വയനാട്ടില്‍ ഉരുള്‍പൊട്ടലിലും മലയിടിച്ചിലിലും അകപ്പെട്ട് ദാരുണമായി ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം ഇതുവരെ 300 കടന്നിരിക്കുന്നു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

കേരളത്തെ ഒന്നടങ്കം നടുക്കിയ ദുരന്തത്തില്‍ നിന്നും കരകയറാന്‍ രാജ്യമെമ്പാടുനിന്നും പലരും സഹായമെത്തിക്കുന്നുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകരും സിനിമ അഭിനേതാക്കളും ഇതില്‍ ഉള്‍പ്പെടും. കക്ഷി-രാഷ്ട്രീയ ഭേദമില്ലാതെ പല നേതാക്കളും ദുരന്തഭൂമി സന്ദര്‍ശിച്ച് വേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നുണ്ട്.

കാസര്‍ഗോഡ് എം‌പിയും മുതിര്‍ന്ന നേതാവുമായ രാജ്മോഹന്‍ ഉണ്ണിത്താന്‍ വയനാട് ദുരന്തം കണക്കാക്കാതെ ഈ സമയത്തും വിരുന്നുകളില്‍ പങ്കെടുക്കുന്നു എന്നാരോപിച്ച് ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്.

പ്രചരണം

രാജ്മോഹന്‍ ഉണ്ണിത്താന്‍ ഒരു സംഘം സ്ത്രീകളോടൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. വയനാട് ദുരന്തം രാജ്മോഹന്‍ ഉണ്ണിത്താനെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം ഉല്ലാസത്തോടെ വിരുന്നുകളില്‍ പങ്കെടുത്ത് നടക്കുകയാണെന്നും ആരോപിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഉണ്ണിത്താൻ അമ്മായിമാരോടൊപ്പം സൽക്കാരം അടിപൊളിക്കുന്നു....

വയനാടിലെ അവസ്ഥ ഉണ്ണിച്ചക്ക് അറിയാമോ

archived linkFB post

എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണിതെന്നും ചിത്രം വയനാട് മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നതിന് മുമ്പുള്ളതാണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

ഞങ്ങള്‍ ചിത്രത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഇതേ ചിത്രം രാജ്മോഹന്‍ ഉണ്ണിത്താന്‍ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ജൂലൈ 28 ന് പങ്കുവച്ചിരിക്കുന്നതായി കണ്ടു.

ഒപ്പം, “ഇന്ന് പയ്യന്നൂർ, കല്യാശേരി നിയോജകമണ്ഡലങ്ങളിൽ ആയിരുന്നു വിവിധ പരിപാടികൾ .

ഉച്ചക്ക് ഭക്ഷണം കഴിക്കാൻ മാട്ടൂൽ കായൽ തീരം ഹോട്ടലിൽ എത്തിയതായിരുന്നു. അവിടെ കഴിക്കാൻ വന്ന സഹോദരിമാരുടെ കൂടെ ഭക്ഷണം കഴിച്ചു.

കാസർഗോഡ് മണ്ഡലത്തിലെ ജനങ്ങൾ നൽകുന്ന സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി.” എന്ന വിവരണവും കൊടുത്തിട്ടുണ്ട്.

അതായത് ജൂലൈ 28 നാണ് അദ്ദേഹം ചിത്രം പോസ്റ്റു ചെയ്തിരിക്കുന്നത്. വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നതിന് രണ്ടുദിവസം മുമ്പ്. വയനാട് മടിക്കൈയില്‍ ഉരുള്‍പൊട്ടി ദുരന്തമുണ്ടായത് ജൂലൈ 30 വെളുപ്പിന് ഒരു മണിക്ക് ശേഷം ആയിരുന്നു. പ്രദേശത്ത് രണ്ടാമതും ഉരുൾപൊട്ടിയതായി പറയുന്നു. വൈത്തിരി താലൂക്ക്, വെള്ളേരിമല വില്ലേജ്, മേപ്പാടി പഞ്ചായത്തിലായിട്ടാണ് ഉരുൾ പൊട്ടിയത്. കഴിഞ്ഞതവണ ഉരുൾപൊട്ടിയ പുത്തുമലയ്ക്ക് അടുത്താണ് ഈ പ്രദേശം.

മാത്രമല്ല രാജ്മോഹന്‍ ഉണ്ണിത്താന്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരോടൊപ്പം മേപ്പാടി ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചിരുന്നു. ഇതിന്‍റെ വാര്‍ത്തയും ചിത്രവും അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്.

കൂടാതെ പല മാധ്യമങ്ങളുടെ വാര്‍ത്താ ബുള്ളറ്റിനുകളിലും രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ‌സി വേണുഗോപാല്‍ എന്നിവര്‍ക്കൊപ്പം രാജ്മോഹന്‍ ഉണ്ണിത്താന്‍ അനുഗമിക്കുന്നത് കാണാം.

രാജ്മോഹന്‍ ഉണ്ണിത്താന്‍ വയനാട് മടികൈയിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതായാണ് വ്യക്തമാകുന്നത്.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ജൂലൈ 28 ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ കാസര്‍ഗോഡ് ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്ന ചിത്രം അദ്ദേഹം തന്നെ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തതാണിത്. വയനാട് മടിക്കൈയില്‍ ഉരുള്‍പൊട്ടി ദുരന്തം ഉണ്ടാകുന്നതിന് മുമ്പുള്ളതാണ് ചിത്രം. ജൂലൈ 30 വെളുപ്പിന് ഒരു മണിയോടെയാണ് വയനാട് ആദ്യ ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നത്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:രാജ്മോഹന്‍ ഉണ്ണിത്താന്‍ ഭക്ഷണം കഴിക്കുന്ന ചിത്രം വയനാട് ദുരന്തം ഉണ്ടാകുന്നതിന് മുമ്പുള്ളതാണ്, സത്യമിങ്ങനെ...

Fact Check By: Vasuki S

Result: False