വിവരണം

എന്റെ മരണം ഈ രാജ്യത്തിന് വേണ്ടി

അഭിമാനമായ ഇന്ത്യയെ വെട്ടി പരിക്കേൽപ്പിച്ചതിൽ മനംനൊന്ത് രാജസ്ഥാനിൽ BJP പ്രവർത്തകൻ ആത്മഹത്യ ചെയ്തു എന്ന വിവരണത്തോടെ ഒരു ലൈവ് ആത്മഹത്യ നിങ്ങളിൽ ഏറെപ്പേരും കണ്ടുകാണും. നിരവധി പ്രൊഫൈലുകളും പേജുകളും ഇതേ വാർത്തയും വീഡിയോയും പ്രചരിപ്പിക്കുന്നുണ്ട്.

archived linkFB post

2020 ജനുവരി 13 മുതലാണ് ഈ വാർത്തയും മനസ്സിനെ ഉലയ്ക്കുന്ന വീഡിയോയും ഫേസ്ബുക്ക് പേജുകളില്‍ പ്രചരിച്ചു തുടങ്ങിയത്.

28 സെക്കന്‍റ് ദൈർഘ്യമുള്ള വീഡിയോയിൽ കാണുന്നത് ഒരാൾ ട്രാസ്‌ഫോർമാരിൽ കയറി നിന്ന് എന്തൊക്കെയോ വിളിച്ചു പറയുന്നതാണ്. താഴെ തടിച്ചു കൂടിയിട്ടുള്ള സംഘം അയാളെ പിന്തിരിപ്പിക്കാൻ ആവുന്നത് ശ്രമിക്കുന്നുണ്ട്. എന്നാൽ ഒടുവിൽ അയാൾ ട്രാസ്‌ഫോമറിന്‍റെ ഉയർന്ന വൈദ്യുതി വഹിക്കുന്ന ഒരു ടെർമിനലിൽ കയറി പിടിക്കുന്നതും ക്ഷണനേരം കൊണ്ട് കത്തിക്കരിഞ്ഞ്‌ താഴെ വീഴുന്നതുമാണ്.

പൗരത്വ ഭേദഗതി ബില്ലിന്‍റെ പേരിലാണ് ഇയാൾ ആത്മഹത്യ ചെയ്യുന്നത് എന്നാണ് പോസ്റ്റിൽ പരോക്ഷമായി നൽകുന്ന അവകാശവാദം. നമുക്ക് ഈ വീഡിയോയുടെ വിശദാംശങ്ങൾ തിരഞ്ഞു നോക്കാം

വസ്തുതാ വിശകലനം

ഞങ്ങൾ ഈ വീഡിയോയുടെ കീ ഫ്രയിമുകൾ ഉപയോഗിച്ച് റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ ഇതേ വീഡിയോയെപ്പറ്റിയുള്ള വിവരണങ്ങളുമായി തമിഴ് ഭാഷയിൽ പ്രസിദ്ധീകരിച്ച ചില വാർത്തകൾ ലഭിച്ചു.

സൈനികൻ മധുരയിൽ ആത്മഹത്യക്ക് ശ്രമിച്ചു. എന്നാണു ഞങ്ങൾ ഈ തമിഴ് വാർത്ത പരിഭാഷപ്പെടുത്തിയപ്പോൾ ലഭിച്ചത്.

archived linktamil.behindwoods

ഈ വാർത്തയുടെ ഇംഗ്ലീഷിലുള്ള കീ വേർഡ്‌സ് ഉപയോഗിച്ച് ഞങ്ങൾ ഓൺലൈനിൽ തിരഞ്ഞപ്പോൾ ടൈംസ് ഓഫ് ഇന്ത്യ ഇതു സംബന്ധിച്ച് പ്രസിദ്ധീകരിച്ച വാർത്ത ലഭിച്ചു.

archived linktimesofindia

വാർത്ത ഇങ്ങനെ : മധുര: മധുര ജില്ലാ കളക്ടറേറ്റിന്‍റെ പരിസരത്ത് ട്രാൻസ്ഫോർമറിൽ ഉയർന്ന വൈദ്യുതി ടെർമിനലില്‍ പിടിച്ച് സൈനികൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പത്ത് അടി ഉയരത്തിൽ നിന്ന് താഴെ വീണ ഇയാളെ സർക്കാർ രാജാജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ ചികിത്സയിലാണ്. ഇയാളുടെ കൈകൾ, നെഞ്ച്, വയറ് എന്നിവയിൽ മാത്രമാണ് പൊള്ളലേറ്റതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. 20% ത്തിൽ താഴെ മാത്രമേ പരിക്കേറ്റിട്ടുള്ളൂവെങ്കിലും തീവ്ര പരിചരണ വിഭാഗത്തിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്. കാരണം പൊള്ളലില്‍ ആന്തരികാവയവങ്ങൾക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിന് കൂടുതൽ സമയമെടുക്കും.

