
വിവരണം
സംസ്ഥാന അഗ്നിരക്ഷാസേന പുതിയ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ വാങ്ങിയതിനെ ചൊല്ലിയുള്ള പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ ചര്‍ച്ച. യഥാര്‍ത്ഥ തുകയുടെ ഇരട്ടിയലധികം തുക ചെവാക്കി 9.45 ലക്ഷം രൂപ വീതം വിലയിട്ട് 50 ബുള്ളറ്റുകളാണ് അഗ്നിരക്ഷാസേന വാങ്ങിയതെന്നും അതിനാല്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും 4.75 കോടി രൂപ നഷ്ടം സംഭവിച്ചെന്നും അഴിമതിയാണെന്നും ചൂണ്ടിക്കാണിച്ചാണ് ആരോപണങ്ങള്‍ പ്രചരിക്കുന്നത്. യുഡിഎഫ് ഫോര്‍ ഡെവലപ്മെന്‍റ് ആന്‍ഡ് കെയര്‍ എന്ന പേജില്‍ നിന്നും ഈ വിഷയത്തെ കുറിച്ച് പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 122ല്‍ അധികം ഷെയറുകളും 86ല്‍ അധികം
റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ ഉള്ളടക്കം-
മുണ്ട് മുറിക്കി ഉടുക്കാൻ പറഞ്ഞ സർക്കാരിനിപ്പോൾ മുണ്ട് തന്നെ വേണ്ടന്നായി
തീയണയ്ക്കാൻ ഉപയോഗിക്കുന്ന വാട്ടർ മിസ്റ്റ് ബുള്ളറ്റുകൾ വാങ്ങാൻ അഗ്നിരക്ഷാസേന മുടക്കിയത് ഇരട്ടിയിലേറെ തുക. 9.5 ലക്ഷം രൂപ വീതം വിലയിട്ട് 50 ബുള്ളറ്റുകൾ വാങ്ങാൻ സേന ചെലവാക്കിയത് 4.75 കോടി രൂപ. ശരാശരി 1.88 ലക്ഷം രൂപ വിപണിവിലയുള്ള ബുള്ളറ്റിൽ ഒന്നര ലക്ഷം രൂപയിൽ താഴെമാത്രം വിലയുള്ള അഗ്നിരക്ഷാ ഉപകരണങ്ങൾ ഘടിപ്പിച്ചതിന്റെ പേരിലാണ് വില ഒൻപതര ലക്ഷമായി ഉയർന്നത്. ധൂർത്തിനെച്ചൊല്ലി സേനയ്ക്കുള്ളിൽ അമർഷമുയരുന്നുണ്ട്.
500 സിസി എൻജിൻ ശേഷിയുള്ള ബുള്ളറ്റിൽ വെള്ളവും ഫോമും നിറച്ച രണ്ടു സിലിണ്ടറുകളും ശക്തിയായി ചീറ്റിക്കാൻ മർദം നൽകുന്ന ഓക്സിജൻ സിലിണ്ടറുകളും ഘടിപ്പിച്ചിട്ടുണ്ട്. മുൻഭാഗത്തു ഗ്ലാസ് ഗാർഡ്, ഫസ്റ്റ് എയ്ഡ് ബോക്സ്, സിലിണ്ടറുകൾ ഘടിപ്പിക്കാനുള്ള സ്റ്റാൻഡ്, സൈറൺ, ബീക്കൺ ലൈറ്റ് എന്നിവയാണ് അധികമായി ഘടിപ്പിച്ചിട്ടുള്ള ഉപകരണങ്ങൾ. ഇവയെല്ലാം ചേർത്താലും ഒന്നര ലക്ഷം രൂപയിലധികം വിലവരില്ല. യഥാർഥ വിലയേക്കാൾ ഉയർന്ന തുക ക്വോട്ട് ചെയ്താണ് ടെൻഡർ നൽകിയതെന്നു വിവരമുണ്ട്.
