
വിവരണം
Sooraj Pv എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും അന്നം മുട്ടാത്തവരുടെ നാട് എന്റേ ഓച്ചിറ എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലേക്ക് 2019 സെപ്റ്റംബർ 14 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഐഎസ്ആർഒ ചെയർമാൻ കെ ശിവന്‍റെയും ചിത്രങ്ങളും ഒപ്പം “കണ്ണുനീരിന് ഫലം കണ്ടു. ചന്ദ്രയാൻ 2 100% വിജയത്തിലേക്ക്. വിക്രം സിഗ്നലുകൾ നൽകിത്തുടങ്ങി.” എന്ന വാചകങ്ങളും നൽകിയിട്ടുണ്ട്.
archived link | FB post |
ചന്ദ്രയാൻ ദൗത്യം പ്രതീക്ഷിച്ചതുപോലെ വിജയം കണ്ടില്ല എന്നാണ് ഇതുവരെ വാർത്തകൾ വന്നിരുന്നത്. എന്നാൽ പോസ്റ്റിൽ നൽകിയിരിക്കുന്ന അവകാശവാദം ചാന്ദ്രയാൻ 2 പൂർണ്ണ വിജയത്തിലേയ്ക്ക് എന്നാണ് . വിക്രം ലാന്‍ഡര്‍ വീണ്ടും സിഗ്നലുകൾ നല്കിത്തുടങ്ങിയത്രേ. ഈ വാർത്തയുടെ വസ്തുത നമുക്ക് അറിയാൻ ശ്രമിക്കാം.
വസ്തുതാ വിശകലനം
ഈ വാർത്തയുടെ കീ വേർഡ്സ് ഉപയോഗിച്ച് ഞങ്ങൾ ഓൺലൈനിൽ തിരഞ്ഞു നോക്കി. എന്നാൽ പോസ്റ്റിൽ നൽകിയിരിക്കുന്ന വാദത്തെ സാധൂകരിക്കുന്ന വാർത്തകളൊന്നും തന്നെ ലഭ്യമായില്ല. എന്ന് മാത്രമല്ല, 2019 സെപ്റ്റംബർ 16 ന് ഇന്ത്യടുഡേ “ചന്ദ്രയാൻ -2: ചന്ദ്രനിലെ രാത്രി അവസാനിക്കുമ്പോൾ വിക്രം ലാൻഡറിന് പ്രതീക്ഷ മങ്ങുന്നു” എന്ന തലക്കെട്ടിൽ ഒരു വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. “സെപ്റ്റംബർ 7 ന് ചന്ദ്രന്‍റെ ഉപരിതലത്തിലേക്ക് ഇറങ്ങുമ്പോൾ ബന്ധം വിച്ഛേദിക്കപ്പെട്ട ചന്ദ്രയാൻ -2 വിക്രം ലാൻഡറുമായി വീണ്ടും ബന്ധം സ്ഥാപിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ സമയപരിധി അവസാനിക്കുന്നു. സെപ്റ്റംബർ 21 നകം വിക്രം ലാൻഡറിന്‍റെ ലാൻഡിംഗ് സൈറ്റിൽ നിന്ന് സൂര്യപ്രകാശം ഇല്ലാതാകും
നാസയുടെ ചാന്ദ്ര ഭ്രമണ ഉപഗ്രഹം നാളെ വിക്രമിന്‍റെ ലാൻഡിംഗ് സൈറ്റിന് മുകളിലൂടെ സഞ്ചരിക്കും. ഉപഗ്രഹം ലാൻഡിംഗ് സൈറ്റിന്‍റെ ചിത്രങ്ങൾ എടുത്ത് ഇസ്രോയുമായി പങ്കിടും. ചന്ദ്രയാൻ -2 ന്‍റെ വിക്രം ലാൻഡര്‍ ചന്ദ്രന്‍റെ ഉപരിതലത്തിലേക്ക് ഇറങ്ങുന്ന വേളയില്‍ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയ്ക്ക് ലാന്‍ഡറുമായി ബന്ധം നഷ്ടപ്പെട്ടിട്ട് 10 ദിവസം പിന്നിടുന്നു. വിക്രം ലാൻഡറുമായി വീണ്ടും ബന്ധം സ്ഥാപിക്കാനുള്ള പ്രതീക്ഷ അതിവേഗം മങ്ങുകയാണ്…” എന്നിങ്ങനെയാണ് വാർത്തയുടെ വിവരണം.
archived link | indiatoday |
വിക്രം ലാന്‍ററുമായി ബന്ധം പുനഃസ്ഥാപിക്കാൻ സാധിച്ചു എന്നതരത്തിൽ ഇതുവരെ മാധ്യമ വാർത്തകളോ ഐഎസ്‌ആർഒയുടെ ഔദ്യോഗിക സ്ഥിരീകരണമോ പുറത്തു വന്നിട്ടില്ല.
കൂടാതെ ഐഎസ്ആർഒ അവരുടെ ഔദ്യോഗിക ട്വിറ്റർ പേജിലും ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലും ചന്ദ്രയാൻ ദൗത്യത്തിന്‍റെ വിവിധ ഘട്ടങ്ങൾ നൽകിയിട്ടുണ്ട്. സെപ്റ്റംബർ 10 ന് ഐഎസ്ആർഒ വിക്രം ലാൻഡറുമായി ബന്ധം പുനഃസ്ഥാപിക്കാനായില്ല എന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്.
#VikramLander has been located by the orbiter of #Chandrayaan2, but no communication with it yet.
— ISRO (@isro) September 10, 2019
All possible efforts are being made to establish communication with lander.#ISRO
archived link | twitter ISRO |
ഇതേ കാര്യം അവരുടെ ഫേസ്‌ബുക്ക് പേജിലും നൽകിയിട്ടുണ്ട്. എന്നാൽ വിക്രം ലാൻഡറുമായി ബന്ധം പുനഃസ്ഥാപിക്കാനായി എന്നൊരു വാർത്ത അവർ ഇതേവരെ പങ്കു വച്ചിട്ടില്ല.
archived link | ISRO FB page |
പോസ്റ്റിൽ നൽകിയിരിക്കുന്ന വാര്‍ത്ത അതിനാൽ വിശ്വാസത്തിൽ എടുക്കാനാകില്ല.
നിഗമനം
പോസ്റ്റിൽ നൽകിയിരിക്കുന്ന കാര്യം പൂർണ്ണമായും തെറ്റാണ്. വിക്രം ലാൻഡറുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ട ശേഷം ഇന്നേദിവസം വരെ സിഗ്നലുകൾ ലഭിച്ചതായി ഔദ്യോഗിക സ്ഥിരീകരണമില്ല. അതിനാൽ തെററിദ്ധാരണ സൃഷ്ടിക്കുന്ന ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു
