ബിജെപി ശബരിമല യുവതീ പ്രവേശനത്തിന് തൃപ്തി ദേശായിക്ക് 50 കോടി നൽകിയോ…?

രാഷ്ട്രീയം | Politics

വിവരണം

Pushpavally Haridas എന്ന ഫേസ്‌ബുക്ക് പ്രൊഫൈൽ വഴി 2019  ഏപ്രിൽ 5  മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് 7000 ത്തില്പരം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ശബരിമല അയ്യപ്പൻറെ ചിത്രത്തോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും ശബരിമലയിൽ സ്ത്രീകളെ കയറ്റാൻ വേണ്ടി കേസ് നടത്തിപ്പിനായി തൃപ്തി ദേശായിക്ക് ബിജെപി കേന്ദ്ര കമ്മറ്റി കൊടുത്ത തുക50  കോടി രൂപ …. ഇപ്പോൾമനസ്സിലായില്ലേ ശബരിമലയുടെ കാര്യത്തിൽ  ബിജെപിയുടെ രാഷ്ട്രീയം.” എന്ന വാചകവും ചേർത്താണ് പോസ്റ്റ് നൽകിയിരിക്കുന്നത്.

archived link FB post

ശബരിമലയിൽ യുവതീ പ്രവേശനം സംബന്ധിച്ച  കോടതിവിധി നടപ്പിൽ വരുന്നതിനും മുമ്പുതന്നെ ശബരിമലയിൽ ദർശനം നടത്തുമെന്ന് ഉറക്കെ പ്രഖ്യാപിച്ച വനിതയാണ് തൃപ്തി ദേശായി. അവർ നയിക്കുന്ന സംഘടനയായ ഭൂമാതാ ബ്രിഗേഡിന്‍റെ നേതൃത്വത്തിൽ സ്ത്രീ പ്രവേശനം നിരോധിച്ചിരുന്ന ആരാധനാലയങ്ങളിൽ പ്രവേശനത്തിനു ശ്രമിച്ചതും  സാധ്യമാക്കിയെടുത്തതുമായ  ചരിത്രം ഭൂമാതാ ബ്രിഗേഡിന് പറയാനുണ്ട്. എന്നാൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പിന്തുണ തനിക്കുണ്ടെന്ന് സ്വതന്ത്ര പ്രവർത്തനം നടത്തുന്ന തൃപ്തി ഇതുവരെ പറഞ്ഞിട്ടില്ല.

വസ്തുതാ പരിശോധന

പോസ്റ്റിൽ ഈ വാർത്തയുടെ സ്രോതസ്സ് ഏതാണ് എന്ന് വ്യക്തമാക്കിയിട്ടില്ല. അല്ലെങ്കിൽ ഏതു സന്ദർഭത്തിൽ നിന്നാണ് വാർത്ത ലഭിച്ചത് എന്നും വ്യക്തമല്ല. തുടർന്ന്  ഇങ്ങനെ ഒരു വാർത്ത ഞങ്ങൾ പ്രമുഖ മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളിലും സാമൂഹിക മാധ്യമങ്ങളിലെ പേജുകളിലും തിരഞ്ഞു.എന്നാൽ ഇതേ വാർത്തയോ ഇതോട് സമാനമായ മറ്റു വാർത്തകളോ ഞങ്ങൾക്ക് കണ്ടെത്താനായില്ല. ഇത്തരത്തിലൊരു ആരോപണം ഉണ്ടായാൽ തീർച്ചയായും അത് മാധ്യമങ്ങൾ വാർത്തയാക്കും. മാത്രമല്ല  എതിർ പാർട്ടികൾ അതൊരു പ്രധാന വിഷയമാക്കി ബിജെപിയെ ആക്രമിക്കുകയും ചെയ്യും. എന്നാൽ ഇത്തരത്തിലൊരു നീക്കം ഒരു രാഷ്ട്രീയ പാർട്ടികളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.  

2007 ൽ എൻസിപിയുടെ നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാർ ഉൾപ്പെട്ട സഹകരണബാങ്ക് അഴിമതി പുറത്ത് കൊണ്ടുവരുന്നതിൽ മുൻനിരയിൽ തൃപ്തിയുമുണ്ടായിരുന്നു.50 കോടി രൂപയുടെ അഴിമതി നടന്നു എന്നായിരുന്നു ആരോപണം. അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരങ്ങളിൽ തൃപ്തിയുടെ സംഘടനയും പങ്കു ചേർന്നു. ഈ വിവരം തൃപ്തിയെപ്പറ്റി വിക്കിപീഡിയ അവരുടെ പേജിൽ നൽകിയിട്ടുണ്ട്.

wikipedia
archived link

ഇതല്ലാതെ 50  കോടി രൂപയുമായി ബന്ധപ്പെട്ട് തൃപ്തിയുടെ പേര് ചേർത്ത് മറ്റു വാർത്തകളൊന്നും കാണാനില്ല. ഈ വാർത്ത നൽകിയിട്ടുള്ളത് ഈയൊരു പോസ്റ്റിൽ മാത്രമാണ്.  

ഞങ്ങൾ നടത്തിയ വിശകലനത്തിൽ നിന്നും മനസ്സിലാകുന്നത് ഈ പോസ്റ്റ് വ്യാജമാണെന്നാണ്.

നിഗമനം

ഈ പോസ്റ്റിൽ പറയുന്ന കാര്യം പൂർണ്ണമായും വ്യാജമാണ്. ഇത്തരത്തിൽ ഒരു ആരോപണം ബിജെപിക്ക് എതിരെ വന്നിട്ടുള്ളതായി യാതൊരു രേഖകളുമില്ല. ആരോപണം ശരിവയ്ക്കുന്ന പത്ര വാർത്തകളോ എതിർ രാഷ്ട്രീയ പാർട്ടികളുടെ പോസ്റ്റുകളോ  ഇല്ല.  അതിനാൽ പൂർണമായും വ്യാജമായ ഈ പോസ്റ്റ് ഷെയർ ചെയ്യാതിരിക്കാൻ മാന്യ വായനക്കാർ ശ്രദ്ധിക്കുക

Avatar

Title:ബിജെപി ശബരിമല യുവതീ പ്രവേശനത്തിന് തൃപ്തി ദേശായിക്ക് 50 കോടി നൽകിയോ…?

Fact Check By: Deepa M 

Result: False