നേരത്തെ വാങ്ങിയ മുപ്പതിലേറെ വാട്ടർ മിസ്റ്റ് ബുള്ളറ്റുകൾ കട്ടപ്പുറത്താണ്. ഫയർ എൻജിനുകൾ എത്തുംമുൻപേ തീയണച്ചു തുടങ്ങുക എന്നതാണ് വാട്ടർ മിസ്റ്റ് ബുള്ളറ്റുകളുടെ ദൗത്യം. ഊടുവഴികളിലും മറ്റും രക്ഷാപ്രവർത്തനത്തിനും ഇവ ഉപയോഗിക്കാനാകും.
ധൂർത്ത് ഇല്ലാത്ത ഒരു വകുപ്പുമില്ല പിണറായി ഭരണത്തിൽ. കാട്ടിലെ തടി തേവരുടെ ആന. ഇതാണ് വകുപ്പ് തലവന്മാർ പിന്തുടരുന്ന രീതി.
വാര്യയത്ത്.
പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്-

എന്നാല്‍ മാര്‍ക്കറ്റ് വിലയുടെ ഇരട്ടിയില്‍ അധികം തുക ചെലവാക്കി ഖജനാവിന് നഷ്ടം സംഭവിക്കുംവിധം അഗ്നിരക്ഷാസേന നടത്തിയ അഴിമതിയാണോ ഇത്? അഗ്നിരക്ഷാസേനയ്ക്ക് എതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നിലെ വസ്‌തുത എന്താണെന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ആരോപണങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള കഴമ്പുണ്ടോയെന്നും യഥാര്‍ത്ഥ്യം എന്താണെന്ന് അറിയാനും അഗ്നിരക്ഷാസേന ഡയറക്‌ടര്‍ ജനറല്‍ ഓഫിസുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. അവര്‍ വിഷയം സംബന്ധിച്ച് സമഗ്രമായ വിശദീകരണക്കുറിപ്പ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് അറിയിച്ചു. വിശദീകരണ കുറിപ്പില്‍ ആരോപണങ്ങള്‍ക്കുള്ള വ്യക്തമായ മറുപടി അഗ്നിരക്ഷാസേന ഡിജി എ.ഹേമചന്ദ്രന്‍ നല്‍കുന്നുണ്ട്. അത് ഇങ്ങനെയാണ്-
ബുള്ളറ്റ് ഒന്നിന് 9.5 ലക്ഷം രൂപ വില. ഇങ്ങനെ 50 ബുള്ളറ്റുകളാണ് അഗ്നിരക്ഷാസേന വാങ്ങിയതെന്ന് എന്ന തലക്കെട്ട് നല്‍കി പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്‌തുത വിരുദ്ധമാണ്. ബുള്ളറ്റ് വിത്ത് വാട്ടര്‍ മിസ്റ്റ് വാഹനം വാങ്ങാന്‍ സര്‍ക്കാര്‍ 4.75 കോടിരൂപ ഭരണാനുമതി നല്‍കി. ബുള്ളറ്റ് വാട്ടര്‍മിസ്റ്റ് ആന്‍ഡ് അക്സസെറീസ് കേന്ദ്രസര്‍ക്കാര്‍ ഇ-പോര്‍ട്ടലായ ഗവണ്‍മെന്‍റ് ഇ-മാര്‍ക്കറ്റ് (GeM ജെം) മുഖേന ബിഡ് ക്ഷണിച്ച് വാങ്ങാനും വകുപ്പ് തീരുമാനിച്ചു. ഇതുപ്രകാരം 500 സിസിയുള്ള ബുള്ളറ്റിന് 2 ലക്ഷം രൂപയും ഹൈ പ്രെഷര്‍ ടെക്നോളജിയോടുകൂടിയുള്ള വാട്ടര്‍ മിസ്റ്റിന് 7.5 ലക്ഷം രൂപയും ഏകദേശ വില കണക്കാക്കി ടെന്‍ഡര്‍ ക്ഷണിച്ചു. ഇപ്രകാരം ഐഷര്‍ മോട്ടോഴ്‌സ് 500 സിസി ബുള്ളറ്റ് ഒന്നിന് ഇട്ട തുക ഏറ്റവും കുറഞ്ഞതായിരുന്നു. അതായത് 1,63,915 