കുട്ടികളെ തട്ടികൊണ്ട് പോകുന്ന തമിഴ് സംഘത്തെ കേരളത്തിൽ നിന്നും പിടികൂടിയോ..?

സാമൂഹികം

വിവരണം

Way for something

എന്ന ഫേസ്ബുക്ക് പേജില്‍ നിന്നും 2019 ഓഗസ്റ്റ് 28 മുതല്‍ പ്രചരിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 9000 ത്തോളം ഷെയറുകള്‍ ലഭിച്ചു കഴിഞ്ഞു. ചിത്രത്തിന് “കുട്ടികളെ തട്ടികൊണ്ട് പോകുന്ന ഒരു തമിഴ് ടീമിനെ കേരളത്തിൽ നിന്നും പിടികൂടി.. ദയവായി കുട്ടികളെ ശ്രദ്ധിക്കുക ??” എന്ന അടിക്കുറിപ്പ് നല്കിയിട്ടുണ്ട്. 

ഒരു ചിത്രത്തിൽ ഒരാൾ സന്യാസിയെപ്പോലെയുള്ള വസ്ത്രത്തിൽ കാണപ്പെടുന്നുണ്ട്. അതേ വ്യക്തി കാറിൽ ഇരിക്കുന്ന മറ്റൊരു ചിത്രത്തിലും പ്രത്യക്ഷപ്പെടുന്നു. മൂന്നാമത്തെ ചിത്രത്തിൽ,  ഏതാനും കുട്ടികളെ ഒരു കാർ ഡിക്കിയിൽ നിറച്ചു വച്ച രീതിയില്‍ കാണുന്നു.

archived linkFB post

തമിഴ് നാട്ടില്‍ നിന്നുമുള്ള ഈ മോഷണ സംഘത്തെ ഈ കേരളത്തില്‍ നിന്നും പിടിച്ചു എന്നാണ് പോസ്റ്റില്‍ നല്കിയിരിക്കുന്ന അവകാശവാദം. 

വസ്തുതാ വിശകലനം

ആദ്യം ഞങ്ങൾ ഈ ചിത്രങ്ങളുടെ റിവേഴ്സ് ഇമേജ് തിരയൽ നടത്തി. ഇന്ത്യയിലെ വിവിധ ഭാഷകളില്‍ ഇതേ ചിത്രങ്ങള്‍ വ്യത്യസ്ത സ്ഥലപ്പേരുകളില്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ ഇന്‍സ്റ്റാഗ്രാം എന്നീ സാമൂഹിക മാധ്യമങ്ങളിലൂടെ കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ പ്രചരിപ്പിച്ചുപോരുന്നുണ്ട് എന്ന് അന്വേഷണ ഫലങ്ങള്‍ വ്യക്തമാക്കുന്നു.

archived linktwitter

സന്യാസിയുടേത് പോലുള്ള വസ്ത്രധാരണത്തില്‍ കാറിൽ ഇരിക്കുന്ന ഒരാളുടെ രണ്ട് ചിത്രങ്ങൾക്കായി തിരയുമ്പോൾ ഞങ്ങൾക്ക് പ്രത്യേക ഫലങ്ങളൊന്നും ലഭിച്ചില്ല. എന്നാല്‍ മിക്കവാറും എല്ലാ പോസ്റ്റുകളിലും ഈ സന്യാസ വേഷധാരിയുടെ ചിത്രങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. അതിനുശേഷം ഞങ്ങൾ ശേഷിക്കുന്ന ഒരു ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് തിരയൽ നടത്തി. തിരച്ചിലില്‍ ഞങ്ങൾക്ക് ലഭിച്ച ഫലങ്ങൾ ചുവടെ നിങ്ങൾക്ക് കാണാൻ കഴിയും.

