കോവിഡ് രോഗിയെ രക്ഷിക്കാൻ ഡോക്ടര്‍ സ്വന്തം വായിൽ നിന്നും രോഗിയുടെ വായിലേയ്ക്ക് ശ്വാസോച്ഛ്വാസം നൽകി എന്ന പ്രചാരണം തെറ്റാണ്...
വിവരണം
കോവിഡ് എന്ന മഹാമാരി നിയന്ത്രണാതീതമായി പടർന്നു കൊണ്ടിരിക്കുകയാണല്ലോ. കോവിഡിനെതിരെ രാപകലില്ലാതെ പോരാടുന്ന ആരോഗ്യ പ്രവർത്തകരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ലോകം മുഴുവനും എന്നും ഇതിനിടയിലും കൃതജ്ഞതയോടെ ഓർക്കുന്നു. കോവിഡ് പോരാട്ടത്തിനിടയിൽ ജീവൻ പൊലിഞ്ഞവർക്കും കോവിഡ് രോഗികളെ പരിചരിക്കാൻ വീടും കുടുംബവും ഉപേക്ഷിച്ച് മുന്നിട്ടിറങ്ങിയവർക്കും പ്രാർത്ഥനകളും ആശംസകളും അർപ്പിച്ചുകൊണ്ട് നിരധി പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിൽ നിങ്ങളും കണ്ടിട്ടുണ്ടാകും.
ഇതേ വിഭാഗത്തിൽ ഇപ്പോൾ പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്.
പോസ്റ്റിൽ നൽകിയിട്ടുള്ള വിവരങ്ങൾ ഇങ്ങനെ: ഇദ്ദേഹം ഡോ. സഹീദ് മജീദ് എഐഎംഎസിലെ സീനിയർ ഡോക്ടറാണ്. ഇദ്ദേഹം ഇപ്പോൾ ക്വാറന്‍റൈനിലാണ്. കാരണം ചികിത്സയിലുണ്ടായിരുന്ന കോവിഡ് രോഗിക്ക് ഹൃദയാഘാതം സംഭവിച്ചപ്പോൾ തന്‍റെ സുരക്ഷാ പരിഗണിക്കാതെ പിപിഇ കിറ്റൊക്കെ ഊരിമാറ്റി രോഗിയുടെ വായിൽ സ്വന്തം വായ ചേർത്തുവച്ച് ശ്വസം നൽകി ജീവൻ രക്ഷിച്ച മാലാഖ എന്ന വാചകങ്ങൾക്കൊപ്പം ഡോക്ടറുടെ ചിത്രവുമുണ്ട്. കൂടാതെ #പറയാൻ #വാക്കുകളില്ല #ഈ #ധീരനായ #ഡോക്ടർക്ക് #അഭിനന്ദനങ്ങൾ♥️🌹💚💙 എന്ന അടിക്കുറിപ്പും നൽകിയിട്ടുണ്ട്.
പോസ്റ്റിൽ പറഞ്ഞിട്ടിരിക്കുന്ന ചില കാര്യങ്ങൾ സത്യവും ചിലത് അടിസ്ഥാന രഹിതവുമാണെന്ന് വസ്തുത അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി. അവ ഇങ്ങനെയാണ്:
വസ്തുതാ വിശകലനം
ഞങ്ങൾ ഈ വാർത്തയുടെ കീ വേർഡ്‌സ് ഉപയോഗിച്ച് തിരഞ്ഞപ്പോൾ പ്രസ്തുത വാർത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളുടെ ചില ലിങ്കുകൾ ലഭിച്ചു. മാധ്യമങ്ങള്‍ ഈ വാര്‍ത്ത നല്‍കിയിരിക്കുന്നത് മേയ് മാസത്തിലാണ്. അതായത് സംഭവം ഇപ്പോഴൊന്നും നടന്നതല്ല എന്നര്‍ത്ഥം. വാർത്ത പ്രകാരം വസ്തുത ഇങ്ങനെയാണ്:
ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലക്കാരനായ ഡോക്ടർ സാഹിദ് അബ്ദുള്‍ മജീദ് ആണ് സ്വന്തം ജീവന്‍ വരെ അപകടപ്പെടുത്തി രോഗിയെ രക്ഷിക്കാനുള്ള ശ്രമം നടത്തിയത്. എയിംസിലെ സീനിയർ റസിഡന്‍റ് ഡോക്ടറാണ് അദ്ദേഹം. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ആംബുലന്‍സിനുള്ളിലാണ് സംഭവം. ഗുരുതരാവസ്ഥയിലായ രോഗിയെ മജീദ് ആംബുലന്‍സില്‍ എത്തി സന്ദര്‍ശിച്ചപ്പോള്‍ ശ്വാസം വലിക്കാന്‍ പോലും ബുദ്ധിമുട്ടുകയായിരുന്നു രോഗി. ട്യൂബു വഴി കൃത്രിമ ശ്വാസോച്ഛ്വാസം രോഗിക്ക് നൽകിയിരുന്നു. എന്നാൽ ചില തടസ്സങ്ങളെ തുടർന്ന് രോഗിയുടെ ട്യൂബ് ഊരി വീണ്ടും ഇന്‍ട്യൂബേറ്റ് ചെയ്യാന്‍ ഡോക്ടര്‍ തീരുമാനിച്ചു. ഈ സമയം ധരിച്ചിരുന്ന ഗോഗിള്‍സ് മൂലം കാഴ്ച ശരിയാവാത്തതിനാല്‍ ഗോഗിളുകളും ഫെയ്‌സ് ഷീല്‍ഡും ഞാന്‍ നീക്കംചെയ്യുകയായിരുന്നു. വീണ്ടും ഇന്‍ട്യുബേറ്റ് ചെയ്യുന്നതില്‍ കാലതാമസം ഉണ്ടാകുന്നത് ഒരു പക്ഷെ രോഗിയുടെ മരണത്തിന് കാരണമാവുമായിരുന്നു", ഡോക്ടര്‍ പറയുന്നു. സാഹിദ് അബദുള്‍ മജീദ് തൻറെ നോമ്പു തുറക്കാന്‍ പോലും സമയമില്ലാതെയാണ് ആശുപത്രിയിലേക്ക് പോയതെന്ന് എയിംസ് റെസിഡന്‍റ് ഡോക്ടേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ശ്രീനിവാസ് രാജ്കുമാര്‍ പറയുന്നു......."
ഇങ്ങനെയാണ് എല്ലാ മാധ്യമങ്ങളും വാർത്ത നൽകിയിട്ടുള്ളത്.
പോസ്റ്റിൽ നല്കിയിട്ടുള്ളതുപോലെ പിപിഇ കിറ്റ് ഊരിമാറ്റി വായിലൂടെ രോഗിയുടെ വായിലേയ്ക്ക് ഓക്സിജൻ നൽകി രക്ഷിക്കുകയല്ല ഉണ്ടായത്.
നിഗമനം
പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഭാഗികമായി തെറ്റാണ്. ആംബുലൻസിൽ ശ്വാസോച്ഛ്വാസം ചെയ്യാൻ ബുദ്ധിമുട്ടിയ രോഗിയെ രക്ഷിക്കാനായി ഡോ.സഹീദ് മജീദ് താൻ ധരിച്ചിരുന്ന ഗോഗിള്‍സ് മൂലം കാഴ്ച ശരിയാവാത്തതിനാല്‍ ഗോഗിളുകളും ഫെയ്‌സ് ഷീല്‍ഡും നീക്കംചെയ്യുകയായിരുന്നു. എന്നാൽ പിപിഇ കിറ്റ് പൂർണ്ണമായും ഊരിയില്ല. കൂടാതെ രോഗിയുടെ വായിലേയ്ക്ക് സ്വന്തം വായ ഉപയോഗിച്ച് ശ്വാസം പകർന്നു നൽകി എന്നതും തെറ്റായ കാര്യമാണ്.
Title:കോവിഡ് രോഗിയെ രക്ഷിക്കാൻ ഡോക്ടര്‍ സ്വന്തം വായിൽ നിന്നും രോഗിയുടെ വായിലേയ്ക്ക് ശ്വാസോച്ഛ്വാസം നൽകി എന്ന പ്രചാരണം തെറ്റാണ്...
Fact Check By: Vasuki SResult: Partly False