മണിപ്പൂരില്‍ സംഘര്‍ഷങ്ങള്‍ക്കിടെ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കൂടുതലായി നടക്കുന്നു എന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. പട്ടാപ്പകല്‍ ജനമധ്യത്തിലൂടെ ഒരു യുവതിയെ ബലമായി തട്ടിക്കൊണ്ടു പോകുന്ന മണിപ്പൂരില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ വൈറലാകുന്നുണ്ട്.

പ്രചരണം

ഒരു യുവതിയെ രണ്ടുപേര്‍ ബലമായി പിടികൂടി ഇരുചക്ര വാഹനത്തില്‍ കയറ്റി കൊണ്ട് പോകുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. മണിപ്പൂരില്‍ സ്ത്രീകളെ ഇതുപോലെ ബലംപ്രയോഗിച്ച് അക്രമികള്‍ കടത്തിക്കൊണ്ട് പോവുകയാണ് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “

മണിപ്പൂരിൽ നിന്ന് 41621 പെൺകുട്ടികളെ കാണാതെ ആയിട്ടുണ്ട്.

ഇത് അതിൽ ഒന്ന് മാത്രം.

56 ഇഞ്ചിന്റെ തൊലിക്കട്ടിയിൽ "ബേട്ടി bachao ബേട്ടി Padao"🧡”

FB postarchived link

എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഇതെന്നും ദൃശ്യങ്ങള്‍ക്ക് മണിപ്പൂരുമായി യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

വീഡിയോ കീ ഫ്രെയിമുകളില്‍ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ബീഹാറില്‍ കഴിഞ്ഞ ജൂണ്‍ മാസം ആദ്യവാരം നടന്ന സംഭവമാണിത് എന്നു സൂചിപ്പിക്കുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു.

വാര്‍ത്ത വായിക്കാന്‍: bhaskarlive | bhaskar

വാര്‍ത്താ റിപ്പോര്‍ട്ട്പ്രകാരം: “ബീഹാറിലെ അരാരിയയിൽ ഒരു വ്യക്തി തന്‍റെ സഹോദരി ഒളിച്ചോടി മിശ്രവിവാഹം കഴിച്ചതില്‍ രോഷാകുലനായി അവളെ അവിടെ നിന്നും മോട്ടോർ സൈക്കിളിൽ “തട്ടിക്കൊണ്ടുപോയി” പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു. പിന്നീട് മാതാപിതാക്കളുടെ വീട്ടിൽ നിന്ന് യുവതിയെ രക്ഷപ്പെടുത്തിയതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ജൂൺ 3 ന് അരാരിയയിലെ ബന്തഹ പോലീസ് സ്റ്റേഷന് കീഴിലുള്ള ശ്യാംനഗർ ഗ്രാമത്തിലാണ് സംഭവം. സുഹൃത്തിന്‍റെ മോട്ടോർ ബൈക്കിലാണ് സഹോദരൻ സഹോദരിയെ കടത്തിക്കൊണ്ടു പോകാന്‍ എത്തിയത്.

രൂപകുമാരി കാമുകൻ ചോട്ടു കുമാറുമായി ഏറെ നാളായി പ്രണയത്തിലായിരുന്നു. അവളുടെ വീട്ടുകാർ വിവാഹത്തിന് എതിരായതിനാൽ മെയ് 28 ന് അവർ ഒളിച്ചോടിസുപോളില്‍ ഒരു ക്ഷേത്രത്തിൽ വിവാഹം കഴിക്കുകയുണ്ടായി.

ഛോട്ടുകുമാറിന്‍റെ കുടുംബം സുപോളിൽ എവിടെയാണെന്ന് മനസ്സിലാക്കി, അവിടെയെത്തി രൂപാ കുമാരിയുടെ ബന്ധുക്കള്‍ ദമ്പതികളെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നു. പെൺകുട്ടിയുടെ വീട്ടുകാർ വിവാഹത്തിന് എതിരായതിനാൽ പ്രശ്‌നം പരിഹരിക്കാൻ ജൂൺ മൂന്നിന് പഞ്ചായത്ത് യോഗം ചേർന്നു.

