പ്രചരണം

പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി വാർത്തകളിൽ ഇടം നേടിയ ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി സഞ്ജീവ് വചസ്പതിയുമായി ബന്ധപ്പെട്ട ഒരു പ്രചരണം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്.

സഞ്ജീവ് വചസ്പതിയുടെ ചിത്രത്തോടൊപ്പം നൽകിയിരിക്കുന്ന വാചകങ്ങള്‍ ഇതാണ്: പെൺകുട്ടികളെ മുസ്ലിം-ക്രിസ്ത്യൻ യുവാക്കൾ പ്രേമിച്ച് സിറിയയിൽ കൊണ്ടുപോകുന്നു. അവിടെ അവർ തീവ്രവാദികളെ പ്രസവിക്കുന്നു. തടയാൻ ബി ജെ പിക്ക് ഒരു വോട്ട്... വർഗീയ പ്രചാരണവുമായി സന്ദീപ് വചസ്പതി. അടിക്കുറിപ്പായി “ഇത് പോലെയുള്ള മതഭ്രാന്തൻമാരായ നാറികളെ ആദ്യം നാട് കടത്തണം എന്നിട്ട് ഇലക്ഷൻ നടത്തണം” എന്നും നൽകിയിട്ടുണ്ട്.

archived linkFB post

ഞങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന സഞ്ജീവ് വചസ്പതിയുടെ ഈ പ്രസ്താവനയെ കുറിച്ച് അന്വേഷിച്ചു. അദ്ദേഹത്തിന്‍റെ ആശയം തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിൽ മറ്റൊന്നാക്കി പ്രചരിപ്പിക്കുകയാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലായി.

അന്വേഷണത്തിന്‍റെ വിശദാംശങ്ങള്‍ ഇങ്ങനെ:

വസ്തുത വിശകലനം

ഞങ്ങൾക്ക് അന്വേഷണത്തിൽ റിപ്പോർട്ടർ ചാനൽ ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച ഒരു വാർത്ത ലഭിച്ചു. “ഹിന്ദു പെൺകുട്ടികളെ പ്രേമിച്ച സിറിയയിൽ കൊണ്ട് പോകുന്നു അവിടെ അവർ തീവ്രവാദികളെ പ്രസവിക്കുന്നു തടയാൻ ബിജെപിക്ക് ഒരു വോട്ട് വർഗീയ പ്രചാരണവുമായി സന്ദീപ് വചസ്പതി” എന്ന തലക്കെട്ടിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഈ വാർത്തയ്ക്ക് ആധാരമായ വീഡിയോ അവർ തന്നെ ലേഖനത്തോടൊപ്പം നൽകിയിട്ടുണ്ട്. അതിൽ സന്ദീപ്‌ വചസ്പതിയുടെ അദ്ദേഹത്തിന്‍റെ സംഭാഷണം ആരംഭിക്കുന്നത് ഇങ്ങനെയാണ്: നമ്മുടെ പെൺകുട്ടികളുടെ അവസ്ഥ നിങ്ങൾ ചിന്തിച്ചോ...? ഇപ്പോള്‍ ഒരു ഹിന്ദു പെണ്‍കുട്ടി മുസ്ലിമിനെ പ്രേമിക്കുന്നതിന് നമ്മളാരും എതിരൊന്നുമല്ല. കൃസ്ത്യാനിക്കും... ആര്‍ക്കും ആരെ വേണമെങ്കിലും പ്രേമിച്ച് വിവാഹം കഴിക്കാം. പക്ഷേ മാന്യമായി ജീവിപ്പിക്കണം. എന്നാല്‍ ഇവിടെ ചെയ്യുന്നത് എന്താ. നമ്മുടെ പെണ്‍കുഞ്ഞുങ്ങളെ പ്രേമിച്ച് സിറിയയില്‍ കൊണ്ട് പോവുകയാണ്. എന്തിനാണ് സിറിയയില്‍ കൊണ്ട് പോകുന്നത്. അറുപത് പേരുടെയൊക്കെ ഭാര്യയായിട്ടാണ് പെണ്‍കുഞ്ഞുങ്ങളെ ഉപയോഗിക്കുന്നത്. തീവ്രവാദികളാണ്. തീവ്രവാദികളുടെ എണ്ണം കൂട്ടാന്‍ പ്രസവിച്ച് കൂട്ടുകയാണ്. അതിന് നമ്മുടെ പെണ്‍കുഞ്ഞുങ്ങളെ കൊണ്ട് പോവുകയാണ്. ഇത് ആരാ തടയേണ്ടത്. നമ്മുടെ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യുന്നുണ്ടോ നല്‍കിയെന്ന് പറയുന്നു. മതേതരത്വം നമ്മുടെ മാത്രം ബാധ്യതയാണോ. ഇങ്ങോട്ട് എന്തുമാവാം. അങ്ങോട്ട് ചോദിച്ചാല്‍ മതേതരത്വം ആണ്. ഇതൊക്കെയാണ് നമ്മുടെ നാട്ടില്‍ നടക്കുന്നത്. അതുകൊണ്ട് നിങ്ങള്‍ നോക്കി വോട്ട് ചെയ്യണം. ഇപ്പോള്‍ ഒരു ഷോക്ക് കൊടുത്തില്ലെങ്കില്‍ നമ്മുടെ നാട് നശിച്ച് പോകും. അതുകൊണ്ടാണ് ബിജെപിക്ക് വോട്ട് ചെയ്യണം എന്ന് പറയുന്നത്.’ ഇതാണ് സന്ദീപ്‌ വചസ്പതിയുടെ സംഭാഷണത്തിന്റെ പൂര്‍ണ്ണരൂപം.

