വിവരണം

ഈ ക്വട്ടേഷൻ ലഭിച്ചത് ആർക്കാണ്

—————————————————-

ഈ ദുരിതകാലത്തും കൈയ്യിട്ട് വാരുന്നത് ശരിയാണോ സഖാവേ?

87 ലക്ഷം കുടുംബങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച 1000 രൂപയുടെ സൗജ്യന കിറ്റിന്റെ റീട്ടെൽ വില 720 രൂപയാണ്. ഇതിന്റെ ഹോൾസെയിൽ വില 10% താഴെ ആവും എന്ന കാര്യത്തിൽ സംശയം ഇല്ല. (720 - 72 = 648) ഇതിന്റെ ടെൻഡർ ആർക്കാണ് കൊടുത്തതെന്ന് സർക്കാർ വ്യക്തമാകണം. CPM നെ സംബന്ധിച്ചിടത്തോളം ദുരിതകാലങ്ങളല്ലാം ഇവർക്ക് ചാകരയാണ്, രണ്ട് പ്രളയവും ഓഖിയും നിപ്പയും ഇപ്പോൾ കോറോണയും നമുക്ക് പാഠമാണ്.

1000 - 648 = 352 രൂപ

352 X 87 ലക്ഷം = 3062400000 ( മുന്നൂറ്റി ആറ് കോടി ഇരുപത്തിനാല് ലക്ഷം) രൂപയുടെ വെട്ടിപ്പ് !!!!!😨😨😨

ഇന്നത്തെ റീട്ടൈൽ വില

—————————————-

ഓയിൽ 1Kg 90/-

വെളിച്ചെണ്ണ 1/2 L 75/-

ഉപ്പ് 1Kg 8/-

ആട്ട 2Kg 50/-

റവ 1Kg 40

ചെറുപയർ 1Kg 110/-

കടല 1Kg 60/-

സാമ്പാർ പരിപ്പ് 250g 23/-

കടുക് 100g 9/-

ഉലുവ 100g 10/-

സോപ്പ് 2 Pcs 16/-

ഉഴുന്ന് പരിപ്പ് 1Kg 110/-

പഞ്ചസാര 1Kg 39/-

ചായ പൊടി 250g 45/-

മുളക്പ്പൊടി 100g 23/-

—————————————

ആകെ മൊത്തം വില 720/- രൂപ മാത്രം

NB: പ്രിയമുള്ള സഖാക്കളെ ന്യായികരിച്ച് തളരണ്ട. ഇതിൽ രാഷ്ട്രിയമില്ല.നിങ്ങൾക്ക് ഇതിന്റെ വില മാർക്കറ്റിൽ അനേഷിക്കാം.നാം കൊടുക്കുന്ന നികുതി പണമാണ് ഇവർ ഇത്തരത്തിൽ അടിച്ച് മറ്റുന്നത്.നമുക്ക് അർഹതപ്പെട്ടത് കൈയ്യിട്ട് വരുന്നത് ആരുടെ ക്ഷേമത്തിനാണ്.ചിന്തിക്കുക.....

—————————————————-

ഇത്തരത്തിലൊരു സന്ദേശം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രധാനമായും വാട്‌സാപ്പ് ഗ്രൂപ്പുകളിലാണ് കൂടുതലായി സന്ദേശം പ്രചരിക്കുന്നത്. കോവിഡ് 19 മഹാമാരിയെ നേരിടുന്നതിനൊപ്പം ജനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭക്ഷ്യസാധനങ്ങളുടെ സൗജന്യ കിറ്റ് വിതരണം സംബന്ധിച്ച ആരോപണങ്ങളാണ് സന്ദേശത്തിലൂടെ പ്രചരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന കിറ്റില്‍ 1,000 രൂപയുടെ സാധനങ്ങളുണ്ടെന്ന് അവകാശവാദം ഉയര്‍ത്തിയിട്ട് 650 രൂപയുടെ സാധനങ്ങള്‍ പോലും നല്‍കിയിട്ടില്ലെന്നും കിറ്റിലേക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ ക്വട്ടേഷന്‍ ഏറ്റെടുത്തവര്‍ ഇതില്‍ അഴിമതി നടത്തിയെന്നും സിപിഎമ്മിന് ഇതില്‍ പങ്കുണ്ടെന്നും തുടങ്ങിയ ആരോപണങ്ങളാണ് സന്ദേശത്തിലൂടെ പ്രചരിപ്പിക്കുന്നത്. ആയിരം രൂപയുടെ കിറ്റ് നല്‍കാതെ വെറും 750 രൂപയില്‍ താഴെ വിലയ്ക്കുള്ള സാധനങ്ങളാണ് നല്‍കുന്നതെന്നും ഇത്തരത്തില്‍ മൂന്നൂറില്‍ അധികം രൂപ 87 ലക്ഷം ഗുണഭോക്താക്കളില്‍ നിന്നും തട്ടിപ്പ് നടത്തിയാല്‍ മൂന്നൂറില്‍ അധികം കോടി രൂപയുടെ അഴിമതി നടത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ഇതിന് മറുപടി നല്‍കണമെന്നും സന്ദേശത്തില്‍ ആവശ്യപ്പെടുന്നു.