“പഞ്ചായത്ത് നടക്കുമ്പോൾ പെൺകുട്ടിയുടെ വീട്ടുകാർ ചോട്ടു കുമാറിന്‍റെ പിതാവ് സുരേഷ് കുമാർ താക്കൂറിനെ ആക്രമിച്ചുവെന്നും .അവരുടെ ഉദ്ദേശശുദ്ധിയെ സംശയിച്ചതിനാൽ ചോട്ടുവിന്‍റെ വീട്ടുകാര്‍ അയാളെ പഞ്ചായത്തിലേക്ക് കൊണ്ടുവന്നില്ല എന്നും പറയുന്നു. പഞ്ചായത്ത് നടന്നുകൊണ്ടിരിക്കുമ്പോൾ, സുരേഷ് കുമാറിനെ ആക്രമിക്കുകയും അത് മുതലെടുത്ത് പെൺകുട്ടിയുടെ സഹോദരൻ അവളെ ബൈക്കിലേക്ക് വലിച്ചിഴച്ച് മടിയിൽ കയറ്റുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയുമാണുണ്ടായത്,

സംഭവത്തെക്കുറിച്ച് അറിഞ്ഞയുടൻ ഒരു സംഘം സംഭവസ്ഥലത്തെത്തി പെൺകുട്ടിയെ രക്ഷിതാക്കളുടെ അടിമത്തത്തിൽ നിന്ന് കരകയറ്റിയതായി ഫോർബ്സ്ഗഞ്ച് സബ്-ഡിവിഷണല്‍ പോലീസ് ഓഫീസര്‍ ഖുസ്രു സിറാജ് പറഞ്ഞു. “പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ചോട്ടുവിന്‍റെ പിതാവിനെ ദേഹോപദ്രവം ഏല്‍പ്പിച്ചു. പെൺകുട്ടിയുടെയും ചോട്ടുവിന്‍റെയും പിതാവിന്‍റെയും മൊഴിയുടെ അടിസ്ഥാനത്തിൽ ഞങ്ങൾ ഇതുമായി ബന്ധപ്പെട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.”

ഈ സംഭവത്തിന്‍റെതാണ് ദൃശ്യങ്ങള്‍. വിവിധ മാധ്യമങ്ങളില്‍ ഇതേ റിപ്പോര്‍ട്ട് തന്നെയാണുള്ളത്. കൂടാതെ പലരും സാമൂഹ്യ മാധ്യമങ്ങളില്‍ ഈ സംഭവം പങ്കുവച്ചിരുന്നു. മാധ്യമ പ്രവര്‍ത്തകനായ പ്രകാശ് കുമാര്‍ ട്വിറ്ററില്‍ ജൂണ്‍ അഞ്ചിന് പങ്കുവച്ച വീഡിയോയുടെ ഒപ്പം സംഭവം ബിഹാറിലെതാണ് എന്ന് വ്യക്തമാക്കുന്നുണ്ട്.

ദൃശ്യങ്ങള്‍ മണിപ്പൂരിലെതല്ല എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം

പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. ബീഹാറിലെ ആരാരിയയില്‍ മിശ്രവിവാഹം നടത്തിയ യുവതിയെ സഹോദരന്‍ ഭര്‍ത്താവിന്‍റെ അടുത്തു നിന്നും കടത്തിക്കൊണ്ടു പോകുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ദൃശ്യങ്ങള്‍ക്ക് മണിപ്പൂരുമായോ അവിടെ നടക്കുന്ന സംഘര്‍ഷങ്ങളുമായോ യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ബിഹാറില്‍ മിശ്രവിവാഹിതയായ യുവതിയെ സഹോദരന്‍ ബലമായി വീട്ടിലേയ്ക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ മണിപ്പൂരിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു...

Written By: Vasuki S

Result: False