
വിവരണം
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രാജി സംബന്ധമായ വാര്‍ത്തകളും വിവാദങ്ങളുമാണ് സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ച വിഷയം. രാഹുല്‍ രാജി സന്നദ്ധത അറിയിച്ചെന്നും നേതാക്കള്‍ ഇത് തള്ളിയെന്നും രാജി സന്നദ്ധത സംബന്ധിച്ച വാര്‍ത്ത വ്യാജമാണെന്നും തുടങ്ങി പല തലങ്ങളിലാണ് ചര്‍ച്ചകള്‍ എത്തി നില്‍ക്കുന്നത്. ഇതിനിടയിലാണ് കൊണ്ടോട്ടി സഖാക്കൾ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ ഒരു പോസ്റ്റ് പങ്കുവയ്ക്കുന്നത്. “രാജി സ്വീകരിച്ച് തന്നെ വെറുതെ വിടണമെന്നും താന്‍ ലോകകപ്പ് ക്രിക്കറ്റ് കാണാന്‍ പൊക്കോട്ടെ” എന്നും രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തിനോട് ആവശ്യപ്പെട്ടു എന്നതാണ് കൊണ്ടോട്ടി സഖാക്കള്‍ പേജില്‍ പങ്കുവച്ചിരിക്കുന്ന പോസ്റ്റ്. പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം-
പോസ്റ്റില്‍ ഒരു വാര്‍ത്തയുടെ തലക്കെട്ടും സ്ക്രീന്‍ഷോട്ടായി എഡിറ്റ് ചെയ്‌ത് ചേര്‍ത്തിട്ടുണ്ട്. ഈ വാര്‍ത്തയുടെ ഉറവിടം എവിടെ നിന്നാണ്? ബിജെപിയുടെ ദേശീയതലത്തിലെ മുഖ്യ എതിരാളിയായ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷന്‍ രാജിവച്ച് ലോക കപ്പ് ക്രിക്കറ്റ് കാണാന്‍ പോകുമെന്ന വാര്‍ത്ത സത്യം തന്നെയാണോ? എന്ത് അടിസ്ഥാനത്തിലാണ് ഫെയ്‌സ്ബുക്കില്‍ ഇത്തരമൊരു പോസ്റ്റ് പ്രചരിക്കുന്നത്? വസ്‌തുത എന്തെന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ദേശീയ തലത്തില്‍ പ്രധാനമായും രാഷ്ട്രീയ ആക്ഷേപഹാസ്യങ്ങള്‍ വാര്‍ത്ത രൂപത്തില്‍ പുറത്തിറക്കുന്ന പ്രമുഖ വെബ്‌സൈറ്റാണ് FakingNews. അവര്‍ മെയ് 28ന് ആക്ഷേപഹാസ്യരൂപേണ റിപ്പോര്‍ട്ട് ചെയ്‌ത വാര്‍ത്തയാണ് രാഹുല്‍ ഗാന്ധി രാജി വച്ചശേഷം ക്രിക്കറ്റ് ലോകകപ്പ് കാണാന്‍ പോകുന്നു എന്നത്. Accept my resignation, want to leave for England to watch the World Cup: Rahul എന്നതാണ് ഫേക്കിങ് ന്യൂസ് വെബ്‌സൈറ്റില്‍ പബ്ലിഷ് ചെയ്‌ത വാര്‍ത്തയുടെ തലക്കെട്ട്. ഇത് അതേപടി തര്‍ജ്ജിമ ചെയ്‌ത് “രാജി സ്വീകരിച്ച് എന്നെ വെറുതെ വിടൂ, ഞാന്‍ ലോകകപ്പ് ക്രിക്കറ്റ് കണ്ടോട്ടേയെന്ന് രാഹുല്‍ഗാന്ധി” എന്ന് മാറ്റം വരുത്തി റിപ്പോര്‍ട്ട് ചെയ്‌തത് സൗത്ത് ലൈവ് എന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് എന്നാണ് ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞത്. മെയ് 28നാണ് സൗത്ത്‌ലൈവ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തത്. എന്നാല്‍ സംഭവം ആക്ഷേപഹാസ്യമാണെന്ന് തിരിച്ചറിഞ്ഞതോടെ സൗത്ത് ലൈവ് അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും വെബ്‌സൈറ്റില്‍ നിന്നും വാര്‍ത്ത നീക്കം ചെയ്‌തു. നീക്കം ചെയ്യുന്നതിന് മുന്‍പെ ആരോ എടുത്ത സ്ക്രീന്‍ഷോട്ടാണ് കൊണ്ടോട്ടി സഖാക്കള്‍ പേജില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും വ്യക്തമാണ്. മാത്രമല്ല മറ്റു ദേശീയമാധ്യമങ്ങളോ കോണ്‍ഗ്രസ് നേതാക്കളോ ഇത്തരമൊരു വിഷയത്തെ കുറിച്ച് വിശദീകരിക്കുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്തിട്ടുമില്ല. അതുകൊണ്ട് തന്നെ തെറ്റ്ദ്ധരിക്കപ്പെട്ട ഒരു വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നതെന്ന് വ്യക്തമാണ്.


നിഗമനം
സൗത്ത് ലൈവിന് വാര്‍ത്ത വ്യാജമാണെന്ന് മനസിലായതോടെ അവര്‍ അത് നീക്കം ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴും അതെ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടാണ് പ്രചരിക്കുന്നത്. ആക്ഷേപഹാസ്യം തിരിച്ചറിയാതെ അത് യാഥാര്‍ത്ഥ്യമാണെന്ന് വ്യാഖ്യാനിച്ച് റിപ്പോര്‍ട്ട് ചെയ്‌തതാണ് സൗത്ത് ലൈവ്. എന്നാല്‍ അതിന്‍റെ സ്ക്രീന്‍ഷോട്ട് വീണ്ടും പ്രചരിപ്പിക്കുന്നത് വഴി ജനങ്ങളെ തെറ്റ്ദ്ധരിപ്പിക്കുകയാണ് പോസ്റ്റിലൂടെ ചെയ്യുന്നത്. അടിസ്ഥാന രഹിതമായ ആരോപണം മാത്രമാണ് രാഹുല്‍ ഗാന്ധിക്കെതിരെയുള്ള പോസ്റ്റ് എന്ന് തെളിഞ്ഞിരിക്കുകയാണ്. അതുകൊണ്ട് തന്നെ പോസ്റ്റിന്‍റെ ഉള്ളടക്കം പൂര്‍ണമാണെന്ന് അനുമാനിക്കാം.

Title:രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനം രാജിവച്ച് ലോകകപ്പ് ക്രിക്കറ്റ് കാണാന്‍ പോകുകയാണോ?
Fact Check By: Harishankar PrasadResult: False
