപാടെടുത്തു എന്ന പ്രചരണത്തിന്‍റെ സത്യമറിയൂ...

Fact Check By: Vasuki S

Result: False