വാട്‌സാപ്പ് സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട്-

യഥാര്‍ത്ഥത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ക്വട്ടേഷന്‍ ഏല്‍പ്പിച്ച ശേഷമാണോ ഭക്ഷ്യസാധനങ്ങളുടെ കിറ്റ് വിതരണം നടത്തുന്നത്? ആയിരം രൂപയുടെ കിറ്റ് തന്നെയാണോ റേഷന്‍ കടകള്‍ വഴി ഇപ്പോള്‍ വിതരണം ചെയ്യുന്നത്? സന്ദേശത്തില്‍ ആരോപിക്കുന്ന കാര്യങ്ങള്‍ വസ്‌തുതാപരമമാണോ എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

റേഷന്‍ കടകള്‍ വഴി നടത്തുന്ന കിറ്റ് വിതരണത്തിന് പിന്നില്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്നു എന്ന ഗുരുതര ആരോപണത്തെ കുറിച്ചുള്ള വസ്തുത അറിയാന്‍ സംസ്ഥാന ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമന്‍റെ പ്രൈവറ്റ് സെക്രട്ടറിായായ ഇ.ആര്‍.ജോഷിയുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ പ്രതികരണം ഇങ്ങനെയാണ്-

യാതൊരു അടിസ്ഥാനവുമില്ലാത്ത നുണപ്രചരണങ്ങളാണ് ചിലര്‍ സമൂഹമാധ്യമങ്ങളില്‍ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്നത്. 1,000 രൂപയുടെ സാധനങ്ങള്‍ അടങ്ങിയ കിറ്റുകളാണ് ഇപ്പോള്‍ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്നതെന്ന പ്രചരണം തന്നെ വ്യാജമാണ്. യഥാര്‍ത്ഥത്തില്‍ ക്വറന്‍റൈന്‍ നിര്‍ദേശിച്ചിരുന്ന വ്യക്തികളുടെ വീടുകളിലാണ് ആദ്യ ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആയിരം രൂപയുടെ ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ കിറ്റ് സൗജന്യമായി നല്‍കിയത്. അടുത്ത ഘട്ടമായിട്ടാണ് ബാക്കിയുള്ളവര്‍ക്കും റേഷന്‍ കടകള്‍ വഴി കിറ്റ് വിതരണം ആരംഭിച്ചിരിക്കുന്നത്. എന്നാല്‍ ഇതില്‍ പാക്കിങ് ഉള്‍പ്പടെ 17 ഇനം സാധനങ്ങള്‍ നല്‍കുമെന്നതാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ഇത് പ്രകാരമാണ് ഇപ്പോള്‍ വിതരണം നടക്കുന്നതും. 17 ഇനം സാധനങ്ങള്‍ക്ക് 1,000 രൂപ വിലയുണ്ടെന്ന വാദം സര്‍ക്കാര്‍ ഉന്നയിച്ചിട്ടുമില്ലെന്നും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി വ്യക്തമാക്കി. കൂടാതെ അടിയന്തര സാഹചര്യം കൂടി കണക്കിലെടുത്ത് സ്വകാര്യ സ്ഥാപനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ ക്വട്ടേഷന്‍ നല്‍കാതെ അതാത് താലൂക്ക് സപ്ലൈ ഓഫിസര്‍മാരുടെ നേതൃത്വത്തിലാണ് കിറ്റില്‍ ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതെന്ന വിവരവും ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്‍റെ കിറ്റ് വിതരണം സംബന്ധിച്ച് വ്യാജ സന്ദേശങ്ങളും വാര്‍ത്തകളും പ്രചരിച്ചതോടെ സപ്ലൈക്കോ സിഎംഡി പി.എം.അലി അസ്‌ഗര്‍ പാഷ വിഷയത്തില്‍

പ്രതികരിച്ച് പുറത്തിറക്കിയ വാര്‍ത്ത കുറിപ്പ് വായിക്കാം-

കോവിഡ് 19: സൗജന്യ ഭക്ഷ്യ വിതരണ കിറ്റിലെ വിഭവങ്ങളുടെ വിലയെക്കുറിച്ചുള്ള പ്രചരണം തെറ്റിദ്ധാരണാജനകം: സിഎംഡി

കോവിഡ് 19 മായി ബന്ധപ്പെട്ട് സർക്കാർ സംസ്ഥാനത്തെ റേഷൻ കാർഡുടമകൾക്ക് നൽകുന്ന സൗജന്യ കിറ്റിലെ വിലയെ സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ തെറ്റിദ്ധാരണാജനകമാണെന്ന് സപ്ലൈകോ സിഎംഡി. പി.എം. അലി അസ്ഗർ പാഷ അറിയിച്ചു.