മേൽപ്പറഞ്ഞ സംഭവം കേരളത്തിലെതല്ല, ഹരിയാനയിലെ കുരുക്ഷേത്രയിൽ സ്ഥിതിചെയ്യുന്ന ലദ്‌വ നഗരമാണെന്ന് ഈ അന്വേഷണത്തിൽ നിന്ന് ഞങ്ങൾ മനസ്സിലാക്കി. ഇതിന്‍റെ വസ്തുത അറിയാനായി ഞങ്ങളുടെ പ്രതിനിധി 2019 ഓഗസ്റ്റ് 24 ന് ഉച്ചയ്ക്ക് ലദ്വ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടിരുന്നു.  പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ പോലീസ് ഇൻസ്പെക്ടർ ഓം പ്രകാശ് ഞങ്ങളോട് പറഞ്ഞത്തു ഇങ്ങനെയാണ്: “ഹിസാറിലെ സഹൽപൂർ ഗ്രാമത്തിലെ സുരേന്ദ്ര കുമാറും സുനിലും കുടുംബത്തോടൊപ്പം ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്നു ചൊവ്വാഴ്ച ഹരിദ്വാറിൽ നിന്ന് അവരുടെ കുടുംബം പിതാവിന്‍റെ  ബലിതര്‍പ്പണത്തിന് പോയതാണ്. സ്ഥല പരിമിതി മൂലം കുട്ടികളെ കാറിന്‍റെ ഡിക്കിയിൽ ഇരുത്തി. ഡിക്കി ലോക്ക് പോലും ചെയ്തിട്ടില്ല. കാർ വേഗത കുറയ്ക്കാനോ നിർത്താനോ ശ്രമിച്ചപ്പോഴെല്ലാം കുട്ടികൾ ഡിക്കിയുടെ ഡോര്‍ തുറന്നു. രാവിലെ ലദ്വയിലെ ഇന്ദ്രചൌക്കിൽ കാർ എത്തിയപ്പോൾ കാര്‍ ഒരു ട്രാഫിക്ക് ജാമിൽ കുടുങ്ങി. ഈ സമയത്ത് കുട്ടികൾ ഡിക്കി മുകളിലേക്ക് ഉയർത്തി. ഡിക്കിയിൽ ഇരിക്കുന്ന കുട്ടികളെ കണ്ട് നാട്ടുകാര്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘമാണെന്ന് കരുതി ബഹളമുണ്ടാക്കി. ഇതിനുശേഷം സംഘത്തെ ലദ്വ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. പോലീസ് ഇവരെ ചോദ്യം ചെയ്തു. ശേഷം തിരിച്ചറിയൽ കാർഡ് പരിശോധിച്ച ശേഷം അദ്ദേഹത്തെ വിട്ടയച്ചു. ഇവര്‍ കുട്ടികളെ തട്ടിക്കൊണ്ടു  സംഘമാണെന്ന വാര്‍ത്ത വെറും അഭ്യൂഹമാണ്”

ഈ പോസ്റ്റിനെ കുറിച്ച് കേരള പോലീസ് എന്താണ് പറയുന്നത് എന്നറിയാനായി ഞങ്ങള്‍ സ്റ്റേറ്റ് പോലീസ് മീഡിയ സെല്ലുമായി ബണ്ടപ്പെട്ടിരുന്നു. അവിടെ നിന്നും ഡപ്യൂട്ടി ഡയറക്ടര്‍ പ്രമോദ് കുമാര്‍ അറിയിച്ചത് “കേരള പോലീസിന് ഈ സംഭവവുമായി യാതൊരു ബന്ധവുമില്ല എന്നാണ്. ഇത്തരത്തില്‍ ഒരു കേസ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ വാര്‍ത്തയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയില്ല. പക്ഷേ ഇത് കേരളത്തില്‍ നിന്നുള്ളതല്ല. വ്യാജ പോസ്റ്റാണ് എന്നു കരുതുന്നു.”

