വിവരണം

എംഎസ്എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ എംഎസ്എഫ് വനിത സംഘടന ഹരിത പരസ്യമായി രംഗത്ത് വന്നതോടെ വലിയ രാഷ്ട്രീയ കോലാഹലങ്ങളാണ് മുസ്‌ലിം ലീഗില്‍ ഇപ്പോള്‍ അരങ്ങേറുന്നത്. കോഴിക്കോട് നടന്ന എംഎസ്എഫ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സംസ്ഥാന പ്രസിഡിന്‍റ് പി.കെ.നവാസ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നും ഹരിത നേതാക്കളെ വേശ്യയുമായി ഉപമിച്ചെന്നും ആരോപിച്ച് ഹരിത നേതൃത്വം മുസ്‌‌ലിം ലീഗ് നേതൃത്വത്തിനും പിന്നീട് നടപടി സ്വീകരിക്കാതെ വന്നപ്പോള്‍ വനിത കമ്മീഷനെ സമീപ്പിക്കുകയും ചെയ്തതായി വാര്‍ത്തകള്‍ പുറത്ത് വന്നിട്ടുണ്ട്.

അതെ സമയം വിഷയവുമായി ബന്ധപ്പെട്ട് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടാണ് ഇപ്പോള്‍ എതിര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പേജുകളിലെയും ഗ്രൂപ്പുകളിലെയും ചര്‍ച്ചാ വിഷയം. ഹരിത നേതാവ് ഫാത്തിമ തെഹലിയ എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റിനെതിരെ പീഡന ആരോപണം നടത്തിയെന്നതാണ് വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്. പി.കെ.നവാസ് തന്നെയും പല തവണ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ഫാത്തിമ തഹലിയ, കൂടുതല്‍ തെളിവുകള്‍ ഉടന്‍ പുറത്ത് വിടും.. എന്ന് തലക്കെട്ടും ചിത്രവും സഹിതം നല്‍കി മനോരമയുടെ സ്ക്രീന്‍ഷോട്ടാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. പിണറായി വിജയന്‍ ഫോര്‍ കേരള എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് 443ല്‍ അധികം റിയാക്ഷനുകളും 95ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ യതാര്‍ത്ഥത്തില്‍ ഇത്തരമൊരു പീഡന ആരോപണ വാര്‍ത്ത മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

മനോരമ ന്യൂസ് വെബ്സൈറ്റ് പരിശോധിച്ചതില്‍ നിന്നും സക്രീന്‍ഷോട്ട് വ്യാജമാണെന്നും മനോരമ ന്യൂസിന്‍റെ പേരില്‍ ഇത് പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ച് മനോരമ ന്യൂസ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കൂടാതെ ഇത്തരത്തില്‍ ഫാത്തിമ തഹലിയ ഒരു ആരോപണം എംഎസ്എഫ് നേതാവിനെതിരെ ഉന്നിയിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ കീ വേര്‍ഡ് ഉപയോഗിച്ച് പരിശോധിച്ചെങ്കിലും യാതൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

മനോരമ ന്യസ് ലോഗോ ഉപയോഗിച്ച് പ്രചരിക്കുന്ന വ്യാജ സ്ക്രീന്‍ഷോട്ടിനെതിരെ മനോരമ നല്‍കിയ വാര്‍ത്ത-

Manorama NewsArchived Link

നിഗമനം

മനോരമ ന്യൂസ് തന്നെ ഇത് തങ്ങളുടെ പേരില്‍ പ്രചരിപ്പിക്കുന്ന എഡിറ്റ് ചെയ്ത വ്യാജ സ്ക്രീന്‍ഷോട്ടാണെന്ന് വിശദീകരിച്ച് രംഗത്ത് വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റിനെതിരെ ഹരിത നേതാവ് പീഡന പരാതി ഉന്നയിച്ചു എന്ന പേരില്‍ മനോരമ ന്യൂസിന്‍റെ പേരില്‍ വ്യാജ സ്ക്രീന്‍ഷോട്ട്.. വസ്‌തുത ഇതാണ്..

Fact Check By: Dewin Carlos

Result: False