
വിവരണം
നിങ്ങളുടെ ഫോണ്‍ ഒറിജിനലാണോ എന്ന് അറിയാന്‍ കമന്‍റ് ബോക്‌സില്‍ XOXO എന്ന് ടൈപ്പ് ചെയ്യുക. അക്ഷരങ്ങള്‍ ചുവന്ന നിറമാകുന്നുണ്ടെങ്കില്‍ ഫോണ്‍ ഒറിജിനലാണ് എന്ന തരത്തിലൊരു പോസ്റ്റ് കഴിഞ്ഞ കുറച്ച് നാളുകളായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. AROOR 24×7 എന്ന പേജില്‍ ജൂലൈ 10ന് ബ്രിജൈ പ്രമോദ് എന്ന വ്യക്തി ഇത്തരമൊരു പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. 120ല്‍ അധികം ലൈക്കുകളും 39ല്‍ അധികം ഷെയറുകളും ഉള്ള പോസ്റ്റിന് 200ല്‍ അധികം പേരാണ് XOXO എന്ന കമന്‍റ് ചെയ്‌തിരിക്കുന്നത്.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ XOXO എന്ന കമന്‍റ് ചെയ്യുമ്പോള്‍ നിറം മാറുന്നത് ഫോണ്‍ ഒറിജിനലായത് കൊണ്ട് തന്നെയാണോ? എന്താണ് XOXO എന്നതിന്‍റെ അര്‍ത്ഥം? സത്യാവസ്ഥ എന്താണെന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
XOXO എന്ന പദം ഏറെ നാളുകളായി സമൂഹമാധ്യമങ്ങളിലും എസ്എംഎസിലും മറ്റും ഉപയോഗിച്ച് വരുന്ന ഒരു പ്രയോഗം മാത്രമാണ്. ഹഗ്‌സ് ആന്‍ഡ് കിസ്സസ് അഥവ സ്നേഹ ആശ്ലേഷണത്തോടെയുള്ള ചുംബനം എന്ന് മാത്രമാണ് ഈ വാക്കിന്‍റെ അര്‍ത്ഥം. XOXO എന്ന് ടൈപ്പ് ചെയ്‌ത് കമന്‍റ് ചെയ്യുമ്പോള്‍ നിറം മാറുക മാത്രമല്ല അതില്‍ ക്ലിക്ക് ചെയ്യുകയോ അല്ലെങ്കില്‍ ടച്ച് ചെയ്യുകയോ ചെയ്താല്‍ അടുത്ത നിമിഷം ഹൃദയ ചിഹ്നങ്ങള്‍ സ്ക്രീനില്‍ പറന്ന് ഉയരുന്നതും കാണാന്‍ സാധിക്കും. സുഹൃത്തുക്കള്‍ തമ്മിലുള്ള സ്നേഹപ്രകടനം നടത്താന്‍ വേണ്ടി ഫെയ്‌സ്ബുക്കില്‍ നല്‍കിയിരിക്കുന്ന ഒരു ഒപ്‌ഷന്‍ മാത്രമാണിത്. ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ തന്നെ ഇതെ കുറിച്ച് അറിയാന്‍ കഴിഞ്ഞു. മുന്‍പ് ഇതുപോലെ തന്നെ ബിഎഫ്എഫ് എന്ന് ടൈപ്പ് ചെയ്‌താല്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ട് സുരക്ഷിതമാണോ എന്ന് അറിയാന്‍ കഴിയുമെന്ന തരത്തിലും ഒരു മെസേജ് പ്രചരിച്ചിരുന്നു. ബെസ്റ്റ് ഫ്രണ്ട്സ് ഫോര്‍ എവര്‍ എന്നതിന്‍റെ ചുരക്കപ്പേരായ ബിഎഫ്എഫ് XOXO പോലെ തന്നെ ഉപയോഗിക്കുന്ന ഒരു ഇന്‍റര്‍നെറ്റ് പദമാണ്. ബിഎഫ്എഫിനെ കുറിച്ചുള്ള വ്യാജ പ്രചരണത്തെ കുറിച്ച് മുന്‍പ് തന്നെ വസ്‌തുത പരിശോധന നടത്തിയതാണ്. XOXO എന്ന പദത്തിന് പകരം മലയാളത്തില്‍ ഉമ്മ എന്ന് ടൈപ്പ് ചെയ്‌താലും ടെക്‌സ്റ്റ് കളര്‍ ചുമലയായി മാറും. കൂടാതെ സ്ക്രീന്‍ അനിമേഷനും കാണാം. സ്നേഹ പ്രകടനം ചുരക്കം പദങ്ങളിലൂടെ പ്രകടിപ്പിക്കുക എന്നതല്ലാതെ ഇത്തരം പദപ്രയോഗങ്ങള്‍ക്കും അതിന് ഫെയ്‌സ്ബുക്ക് നല്‍കിയിരിക്കുന്ന അനിമേഷനുകള്‍ക്കും ഫോണിന്‍റെ സുരക്ഷയോ അല്ലെങ്കില്‍ ഫോണ്‍ ഒറിജിനല്‍ ആണോ എന്ന് തിരിച്ചറിയാനുള്ള സാങ്കേതികതയില്ലെന്നതാണ് വാസ്‌തവം.
XOXO എന്ന് ടൈപ്പ് ചെയ്താല്‍ സംഭവിക്കുന്നത് ഇത് മാത്രമാണ്-
നിഗമനം
അടിസ്ഥാന രഹിതമായ അര്‍ത്ഥങ്ങള്‍ നല്‍കി വെറും നേരംപോക്കിന് വേണ്ടിയുള്ള ഫെയ്‌സ്ബുക്കിലെ അനിമേഷനുകളെയും അതിന് ഉപയോഗിക്കുന്ന പദങ്ങളെയും വളച്ചൊടിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ് പോസ്റ്റിന്‍റെ ലക്ഷ്യമെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. ഫോണിന്‍റെ സാങ്കേതികതയായും ഫെയ്‌സ്ബുക്ക് സുരക്ഷയായും യാതൊരു ബന്ധവുമില്ലാത്ത XOXO, ബിഎഫ്എഫ് പോലെയുള്ള വാക്കുകള്‍ ദുര്‍വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുന്ന ഇത്തരം പോസ്റ്റുകള്‍ പൂര്‍ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:XOXOഎന്ന് ടൈപ്പ് ചെയ്‌താല്‍ ഫോണ്‍ ഒറിജിനലാണെന്ന് അറിയാന്‍ കഴിയുമോ?
Fact Check By: Dewin CarlosResult: False
