വിവരണം

നാടിനെ നടുക്കിയ വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ഇപ്പോഴും ജീവന്‍ രക്ഷാദൗത്യം പുരോഗമിക്കുകയാണ്. എന്നാല്‍ മൃതദേഹങ്ങളാണ് അധികവും ലഭിക്കുന്നത്. കന്നുകാലികളെയും നായകളെയും എല്ലാം പ്രദേശത്ത് നിന്നും കണ്ടെത്തെയിട്ടുണ്ട്. ഇപ്പോള്‍ മണ്ണിനടിയില്‍ കുടുങ്ങിയ നിലിയിലൊരു നായയെ വയനാട്ടിലെ ദുരന്തബാധിത മേഖലിയില്‍ നിന്നും രക്ഷപെടുത്തുന്നു എന്ന പേരില്‍ ഒരു റീല്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ട്രീസ തോമസ് എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Reel Archived Screenrecord

എന്നാല്‍ യഥാര്‍ത്ഥത്തില്‍ നായയെയും അതിന്‍റെ കുഞ്ഞുങ്ങളെയും രക്ഷിക്കുന്ന വീഡിയോ വയനാട്ടില്‍ ഇപ്പോള്‍ നടന്ന ഉരുള്‍പൊട്ടലില്‍ നിന്നുള്ള രംഗമാണോ? എന്താണ് വസ്‌തുത എന്ന് അറിയാം.

വസ്‌തുത ഇതാണ്

പ്രചരിക്കുന്ന വീഡിയോ കീ ഫ്രെയിമുകളായി ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും മനോരമ ഓണ്‍ലൈന്‍ പങ്കുവെച്ച ഇതെ കുറിച്ചുള്ള വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞു. 2021 ഒക്ടോബര്‍ 19നാണ് വാര്‍ത്ത മനോരമ ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പാലക്കാട് കപ്പൂര്‍ കാഞ്ഞിരത്താണി കണ്ടംകുളങ്ങര ഹൈദരാലിയുടെ വീട്ടിലുണ്ടായ മണ്ണിടിച്ചിലിലാണ് നായ അകപ്പെട്ടത്. നായയുടെ ദയനീയമായ കരച്ചില്‍ കേട്ട് രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് മണ്ണം നീക്കം ചെയ്തപ്പോഴാണ് മണ്ണിനടിയില്‍ നിന്നും നായയുടെ കുട്ടികളെയും കണ്ടെത്തിയത്. രണ്ട് നായക്കുട്ടികളെ മാത്രമെ ജീവനോടെ രക്ഷിക്കാന്‍ കഴിഞ്ഞുള്ളു. അമ്മ നായയെയും കുഞ്ഞുങ്ങളെയും രക്ഷപെടുത്തി പരിചരിക്കുകയാണെന്നാണ് അന്ന് പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ ഉള്ളടക്കം.

മനോരമ ഓണ്‍ലൈന്‍ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്-

Manorama Online

മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത വീഡിയോ കാണാം-

YouTube Video

നിഗമനം

2021 ഒക്ടോബര്‍ 19ന് പാലക്കാട് ഉണ്ടായ മണ്ണിടിച്ചിലില്‍ മണ്ണില്‍ അകപ്പെട്ട നായയെയും കുഞ്ഞുങ്ങളെയും രക്ഷിക്കുന്നതിന്‍റെ വീഡിയോയാണിത്. ഇപ്പോള്‍ ഉണ്ടായ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ലാ. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:നായയെ മണ്ണിടിച്ചിലില്‍ നിന്നും രക്ഷിക്കുന്ന ഈ വീഡിയോ വയനാട്ടിലെയോ? വസ്‌തുത അറിയാം..

Written By: Dewin Carlos

Result: Misleading