2019 ഓഗസ്റ്റ് 14 ന് ‘പഞ്ചാബ് കേസരി’ ഒരു വാർത്ത പ്രക്ഷേപണം ചെയ്തു. വാർത്തയിൽ ഒരു വീഡിയോയും മുകളിലുള്ള പോസ്റ്റിൽ പങ്കിട്ട രണ്ട് ചിത്രങ്ങളും നൽകിയിട്ടുണ്ട്. “ഒരു കുടുംബം ബലിതര്‍പ്പണത്തിന് ശേഷം ഹരിദ്വാറിൽ നിന്ന് മടങ്ങുകയായിരുന്നുവെന്ന് വാർത്തയിൽ പറയുന്നു. കുരുക്ഷേത്രയിലെ ലദ്വ സ്ഥലത്തെ ട്രാഫിക് സ്റ്റോപ്പിൽ കുട്ടികൾ ഡിക്കിയിൽ ഇരിക്കുന്നത് കണ്ടപ്പോൾ, കുട്ടികളെ മോഷ്ടിക്കുന്ന സംഘമായിട്ടാണ് അവർ ഈ കുടുംബത്തെ കണക്കാക്കിയത്. തുടര്‍ന്ന് , അവരെ പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്നു. പോലീസ് അവരെ ചോദ്യം ചെയ്തു പിന്നീട് എല്ലാവരെയും വിട്ടയച്ചു.”

archived link

തിരയലിൽ നിന്ന്, സമാനമായ മറ്റൊരു വാർത്ത പാനിപ്പത്ത് ലൈവ് വാർത്താ വെബ്സൈറ്റ് 2019 ഓഗസ്റ്റ് 13 ന് ഞങ്ങൾക്ക് ലഭിച്ചു. പഞ്ചാബ് കേസരി നല്‍കിയ അതേ രീതിയില്‍ തന്നെയാണ് ഈ വാർത്തയിലും വിവരങ്ങളുള്ളത്. 

archived link

2019 ഓഗസ്റ്റ് 14 ന് സർക്കിൾ പേജ്  എന്ന വാർത്താ വെബ്സൈറ്റ് ഒരു വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടു പോയതായി കരുതി, ആളുകൾ പോലീസിന് കൈമാറിയ കുടുംബം,  ഈ പ്രശ്നം മൂലം വളരെയധികം കഷ്ടപ്പെപ്പെട്ടുവെന്നും കുട്ടികൾ ഭയപ്പെട്ടുവെന്നും വാർത്തയിൽ വിവരിച്ചിട്ടുണ്ട്

അതിനാൽ, ഈ സംഭവം കേരളത്തില്‍ നിന്നല്ല, ഹരിയാനയിലെ കുരുക്ഷേത്രയിൽ നിന്നാണെന്ന് വ്യക്തമാണ്. മാത്രമല്ല,  കാർ ഡിക്കിയിൽ കണ്ടെത്തിയ കുട്ടികൾ അതേ കുടുംബത്തില്‍ നിന്നുള്ളവര്‍ തന്നെയായിരുന്നു, അവർ ഹരിദ്വാറിൽ നിന്ന് മടങ്ങുകയായിരുന്നു. സന്യാസ വേഷധാരിയെ പറ്റി ഞങ്ങൾ വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനയുടെ ഔദ്യോഗിക വെബ്സൈറ്റുകളില്‍ തിരഞ്ഞു നോക്കി. എന്നാല്‍ യാതൊരു വിവരങ്ങളും ലഭ്യമായില്ല.  

നിഗമനം

ഈ പോസ്റ്റില്‍ നല്കിയിരിക്കുന്ന വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. ചിത്രങ്ങള്‍ കേരളത്തില്‍ നിന്നും പിടികൂടിയ തമിഴ് നാട്ടുകാരായ കുട്ടികളെ  തട്ടിക്കൊണ്ടുപോകുന്ന സംഘത്തിന്റേതല്ല. ചിത്രത്തിലുള്ള കുട്ടികള്‍ തട്ടിക്കൊണ്ടു പോകപ്പെട്ടവര്‍ ആണെന്ന് തെറ്റായ രീതിയില്‍ സാമൂഹിക മാധ്യമങ്ങളിലെ നിരവധി പ്രൊഫൈലുകളില്‍ കൂടി പ്രചരിച്ചു പോരുന്നവയാണ്. കേരള പോലീസ് ഈ വാര്‍ത്ത തെറ്റാണെന്ന് ഞങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്ന ഈ പോസ്റ്റ് ഷെയര്‍ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു 

Avatar

Title:കുട്ടികളെ തട്ടികൊണ്ട് പോകുന്ന തമിഴ് സംഘത്തെ കേരളത്തിൽ നിന്നും പിടികൂടിയോ..?

Fact Check By: Vasuki S 

Result: False