ശശി തരൂർ വിദേശമന്ത്രി ആയിരുന്ന കാലത്ത് അമേരിക്കയിൽ പങ്കെടുത്ത വിരുന്നിൽ പാക് വിദേശകാര്യ മന്ത്രി ഉണ്ടായിരുന്നു എന്ന പ്രചരണം വ്യാജമാണ്, സത്യമിങ്ങനെ..

അന്തർദേശീയം രാഷ്ട്രീയം | Politics

ശശി തരൂര്‍  യുപിഎ സര്‍ക്കാരിലെ വിദേശകാര്യമന്ത്രിയായിരുന്ന കാലത്ത് അമേരിക്ക സന്ദർശനത്തിനിടെ ഒരുക്കിയ വിരുന്നു സൽക്കാരത്തിൽ അമേരിക്കയിലെ വിവാദ വ്യവസായി ജോര്‍ജ് സോറസ് പങ്കെടുത്തുവെന്ന് ബിജെപി ഈയിടെ ആരോപിച്ചിരുന്നു. ഇത് കോൺഗ്രസ്സിന് സോറസുമായുള്ള ബന്ധമാണ് വ്യക്തമാക്കുന്നത് എന്നായിരുന്നു ബിജെപി ആരോപിച്ചത്. ഇതിനുശേഷം സാമൂഹ്യ മാധ്യമങ്ങളിൽ ഒരു പ്രചരണം നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. 

പ്രചരണം 

പാക്കിസ്ഥാന്‍ മുന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയെ ശശി തരൂർ സംഘടിപ്പിച്ച വിരുന്നിൽ ക്ഷണിച്ചുവെന്ന്  ജന്മഭൂമി ഓണ്‍ലൈന്‍ വാർത്ത നല്‍കിയതിന്റെ സ്ക്രീന്‍ഷോട്ടാണ് പ്രചരിക്കുന്നത്.

FB postarchived link

എന്നാൽ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ബിലാവൽ ഭൂട്ടോയെ  വിരുന്നിൽ ക്ഷണിച്ചുവെന്നും പങ്കെടുത്തുവെന്നുമുള്ള ആരോപണം തെറ്റാണെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി. 

വസ്തുത ഇതാണ് 

ജന്മഭൂമി വാര്‍ത്ത പരിശോധിച്ചപ്പോൾ തലക്കെട്ടില്‍ പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി എന്ന് മാത്രമാണ് പരാമര്‍ശമെങ്കിലും നല്‍കിയിരിക്കുന്ന ചിത്രം ബിലാവല്‍ ഭൂട്ടോയുടെതാണ്. 

ഉള്ളടക്കത്തില്‍ ബിലാവല്‍ ഭൂട്ടോയുടെ പേരുമുണ്ട്. ബിജെപിയുടെ ആരോപണത്തിനെതിരെ ശശി തരൂർ X അക്കൌണ്ടിൽ നല്കിയ വിശദീകരണം അന്വേഷണത്തിൽ ഞങ്ങൾക്ക് ലഭിച്ചു. 

കേന്ദ്രമന്ത്രിയായ തനിക്ക് വിരുന്നൊരുക്കിയത് അന്ന് അമേരിക്കയില്‍ ഐക്യരാഷ്ട്രസഭയുടെ ഇന്ത്യന്‍ പ്രതിനിധിയും നിലവിൽ  കേന്ദ്രമന്ത്രിയുമായ ഹര്‍ദീപ് സിങ് പുരി ആയിരുന്നു എന്നാണ് ശശി തരൂരിന്റെ വിശദീകരണം. പാകിസ്താൻ വിദേശകാര്യ മന്ത്രി ചടങ്ങിൽ പങ്കെടുത്തുവെന്ന് കുറിപ്പിൽ പരാമർശമില്ല. മാത്രമല്ല വിരു‍ന്ന് നടന്ന 2009 ല്‍ ബിലാവല്‍ ഭൂട്ടോ പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രിയായിരുന്നില്ല. 2022-23 കാലഘട്ടത്തിലാണ് ബിലാവല്‍ ഭൂട്ടോ വിദേശകാര്യമന്ത്രിയായത്.  2009-ല്‍ മഖ്ദൂംഷാ മഹ്മൂദ് ഖുറൈശിയായിരുന്നു വിദേശകാര്യമന്ത്രി.  പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ  വിശദാംശങ്ങൾ ലഭ്യമാണ്. 

