മണിപ്പൂരില്‍ വീണ്ടും ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ ചിലയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ബിജെപി നേതാക്കളെ മണിപ്പൂരികള്‍ ഓടിച്ചു വിടുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ പുതുതായി പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.

പ്രചരണം

ബിജെപിയുടെ ഷോള്‍ ധരിച്ച ഒരു വ്യക്തിയെയും കൂട്ടരെയും ആള്‍ക്കൂട്ടത്തില്‍ നിന്നും ചിലര്‍ ഓടിക്കുകയും മര്‍ദ്ദിക്കുകയും ആക്രോശിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സംഭവം മണിപ്പൂരില്‍ ഈയിടെ നടന്നതാണ് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “*ബി.ജെ.പി നേതാക്കൾക്ക് മണിപ്പൂരിൽ ഊഷ്മള സ്വീകരണം*”

FB postarchived link

എന്നാല്‍ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 2017ൽ ചിത്രീകരിച്ച ഈ ദൃശ്യങ്ങള്‍ക്ക് മണിപ്പൂരുമായി യാതൊരു ബന്ധവുമില്ല.

വസ്തുത ഇങ്ങനെ

1 മിനിറ്റ് 47 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, അക്രമികൾ ഹിന്ദിയിൽ ആക്രോശിക്കുന്നത് കേൾക്കാം, "ഗൂർഖ കോ ക്യാ സമജ്കെ രഖാ ഹേ", (ഗൂർഖകളെക്കുറിച്ച് നിങ്ങൾ എന്താണ് കരുതിയിരിക്കുന്നത്)

സംഭവം എന്താണെന്ന് വ്യക്തമാകുന്നതിനായി ഞങ്ങൾ ഒരു കീവേഡ് അന്വേഷണം നടത്തിയപ്പോള്‍ ‘പശ്ചിമ ബംഗാൾ ബി.ജെ.പി അധ്യക്ഷൻ ദിലീപ് ഘോഷിനെയും മറ്റ് ബി.ജെ.പി നേതാക്കളെയും വിമത ഗൂർഖ ജനമുക്തി മോർച്ച (ജിജെഎം) പ്രവർത്തകർ വ്യാഴാഴ്ച ഡാർജിലിംഗിൽ ഓടിച്ചിട്ട് മർദ്ദിച്ചു’ എന്ന ഉള്ളടക്കത്തോടെ പ്രസിദ്ധീകരിച്ച വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു.

റിപ്പോർട്ടുകൾ പ്രകാരം, 2017 ഒക്ടോബർ 5 ന് വൈകുന്നേരം, ദിലീപ് ഘോഷും ഏഴംഗ പ്രതിനിധി സംഘവും മറ്റ് പാർട്ടി അംഗങ്ങളും അനുഭാവികളും ഡാർജിലിംഗിൽ നടക്കാനിരിക്കുന്ന 'വിജയ സമ്മേളനത്തിൽ' പങ്കെടുക്കാൻ പോയി.

ബംഗാൾ ബിജെപി അധ്യക്ഷൻ സ്ഥലത്തെത്തിയ ഉടൻ ബിജെപി അനുഭാവികളും ജിഎംജെ അനുഭാവികളും തമ്മിൽ വാക്കേറ്റമുണ്ടായി. ബിജെപി നേതൃത്വത്തിനെതിരെ പ്രതിഷേധിക്കാൻ അവിടെ തടിച്ചുകൂടിയ ജിഎംജെ പ്രവർത്തകർ ദിലീപ് ഘോഷിനെയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മറ്റുള്ളവരെയും ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു. ഈ സംഭവം അന്ന് എല്ലാ മാധ്യമങ്ങളും വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ദിലീപ് ഘോഷ് ഗൂർഖ ജനമുക്തി മോർച്ച നേതാവ് ബിനയ് തമാംഗിനെ രാജ്യദ്രോഹി എന്ന് വിശേഷിപ്പിച്ചതാണ് ജിജെഎം പ്രവർത്തകർ പ്രകോപിതരാകാൻ കാരണമെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. 2017 ഒക്ടോബർ 5-ന് റിപ്പബ്ലിക് ടിവി യുട്യൂബില്‍ അപ്‌ലോഡ് ചെയ്ത ഒരു വീഡിയോ ഞങ്ങൾ കണ്ടെത്തി.

“പെട്ടെന്ന് അവർ വേദിയിലേക്ക് ഓടിക്കയറി ഞാനുൾപ്പെടെ എല്ലാവരേയും അസഭ്യം പറഞ്ഞു” എന്ന് സംഭവത്തിന് ശേഷം ദിലീപ് ഘോഷ് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുറത്താക്കപ്പെട്ട ഗൂർഖ ജനമുക്തി മോർച്ച നേതാവ് ബിനയ് തമാങ്ങിന്‍റെ അനുയായികളാണ് പ്രക്ഷോഭകാരികളെന്ന് ബിജെപി ബംഗാൾ നേതൃത്വം അവകാശപ്പെട്ടതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിൽ പോലീസിൽ പരാതി നൽകുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.

പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ നടന്ന ഈ സംഭവത്തിന് മണിപ്പൂരുമായി യാതൊരു ബന്ധവുമില്ല.

നിഗമനം

പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. ദൃശ്യങ്ങള്‍ മണിപ്പൂരില്‍ നിന്നുള്ളതല്ല. 2017 ഒക്ടോബറില്‍ പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍പശ്ചിമ ബംഗാള്‍ ബിജെപി അദ്ധ്യക്ഷന്‍ ദിലീപ് ഘോഷിനെ ഗൂർഖ ജനമുക്തി മോർച്ച പ്രവര്‍ത്തകര്‍ ഓടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത ദൃശ്യങ്ങളാണിത്. ദൃശ്യങ്ങള്‍ക്ക് മണിപ്പൂരുമായി യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ നിന്നുള്ള 2017 ലെ ഈ ദൃശ്യങ്ങള്‍ക്ക് മണിപ്പൂരുമായി യാതൊരു ബന്ധവുമില്ല...

Written By: Vasuki S

Result: False