സൗജന്യ ഭക്ഷ്യവസ്തുക്കളുടെ രണ്ടു തരത്തിലുള്ള കിറ്റ് വിതരണം നടത്തുന്നതിനാണ് സപ്ലൈകോയോട് സംസ്ഥാന സർക്കാർ നിർദ്ദേശിച്ചീട്ടുള്ളത്. കോവിഡുമായി ബന്ധപ്പെട്ട് ക്വാറൻറീനിൽ കഴിയുന്നവർക്കുള്ള 1000 രൂപ വിലവരുന്ന ഭക്ഷ്യവസ്തുക്കളുടെ കിറ്റാണ് അതിലൊന്ന്. അതതു ജില്ലാകളിലെ കളക്റ്റർമാർ നൽകുന്ന ലിസ്റ്റ് പ്രകാരം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് കിറ്റ് നൽകി വരുന്നത്.ഈ കിറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ക്വാറൻറീനിൽ കഴിയുന്നവർക്ക് നൽകുന്നത്.

സംസ്ഥാനത്തെ റേഷൻ കാർഡുടമകൾക്ക് നൽകാനുള്ള സൗജന്യ ഭക്ഷ്യവസ്തുക്കളുടെ കിറ്റിൽ നിശ്ചിത അളവിലുള്ള 17 ഇനം നിത്യോപയോഗ സാധനങ്ങൾ നൽകണമെന്നാണ് സർക്കാർ നിർദ്ദേശിച്ചീട്ടുള്ളത് .പഞ്ചസാര ( ഒരു കിലോ), ചായപ്പൊടി ( 250 ഗ്രാം), ഉപ്പ് (ഒരു കിലോ), ചെറുപയർ ( ഒരു കിലോ, കടല (ഒരു കിലോ), വെളിച്ചെണ്ണ (അര ലിറ്റർ), ആട്ട (രണ്ടു കിലോ), റവ ( ഒരു കിലോ), മുളകുപൊടി (100 ഗ്രാം), മല്ലിപ്പൊടി (100 ഗ്രാം), പരിപ്പ് ( 250 ഗ്രാം), മഞ്ഞൾപ്പൊടി (100 ഗ്രാം), ഉലുവ (100 ഗ്രാം), കടുക് (100 ഗ്രാം), സോപ്പ് ( രണ്ടെണ്ണം), സൺ ഫ്ലവർ ഓയിൽ ( ഒരു ലിറ്റർ), ഉഴുന്ന് ( ഒരു കിലോ) എന്നിവയാണവ. ഇവയുടെ വിലയെ സംബന്ധിച്ച തെറ്റായ വിലവിവരങ്ങളാണ് ചില നവ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. സൗജന്യ കിറ്റ്‌ തയ്യാറാക്കി വിതരണം ചെയ്യുന്നതിനു വേണ്ടി വരുന്ന ചെലവ് വിതരണം പൂർത്തിയാക്കിയ ശേഷം മാത്രമേ കൃത്യമായി കണക്കാക്കാൻ സാധിക്കൂ.അതിനാൽ വിലയെ സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സി എംഡി അറിയിച്ചു.എഎ വൈകാർഡുടമകൾക്കുള്ള ഭക്ഷ്യവസ്തുക്കളുടെ സൗജന്യ കിറ്റ് വിതരണം ഏപ്രിൽ 14 നകം പൂർത്തിയാക്കും. മറ്റ് കാർഡുടമകൾക്കുള്ള കിറ്റ് വിതരണം തുടർന്നുള്ള ദിവസങ്ങളിൽ നടത്തുമെന്നും സി എംഡി അറിയിച്ചു.

മാത്രമല്ല രണ്ടാം ഘട്ടമായി എല്ലാ കാര്‍ഡ് ഉടമകള്‍ക്കും 17 ഇനങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്യുന്നതിന്‍റെ ചെലവുകള്‍ കണക്ക് കൃത്യമായി തിട്ടപ്പെടുത്തുന്ന നടപടികള്‍ പുരോഗമിക്കുന്നതെയുള്ളു. വിതരണം പൂര്‍ത്തിയാക്കിയ ശേഷം ഔദ്യോഗികമായ കണക്കുകള്‍ ലഭ്യമാകുമെന്നം സിഎംഡി വ്യക്തമാക്കിയിട്ടുണ്ട്.

നിഗമനം

പ്രചരണം അടിസ്ഥാന രഹിതമാണെന്ന് ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സപ്ലൈകോ സിഎംഡിയുടെ വ്യക്താമക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സന്ദേശം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:സംസ്ഥാന സര്‍ക്കാരിന്‍റെ കിറ്റ് വിതരണം കോടികളുടെ തട്ടിപ്പെന്ന പേരില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജം..

Fact Check By: Dewin Carlos

Result: False