ബിജെപി ഉന്നയിച്ച ആരോപണവുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോർട്ടുകളിൽ  ഒന്നിലും പാകിസ്താൻ വിദേശകാര്യ മന്ത്രി വിരുന്നിൽ പങ്കെടുത്തതായി പരാമർശമില്ല. ജോർജ് സോറസ് പങ്കെടുത്തതായി റിപ്പോർട്ടുകളിൽ പരാമർശമുണ്ട്. 

ശശി തരൂരിന്റെ എക്സ് പോസ്റ്റിന് മറുപടിയായി നിലവിലെ കേന്ദ്രമന്ത്രിയും അന്നത്തെ യുഎന്‍ പ്രതിനിധിയുമായ ഹര്‍ദീപ് സിങ് പുരി X ല്‍ പങ്കുവെച്ച പോസ്റ്റില്‍‌‍ വിരുന്നില്‍ പങ്കെടുത്തവരുടെ വിവരങ്ങൾ നല്‍കിയിട്ടുണ്ട്. ശശി തരൂരിന് വേണ്ടി വിരുന്നൊരുക്കിയത് താനായിരുന്നുവെന്നും എന്നാല്‍‍ അതിഥികളുടെ പട്ടിക നല്‍കിയത് ശശി തരൂര്‍ തന്നെയാണെന്നും ഹര്‍ദീപ് സിങ് പുരി വിശദമാക്കുന്നു.

കാലത്തും വൈകിട്ടും സംഘടിപ്പിച്ച സൽക്കാരങ്ങളിൽ ഒന്നിലും പാക് വിദേശകാര്യ മന്ത്രിയുടെ പേര് കാണാൻ സാധിച്ചില്ല.  ഇന്ത്യയുടെ അന്നത്തെ  വിദേശകാര്യമന്ത്രിയായിരുന്ന ശശി തരൂരിന് വേണ്ടി യുഎന്‍ പ്രതിനിധി ഹര്‍ദീപ് സിങ് പുരി ഒരുക്കിയ വിരുന്നിൽ ജോർജ് സോറസ് ക്ഷണിക്കപ്പെട്ടിരുന്നു. എന്നാൽ പാക് വിദേശകാര്യ മന്ത്രി ഉണ്ടായിരുന്നില്ല എന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. 

നിഗമനം 

2009 ൽ ശശി തരൂർ വിദേശകാര്യ മന്ത്രി ആയിരുന്ന കാലത്ത് അമേരിക്കയിൽ ഇപ്പോഴത്തെ കേന്ദ്രമന്ത്രിയായ ഹര്‍ദീപ് സിങ് പുരി ഒരുക്കിയ വിരുന്നിൽ പാക് വിദേശകാര്യ മന്ത്രി ക്ഷണിക്കപ്പെട്ടുവെന്നും പങ്കെടുത്തുവെന്നുമുള്ള തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണ്. അമേരിക്കയിലെ വിവാദ വ്യവസായി ജോർജ് സോറസ് പങ്കെടുത്തിരുന്നു, എന്നാൽ പാക് വിദേശകാര്യ മന്ത്രി ഉണ്ടായിരുന്നില്ല. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ശശി തരൂർ വിദേശമന്ത്രി ആയിരുന്ന കാലത്ത് അമേരിക്കയിൽ പങ്കെടുത്ത വിരുന്നിൽ പാക് വിദേശകാര്യ മന്ത്രി ഉണ്ടായിരുന്നു എന്ന പ്രചരണം വ്യാജമാണ്, സത്യമിങ്ങനെ..

Fact Check By: Vasuki S 

Result: False