അദ്ദേഹം വളരെ പൊതുവായി പറഞ്ഞ ഒരു കാര്യം വർഗീയ പരിവേഷം നൽകി പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. നാട്ടിലെ കൃസ്ത്യാനികളെയോ മുസ്ലിങ്ങളെയോ കുറ്റപ്പെടുത്തിയോ ഇകഴ്ത്തിയോ അദ്ദേഹം ഒന്നും തന്നെ പറയുന്നില്ല. പെണ്‍കുട്ടികളെ വശീകരിച്ച് തീവ്രവാദികള്‍ കൊണ്ട് പോകുന്നതിനെ കുറിച്ചാണ് സന്ദീപ്‌ വചസ്പതി വിശദീകരിക്കുന്നത്.

നമ്മുടെ പെൺകുട്ടികളെ വശീകരിച്ച് സിറിയയില്‍ കൊണ്ടുപോയി പലതരം പീഡനത്തിനിരയാക്കുന്നു എന്നാണ് സന്ദീപ്‌ പങ്കുവെക്കുന്ന ആശയം. വാർത്തയുടെ കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ സന്ദീപ്‌ വചസ്പതിയുമായി നേരിട്ട് സംസാരിച്ചു.

അദ്ദേഹം ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇങ്ങനെയാണ്:

“നിങ്ങൾ ആ വീഡിയോ കണ്ടാൽ തന്നെ കാര്യങ്ങൾ വ്യക്തമാകും പ്രത്യേകിച്ച് ഒരു വിശദീകരണത്തിന്‍റെ ആവശ്യം പോലും വരില്ല. നമ്മുടെ നാട്ടിൽ ഹിന്ദു പെണ്‍കുട്ടികളെ വശീകരിച്ച് സിറിയയിൽ കൊണ്ടുപോകുന്ന സംഭവം ഞാൻ പറഞ്ഞുണ്ടാക്കിയത് ഒന്നുമല്ല. ഇവിടെ നടക്കുന്നതാണ്. അക്കാര്യമാണ് ഞാൻ വോട്ടർമാരോട് പങ്കുവെച്ചത്. എന്നാൽ അതിന് ഒരു വർഗീയ പരിവേഷം നൽകി പ്രചരിപ്പിക്കുകയാണ് ഉണ്ടായത്. അത് എന്‍റെ തെറ്റല്ല ഞാൻ ആ രീതിയിൽ ഏതെങ്കിലും സാമൂദായത്തിനെ ഏകപക്ഷീയമായി ഒന്നും പറഞ്ഞതല്ല. തീവ്രവാദത്തിനെതിരെയാണ് ഞാൻ സംസാരിച്ചത്. അത് മറ്റൊന്നാക്കി പ്രചരിപ്പിക്കുകയായിരുന്നു ഉണ്ടായത്.”

കേരളത്തിൽ നിന്നും പെൺകുട്ടികളെ വശീകരിച്ച് സിറിയയിലേക്ക് കൊണ്ടു പോകുന്നതിനെക്കുറിച്ച് സഞ്ജീവ് വചസ്പതി വോട്ടർമാരോട് വോട്ടു ചോദിക്കുമ്പോൾ പറഞ്ഞത് വർഗീയ പരിവേഷം നൽകി പ്രചരിപ്പിക്കുകയാണ് ഉണ്ടായത്.

നിഗമനം

പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. ക്രിസ്ത്യൻ-മുസ്ലിം യുവാക്കളെക്കുറിച്ചല്ല യഥാർത്ഥത്തിൽ സഞ്ജീവ് വചസ്പതി സംഭാഷണം നടത്തിയത്. തീവ്രവാദത്തോട് ചേർന്ന് പ്രവർത്തിക്കുന്നവര്‍ ഇവിടെ നിന്നും പെൺകുട്ടികളെ വശീകരിച്ച് സിറിയയിലേക്ക് കൊണ്ടുപോകുന്നുവെന്നും അവിടെ കൊടും പീഡനത്തിന് ഇരയാക്കുന്നു എന്നുമാണ് അദ്ദേഹം പങ്കുവെച്ച ആശയം.

Avatar

Title:ബിജെപി സ്ഥാനാര്‍ഥി സന്ദീപ് വചസ്പതി വർഗീയ പ്രചരണം നടത്തി എന്ന വാർത്തയുടെ സത്യാവസ്ഥ ഇതാണ്...

Fact Check By: Vasuki S

Result: Misleading