
വിവരണം
Abdul Kareem എന്ന പ്രൊഫൈലിൽ നിന്നും കെ സുധാകരൻ എന്ന ഗ്രൂപ്പിലേക്ക് 2019 ജൂലൈ 27 ന് പോസ്റ്റ് ചെയ്ത ഒരു വാർത്തയാണ് ഇവിടെ നൽകിയിരിക്കുന്നത്. പോസ്റ്റിന് 200 ഷെയറുകളും 1300 പ്രതികരണങ്ങളും ലഭിച്ചിട്ടുണ്ട്. “BJP യെ ഞെട്ടിച്ച് കമൽനാഥ്ജി.
മുൻ സ്പീക്കർ സുമിത്ര മഹാജൻ കോൺഗ്രസ്സിലേക്ക്” എന്നതാണ് പോസ്റ്റിലെ വാർത്ത.
archived link | FB post |
അതായത് മുതിർന്ന ബിജെപി നേതാവും മുൻ ലോക്സഭാ സ്പീക്കറുമായിരുന്ന സുമിത്രാ മഹാജൻ കോൺഗ്രസ്സിൽ ചേർന്നു എന്നാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന വാദം. 1989 മുതൽ 2019 വരെ മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നും പാര്ലമെന്റിലെത്തിയ സുമിത്ര മഹാജൻ ബിജെപിയുടെ മുതിർന്ന വനിതാ നേതാക്കളിൽ ഒരാളാണ്. മൂന്നുതവണ കേന്ദ്രമന്ത്രിയായിരുന്നിട്ടുണ്ട്. മീര കുമാറിന് ശേഷം ലോക്‌സഭാ സ്പീക്കറായി സേവനമനുഷ്ഠിച്ചു. അങ്ങനെ ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായിരുന്ന സുമിത്രാ മഹാജൻ ബിജെപി വിട്ട് കോൺഗ്രസ്സിൽ ചേരാൻ തീരുമാനിച്ചു എന്ന വാർത്ത സത്യമാണോ എന്ന് നമുക്ക് പരിശോധിച്ച് നോക്കാം
വസ്തുതാ വിശകലനം
ഞങ്ങൾ വാർത്തയുടെ കീ വേർഡ്‌സ് ഉപയോഗിച്ച് ഓൺലൈനിൽ തിരഞ്ഞു നോക്കി. എന്നാൽ ഇത്തരത്തിൽ ഒരു വാർത്ത ഞങ്ങൾക്ക് എവിടെ നിന്നും ലഭിച്ചില്ല. കോൺഗ്രസ്സ് പാർട്ടിയും സുമിത്ര മഹാജനും ആയി ബന്ധപ്പെട്ട ഒരു വാർത്ത ഞങ്ങൾക്ക് ആകെ ലഭിച്ചു.രണ്ടു മാധ്യമങ്ങൾ ഈ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രീയങ്കയുടെ രാഷ്ട്രീയ പ്രവേശത്തെ കുറിച്ച് സുമിത്രാ മഹാജൻ പറഞ്ഞ പരാമർശമാണ് വാർത്ത. പ്രീയങ്ക ഗാന്ധി വാർഡ്രയുടെ കോൺഗ്രസിലെ ഔപചാരിക പ്രവേശനം എങ്ങനെയാണ്.. ഉത്തരവാദിത്തങ്ങൾ കൈകാര്യം ചെയ്യാൻ കഴിയില്ലെന്നുള്ള രാഹുൽ ഗാന്ധിയുടെ ഏറ്റുപറച്ചിലാണിത്. സ്പീക്കർ സുമിത്ര മഹാജൻ അഭിപ്രായപ്പെട്ടു,
archived link | news18 |
archived link | hindustantimes |
എന്നാൽ ഈ വാർത്തയ്ക്ക് പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്തയുമായി യാതൊരു ബന്ധവുമില്ല.
