
വിവരണം
Smart Life Media എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 മെയ് 7 മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു പോസ്റ്റിന് 3000 ത്തോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. മലയാളത്തിലെ അനശ്വര നടൻ ഒടുവിൽ ഉണ്ണികൃഷ്ണന്റെ കുടുംബത്തെപ്പറ്റിയാണ് പോസ്റ്റ്. ” ഒരു നേരത്തെആഹാരത്തിനായി പാടുപെടുകയാണ് അനശ്വര നടൻ ഒടുവിൽ ഉണ്ണികൃഷ്ണന്റെ കുടുംബം” എന്നാണ് പോസ്റ്റിൽ ആരോപിക്കുന്നത്. കൂടാതെ “സിനിമാ ലോകത്തെ നല്ല മനസ്സുള്ള നടീനടന്മാർ ഒന്ന് മനസ്സ് വെച്ചാൽ ഈ കുടുംബം രക്ഷപ്പെടും. അഭിനയത്തിൽ കാട്ടുന്ന നല്ല വേഷം ജീവിതത്തിലും ഒന്ന് കാട്ടുക.. ആ കുടുംബം രക്ഷപ്പെടും പ്ലീസ് …” എന്ന അഭ്യർത്ഥനയും പോസ്റ്റിൽ നൽകിയിട്ടുണ്ട്.
ഒടുവിൽ ഉണ്ണിക്കൃഷ്ണൻ ഈ ലോകത്തോടു വിടപറഞ്ഞത് 2006 മെയ് 27 നായിരുന്നു. വൃക്ക സംബന്ധിച്ച രോഗത്തെത്തുടർന്ന് ദീർഘനാളത്തെ ചികിത്സയ്ക്കു ശേഷമായിരുന്നു അന്ത്യം. ഒടുവിലിന്റെ മരണ ശേഷം പോസ്റ്റിൽ പറയുന്നത് പോലെ കുടുംബം പട്ടിണിയായോ.. അതോ ഇത് വെറുതെ വ്യാജമായ പ്രചരണമാണോ..? നമുക്ക് അന്വേഷിച്ചു നോക്കാം
വസ്തുതാ പരിശോധന
ഞങ്ങൾ ഈ വാർത്തയുടെ വസ്തുതയറിയാൻ ഇന്റർനെറ്റിൽ തിരഞ്ഞു. അപ്പോൾ ഇതേ ആരോപണമുള്ള രണ്ടു യൂട്യൂബ് വീഡിയോകൾ ലഭ്യമായി.
തുടർന്ന് നടത്തിയ പരിശോധനയിൽ ഇത് 2014 ൽ പ്രചരിച്ചു തുടങ്ങിയ വ്യാജ വാർത്തയാണെന്നുള്ള ചില റിപ്പോർട്ടുകൾ കിട്ടി. ഏഷ്യാനെറ്റ് ആദ്യം ഒടുവിലിന്‍റെ കുടുംബം ദാരിദ്ര്യത്തെ അഭിമുഖീകരിക്കുന്നുവെന്ന് ഒരു വാർത്ത പ്രസിദ്ധീകരിച്ചുവെന്നും അതിനെതിരെ ഒടുവിലിന്‍റെ ഭാര്യ വാർത്താ സമ്മേളനം നടത്തി എന്നുമാണ് വാർത്ത. വാർത്തയുടെ സ്ക്രീൻഷോട്ട് താഴെയുണ്ട്.

ഇതേ വാർത്ത മറ്റു മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചതിന്‍റെ സ്ക്രീൻഷോട്ടും ലിങ്കുകളും പരിശോധിക്കാം


archived link | marunadan malayali |
archived link | malabari news |
archived link | timesofindia indiatimes |
വാർത്തയെക്കുറിച്ച് കൂടുതൽ വ്യക്തമായി അറിയാൻ ഞങ്ങളുടെ പ്രതിനിധി മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവുമായി ബന്ധപ്പെട്ടിരുന്നു. അദ്ദേഹം ഒടുവിൽ ഉണ്ണികൃഷ്ണന്‍റെ സഹോദരനുമായി ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും ഈ വാർത്ത വ്യാജമാണെന്ന് അവിടെനിന്നും മനസ്സിലാക്കാൻ സാധിച്ചുവെന്നും ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചു.

ഞങ്ങൾ നടത്തിയ വിശകലനത്തിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് ഇത് വ്യാജ പ്രചരണം മാത്രമാണെന്നാണ്.
നിഗമനം
പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത് തികച്ചും തെറ്റായ കാര്യമാണ്. മാത്രമല്ല ഈ വ്യാജ വാർത്ത പുറത്തിറങ്ങിയിട്ട് ഏതാണ്ട് 5 വർഷം കഴിഞ്ഞിട്ടുണ്ട്. പോസ്റ്റിൽ ആരോപിക്കുന്നതുപോലെ ദാരിദ്ര്യത്തെ അഭിമുഖീകരിക്കുന്ന അവസ്ഥയിലല്ല ഒടുവിൽ ഉണ്ണികൃഷ്ണന്റെ കുടുംബം. അതിനാൽ തെറ്റായ വിവരണമുള്ള ഈ പോസ്റ്റിനോട് ശ്രദ്ധിച്ചു മാത്രം പ്രതികരിക്കുവാൻ മാന്യ വായനക്കാരോട് അപേക്ഷിക്കുന്നു.

Title:ഒടുവിൽ ഉണ്ണികൃഷ്ണന്റെ കുടുംബം ഒരു നേരത്തെ ആഹാരത്തിനായി പാടുപെടുകയാണോ …?
Fact Check By: Deepa MResult: False
