വിവരണം

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന സി.എ.റൗഫിനെ സംബന്ധിച്ച ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്‍ഐഎ പിടികൂടിയ റൗഫ് മാസങ്ങളായി തീഹാര്‍ ജയിലില്‍ തടവിലാണ്. എന്നാല്‍ ഇയാള്‍ ഇപ്പോള്‍ സഹതടവുകാരനില്‍ നിന്നും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കപ്പെട്ടു എന്നതാണ് സമൂഹമാധ്യമത്തിലെ പ്രചരണം.

നിരോധിത സംഘടനയായ SDPI നേതാവ് റൗഫ് ജയിലിൽ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായതായി പരാതി.

ജയിലിലെ സഹതടവുകാരനായ പഞ്ചാബ് സ്വദേശിയും ഖാലിസ്ഥാൻ വാദി നേതാവുമായ രാജ്പാൽ സിംഗിനെ പ്രതിചേർത്ത് ജയിൽ അധികൃതർ അന്വേഷണം ആരംഭിച്ചു..

സഹതടവുകാരാണ് റൗഫ് മലദ്വാരത്തിൽ നിന്ന് രക്തം വാർന്നു ജയിലിലെ ടോയ്ലറ്റിൽ അവശ നിലയിൽ കിടക്കുന്നത് കണ്ടത് ജയിലിൽ റൗഫിന് വേണ്ട ചികിത്സ ലഭ്യമാക്കുമെന്ന് ജയിൽ സൂപ്രണ്ട് അറിയിച്ചു.. എന്ന തലക്കെട്ട് നല്‍കി 24 ന്യൂസ് നല്‍കിയ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് എന്ന പേരിലാണ് പ്രചരണം. അനൂപ് അനൂപ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 136ല്‍ അധികം റിയാക്ഷനുകളും 28ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ പിഎഫ്ഐ മുന്‍ നേതാവ് സി.എ.റൗഫിന് ഇത്തരത്തില്‍ ഒരു പീഡനം ജയിലില്‍ സംഭവിച്ചിട്ടുണ്ടോ? 24 ന്യൂസ് ഇതുസംബന്ധിച്ച് വാര്‍ത്ത നല്‍കിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ 24 ന്യൂസ് ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടുണ്ടോയെന്ന് അറിയാന്‍ അവരുടെ വെബ്‌സൈറ്റും സമൂഹമാധ്യമങ്ങളിലെ പേജുകളും പരിശോധിച്ചെങ്കിലും യാതൊന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ലാ. പിന്നീട് പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് പരിശോധിച്ചതില്‍ നിന്നും സ്ലഗിന് നല്‍കിയിരിക്കുന്ന പേര് Clash in Viyyur jail Kodi Suni എന്നാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. ഇതുപ്രകാരം ഗൂഗിള്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും ഈ സ്ലഗ് നെയിം നല്‍കിയ 24 ന്യൂസിന്‍റെ വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞു. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ മുഖ്യപ്രതിയായ കൊടി സുനിയെ വിയ്യൂര്‍ സെന്‍റ്രല്‍ ജയിലില്‍ മര്‍ദ്ദിച്ചതായി പരാതിയെന്ന വാര്‍ത്തയാണ് 24 ന്യൂസ് നല്‍കിയിരിക്കുന്നത്. വാര്‍ത്തയുടെ പൂര്‍ണ്ണരൂപം ഇവിടെ വായിക്കാം.

പ്രചരിക്കുന്ന വാര്‍ത്ത സ്ക്രീന്‍ഷോട്ടില്‍ നല്‍കിയ സ്ലഗ് നെയിം കാണാം-

അതായത് കൊടി സുനി അക്രമിക്കപ്പെട്ട വാര്‍ത്ത സ്ക്രീന്‍ഷോട്ട് എഡിറ്റ് ചെയ്താണ് സി.എ.റൗഫിന് ജയിലില്‍ പ്രകൃതി വിരുദ്ധ പീഡനം നേരിട്ടു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി. പിന്നീട് 24 ന്യൂസിന്‍റെ ഫെയ്‌സ്ബുക്ക് പേജ് പരിശോധിച്ചതില്‍ നിന്നും റൗഫിനെ കുറിച്ച് 24 ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടില്ലായെന്നും പ്രചരിക്കുന്നത് വ്യാജ സ്ക്രീന്‍ഷോട്ടാണെന്നും പ്രിതകരിച്ചുകൊണ്ട് അവര്‍ പോസ്റ്റ് പങ്കുവെച്ചതായും കണ്ടെത്താന്‍ കഴിഞ്ഞു.

വ്യാജ വാര്‍ത്ത സ്ക്രീന്‍ഷോട്ടാണ് പ്രചരിക്കുന്നതെന്ന് പ്രതികരിച്ച് 24 ന്യൂസ് പങ്കുവെച്ച പോസ്റ്റ്-

24 News FB Post

മാത്രമല്ലാ സി.എ.റൗഫിന് തീഹാര്‍ ജയിലില്‍ ഇത്തരമൊരു പീഡനം ഉണ്ടായതായി ഒരു മാധ്യമവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാ എന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

നിഗമനം

പിഎഫ്ഐ മുന്‍ നേതാവ് സി.എ.റൗഫ് തീഹാര്‍ ജയിലില്‍ സഹതടവുകാരനില്‍ നിന്നും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായി എന്ന തരത്തില്‍ 24 ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത സ്ക്രീന്‍ഷോട്ട് വ്യാജമാണെന്ന് 24 ന്യൂസ് തന്നെ പ്രതികരിച്ചിട്ടുണ്ട്. റൗഫിന് ഇത്തരമൊരു പീഡനമുണ്ടായതായി ഒരു മാധ്യമങ്ങളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാ. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

Avatar

Title:പിഎഫ്ഐ നേതാവ് റൗഫിനെ സഹതടവുകാരന്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പേരില്‍ പ്രചരിക്കുന്ന ഈ വാര്‍ത്ത സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..

Written By: Dewin Carlos

Result: False