മധുര ജില്ലയിലെ മേളരപ്പനൂർ ഗ്രാമത്തിലെ പി മുത്തു (25) ആണിത് എന്നാണ് ലഭിച്ച വിവരം. ഇന്ത്യൻ സൈന്യത്തിൽ ജോലി ചെയ്യുന്ന ഇയാള്‍ക്ക് ഇപ്പോള്‍ രാജസ്ഥാനിലാണ് ഡ്യൂട്ടി. ഇയാളുടെ ഭാര്യ ആത്മഹത്യയ്ക്ക്ശ്രമിക്കുകയും പിന്നീട് ആശുപത്രിയിൽ മരിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ചൊവ്വാഴ്ച റവന്യൂ ഡിവിഷണൽ ഓഫീസർ (ആർ‌ഡി‌ഒ) മുമ്പാകെ മുത്തു ഹാജരായിട്ടുണ്ടായിരുന്നു.

മൂന്നര മാസം മുമ്പാണ് ദിണ്ടിഗല്‍ ജില്ലയിലെ നിലക്കോട്ടയിൽ നിന്നുള്ള തെനിഷയെ മുത്തു വിവാഹം കഴിച്ചത്. സ്ത്രീധനവുമായി ബന്ധപ്പെട്ട് കുടുംബത്തിൽ തർക്കമുണ്ടായിരുന്നു. ഞായറാഴ്ച വിഷം കഴിച്ച തെനിഷയെ ബട്‌ലഗുണ്ടിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ പ്രാഥമിക ചികിത്സ നൽകി. തിങ്കളാഴ്ച പുലർച്ചെയാണ് ജി‌ആർ‌എച്ചിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു. 174-സി‌ആർ‌പി‌സി പ്രകാരം നിലക്കോട്ടൈ പോലീസിൽ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം നടത്തുകയും ചെയ്തു. ഒപ്പം, ആർ‌ഡി‌ഒ അന്വേഷണവും നടക്കുന്നുണ്ട്. ആർ‌ഡി‌ഒ ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ മുത്തു നേരെ ട്രാൻസ്ഫോർമറിനടുത്തേയ്ക്ക് പോയി അതിലേക്ക് കയറുകയായിരുന്നു. ബന്ധുക്കളും അവിടെ തടിച്ചുകൂടിയ മറ്റുള്ളവരും അദ്ദേഹത്തെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. കുറച്ച് നിമിഷങ്ങള്‍ക്കുളില്‍, തത്സമയ ടെർമിനലിൽ സ്പർശിച്ചു. ഉച്ചത്തിലുള്ള ശബ്ദത്തിനുശേഷം അയാൾ താഴെ വീണു. മധുര റെഡ്ക്രോസ് മുത്തുവിനെ ആശുപത്രിയിലേക്ക് മാറ്റി.”

ഇയാൾ ഇപ്പോഴും ചികിത്സയിലാണ് എന്നാണ് തമിഴ് മാധ്യമങ്ങൾ നൽകിയ വാർത്തയിൽ പറയുന്നത്.

ഈ സംഭവം സംബന്ധിച്ച് പുറത്തു വന്നിട്ടുള്ള ഒരു വാർത്തയിൽ പോലും ഇയാൾ പൗരത്വ ബില്ലിന്‍റെ പേരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ബിജെപി പ്രവർത്തകനാണെന്നു പരാമർശിക്കുന്നില്ല.

നിഗമനം

ഈ പോസ്റ്റിൽ നൽകിയ വാർത്ത പൂർണ്ണമായും തെറ്റാണ്. ഈ വീഡിയോ ദൃശ്യങ്ങളിൽ കാണുന്നയാൾ ബിജെപി പ്രവർത്തകനല്ല. മറിച്ച് ജവാനാണ്. കുടുംബ പ്രശ്നങ്ങളുടെ പേരിലാണ് ഇയാൾ ആത്മഹത്യാ ചെയ്യുന്നത്. അല്ലാതെ പൗരത്വ ബില്ലിന്‍റെ പേരിലല്ല. ഈ വസ്തുതകൾ വായനക്കാരുടെ അറിവിലേക്ക് സമർപ്പിക്കുന്നു. ബൂംലൈവ് എന്ന വസ്തുതാ അന്വേഷണ വെബ്സൈറ്റ് ഇതേ വീഡിയോയുടെ വസ്തുതാ അന്വേഷണം നടത്തിയിരുന്നു. വീഡിയോയുടെ ഒപ്പം നല്കിയിരിക്കുന്നത് തെറ്റായ വിവരണമാണ് എന്ന നിഗമനത്തില്‍ തന്നെയാണ് അവരും എത്തിച്ചേര്‍ന്നത്.

Avatar

Title:ഈ വീഡിയോ ദൃശ്യങ്ങളിൽ ആത്മഹത്യക്ക് ശ്രമിക്കുന്നത് പൗരത്വ ബില്ലിൽ മനംനൊന്ത ബിജെപി പ്രവർത്തകനല്ല .....

Fact Check By: Vasuki S

Result: False