രൂപ നിരക്കാണ് ഐഷര്‍ മോട്ടേഴ്‌സ് വിലയിട്ടത്. ഈ വിലയ്ക്ക് തന്നെയാണ് അഗ്നിരക്ഷാസേന വകുപ്പ് വാഹനം വാങ്ങിയിരിക്കുന്നതും. അതായത് മാര്‍ക്കറ്റ് വിലയിലും ഏകദേശം 25,000 രൂപ കുറവിലാണ് വാഹനം വാങ്ങിയിട്ടുള്ളത്. അത്യാധുനിക സാങ്കേതിക വിദ്യയുള്ള അള്‍ട്രാ ലൈറ്റ് കാര്‍ബണ്‍ കോമ്പോസിറ്റ് ബാക്ക് പാക്കോടുകൂടിയ 9 ലിറ്ററിന്‍റെ വാട്ടര്‍ മിസ്റ്റാണ് ഒരോ വാഹനത്തിനും ഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ നാല് എയര്‍ സെലണ്ടറുകള്‍, ഒരു സെറ്റ് സൈറണ്‍, 2 സെറ്റ് ബ്ലിങ്കര്‍ ലൈറ്റുകള്‍, പിഎ സിസ്റ്റം, ഫസ്റ്റ് എയ്ഡ് ബോക്സ് എന്നിവയും ഉള്‍പ്പെടും. വാഹാനം വാങ്ങാന്‍ ടെന്‍ഡര്‍ നടപടി സ്വീകരിച്ചത് പോലെ തന്നെ മേല്‍പ്പറഞ്ഞ ഉപകരണങ്ങള്‍ വാങ്ങാനും ജെം പോര്‍ട്ടല്‍ മുഖേന ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. ഉപകരണങ്ങള്‍ക്ക് ഏറ്റവും കുറവ് വിലയായ 7,36,999 കണക്കാക്കിയ കമ്പനിക്ക് സാമഗ്രികള്‍ വാങ്ങനുള്ള ചുമതല നല്‍കുകയും ചെയ്തു. ഇതുപ്രകാരമാണ് ബുള്ളറ്റ് വിത്ത് വാട്ടര്‍ മിസ്റ്റ് എന്ന വാഹനം ഒന്നിന് 9,00,915 രൂപ വില വരുന്നത്. നേരത്തെ വാങ്ങിയ ഇത്തരത്തിലുല്ള മുപ്പതോളം വാഹനങ്ങള്‍ കട്ടപ്പുറത്താണെന്ന പ്രചരണവും വസ്‌തുത വിരുദ്ധമാണെന്നും അപകടത്തില്‍പ്പെട്ട ഒരു വാഹനം ഒഴികെ മറ്റെല്ലാവാഹനങ്ങലും കാര്യക്ഷമമായി തന്നെ സേവനത്തിന് ഉപയോഗിക്കുന്നുണ്ടെന്നും അഗ്നിരക്ഷാസേന ഡയറക്‌ടര്‍ ജനറല്‍ കുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്.
വിശദീകരണ കുറിപ്പിന്‍റെ പകര്‍പ്പ്–


നിഗമനം
സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്നും വാട്ടര്‍മിസ്റ്റ് ബുള്ളറ്റ് വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന പേരിലുള്ള പ്രചരണങ്ങള്‍ക്കും കൃത്യമായ കണക്ക് നിരത്തി അഗ്നിരക്ഷാസേന ഡയറക്‌ടര്‍ ജനറല്‍ തന്നെ വിശദീകരണം നല്‍കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഇ-പോര്‍ട്ടലില്‍ ടെന്‍ഡര്‍ ക്ഷണിച്ച് നടത്തിയ ഇടപാടുകള്‍ സുതാര്യമാണെന്നും ഞങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായി. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:അഗ്നിരക്ഷാസേന വാട്ടര്‍മിസ്റ്റ് ബുള്ളറ്റ് വാഹനം വാങ്ങിയതില്‍ ക്രമക്കെടുണ്ടോ?
Fact Check By: Dewin CarlosResult: False