പ്രിയങ്ക എ ഐ സി സി ജനറൽ സെക്രട്ടറിയായി ചേരുന്ന കാര്യത്തെപ്പറ്റി മഹാജൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു, “പ്രിയങ്ക ഗാന്ധി ഒരു നല്ല സ്ത്രീയാണ്, തനിക്ക് ഒറ്റയ്ക്ക് രാഷ്ട്രീയം ചെയ്യാൻ കഴിയില്ലെന്ന് രാഹുൽ ജി അംഗീകരിച്ചു, അതിനായി അദ്ദേഹം പ്രിയങ്കയുടെ സഹായം സ്വീകരിക്കുന്നു. ഒരു നല്ല കാര്യമാണ്, ”മഹാജൻ പറഞ്ഞു. കോൺഗ്രസ്സ് പ്രവർത്തകരിൽ നിന്ന് ശക്തമായ പ്രതികരണങ്ങൾ സുമിത്രാ മഹാജന്റെ പരാമർശത്തിന് ലഭിച്ചിരുന്നു.
വാർത്തയ്ക്ക് പാർട്ടി തലത്തിൽ എന്തെങ്കിലും സ്ഥിരീകരണമുണ്ടോ എന്നറിയാനായി ഞങ്ങൾ കോൺഗ്രസ്സ് പാർട്ടിയുടെ വെബ്‌സൈറ്റ് തിരഞ്ഞു നോക്കി. കൂടാതെ അവരുടെ ഫേസ്‌ബുക്ക് ട്വിറ്റർ പേജുകളിലും വാർത്ത തിരഞ്ഞു. എന്നാൽ വാർത്ത കാണാനില്ല. ഇത്രയും മുതിർന്ന ഒരു നേതാവ് തന്റെ പാർട്ടി വിട്ട് മറ്റൊരു പാർട്ടിയിൽ ചേർന്നാൽ മാധ്യമങ്ങൾ തീർച്ചയായും അത് വാർത്തയാക്കും. കൂടാതെ ഇരു പാർട്ടികളിലെയും പ്രമുഖ നേതാക്കൾ ഇത് സംബന്ധിച്ച് വിവിധ പ്രസ്താവനകൾ നടത്തുകയും ചെയ്യും.
ബിജെപിയുടെ വെബ്‌സൈറ്റും ഫേസ്‌ബുക്ക്, ട്വിറ്റർ പേജുകളും ഞങ്ങൾ തിരഞ്ഞു. അതിലും ഇത് സംബന്ധമായി ഒരു വാർത്തയും നൽകിയിട്ടില്ല.
സുമിത്രാ മഹാജൻ പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചതായി വാർത്തകൾ വന്നിരുന്നു.
archived link | dailyhunt |
കൂടാതെ ഞങ്ങൾ തിരുവനന്തപുരത്തുള്ള കെപിസിസി ആസ്ഥാനത്തേക്ക് വിളിച്ച് വാർത്തയെ പറ്റി അന്വേഷിച്ചു. ഈ വാർത്തയെപ്പറ്റി യാതൊരു അറിവുമില്ല എന്നാണ് അവിടെ നിന്നും അറിയാൻ കഴിഞ്ഞത്.
ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നത് ഈ വാർത്തയിൽ നൽകിയിരിക്കുന്ന കാര്യം തെറ്റാണ് എന്നാണ്.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും വ്യാജമാണ്. മുതിർന്ന ബിജെപി നേതാവും മുൻ ലോക്സഭാ സ്പീക്കറുമായിരുന്ന സുമിത്രാ മഹാജൻ കോൺഗ്രസ്സ് പാർട്ടിയിൽ ചേർന്നു എന്ന വാർത്ത അടിസ്‌ഥാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇതുവരെ യാതൊരു വാർത്തയും പാർട്ടി ആസ്ഥാനങ്ങളിൽ നിന്നും പുറത്തു വന്നിട്ടില്ല. ഈ പോസ്റ്റിൽ അല്ലാതെ ഈ വാർത്ത വേറെ എവിടെയുംലഭ്യമല്ല. അതിനാൽ വസ്തുതയറിയാതെ ഈ വ്യാജ വാർത്ത പ്രചരിപ്പിക്കരുതെന്ന് മാന്യ വായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു

Title:മുൻ സ്പീക്കർ സുമിത്രാ മഹാജൻ കോൺഗ്രസ്സ് പാർട്ടിയിൽ ചേർന്നോ…?
Fact Check By: Vasuki SResult: False
