വിവരണം

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കലാശക്കൊട്ടില്‍ പങ്കെടുക്കാന്‍ എത്തിയ സിപിഎം പ്രവര്‍ത്തകര്‍ പാടിയ പാട്ടിനെയും വേഷത്തെയും കുറിച്ചാണ് ഇപ്പോള്‍ സമൂഹമാധ്യമത്തിലെ പ്രധാന ചര്‍ച്ച. മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്തയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. തലയില്‍ ആര്‍എസ്എസ് കൊടിയില്‍ നാവില്‍ ആര്‍എസ്എസ് താളവുമായി ജയിക്കിന് വോട്ട് ചോദിച്ച് ഡിവൈഎഫ്ഐ എന്ന പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മീഡിയ വണ്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് ഒരു വീഡിയോയും അതിന്‍റെ തലക്കെട്ടുമാണ് പ്രചരണത്തിന് ആധാരം. ആര്‍എസ്എസ് ഗണഗീതത്തിന്‍റെ താളത്തില്‍ ജയിക്കിന് വേണ്ടി പാട്ടുപാടി വോട്ട് ചോദിച്ച് പ്രവര്‍ത്തകര്‍ എന്ന തലക്കെട്ട് നല്‍കിയാണ് മീഡിയ വണ്‍ വീഡിയോ പ്രസിദ്ധീകരിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ സമൂഹമാധ്യമങ്ങളില്‍ നിരവധി വിമര്‍ശനങ്ങളും ആക്ഷേപങ്ങളുമാണ് സിപിഎമ്മിനെതിരെ ഉയര്‍ന്നത്.

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റര്‍-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആര്‍എസ്എസിന്‍റെ കാവി കൊടിയും ഗണഗീതത്തിന്‍റെ ഈണത്തിലുള്ള പാട്ടുമാണോ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പാടിയത്? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം.

വസ്‌തുത ഇതാണ്

ആര്‍എസ്എസിന്‍റെ കാവി നിറമുള്ള തലയില്‍കെട്ടും ഗണഗീതത്തിന്‍റെ ഈണത്തിലുള്ള പാട്ടുമെന്ന പേരില്‍ മീഡിയ വണ്‍ വാര്‍ത്തയ്ക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചകള്‍ക്ക് ചൂട് പകര്‍ന്നു. തൊട്ടുപിന്നാലെ 24 ന്യൂസ് റിപ്പോര്‍ട്ട് ചെയ്ത സിപിഎമ്മിന്‍റെ ഇതെ സംഘത്തിന്‍റെ വീഡിയോയും പ്രചരിക്കാന്‍ തുടങ്ങി. എന്നാല്‍ ഇതെ സംഘത്തിന്‍റെ 24 ന്യൂസിലെ വീഡിയോയില്‍ ചുവന്ന തലയില്‍ക്കെട്ടാണ് ഇവര്‍ കെട്ടിയിരിക്കുന്നതെന്ന് കാണാം. ഉയരുക മുഷ്ടികള്‍ ഉയരട്ടിനിയും ചോരതുടിക്കും കൈയ്യുകളെ എന്ന് തുടങ്ങുന്ന വിപ്ലവ ഗാനമാണ് സംഘം പാടുന്നത്. മീഡിയ വണ്‍ വാര്‍ത്തയിലും ഇവര്‍ ഇതെ ഗാനം തന്നെയാണ് പാടുന്നത്.

അതെസമയം മീഡിയ വണ്‍ വാര്‍ത്തയ്ക്ക് നേരെ പ്രതിഷേധം രൂക്ഷമായതോടെ മീഡിയ വണ്‍ തന്നെ പ്രതികരണവുമായി രംഗത്ത് വന്നു. സമൂഹമാധ്യമത്തിലൂടെ മീഡിയ വണ്‍ എഡിറ്ററിന്‍റെ വിശദീകരണ കുറിപ്പായിട്ടാണ് പോസ്റ്റ് പങ്കുവെച്ചിട്ടുള്ളത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ കലാശക്കൊട്ടിനോട് അനുബന്ധിച്ച് സിപിഎം പ്രവര്‍ത്തകര്‍ പാട്ടു പാടുന്ന വീഡിയോ മീഡിയ വണ്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. എന്നാല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയുടെ തലക്കെട്ട് മാത്രം ആര്‍എസ്എസ് ഗണഗീതത്തിന്‍റെ താളത്തില്‍ ജയിക്കിന് വേണ്ടി പാട്ട് പാടി വോട്ട് ചോദിച്ച് പ്രവര്‍ത്തകര്‍ എന്ന് നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടു. ഈ തലക്കെട്ട് തെറ്റാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ തന്നെ വീഡിയോയുടെ തലക്കെട്ട് മാറ്റിയെന്നും ഇത്തരമൊരു തലക്കെട്ട് നല്‍കാനുള്ള സാഹചര്യമെന്താണെന്ന് ഗൗരവമായി അന്വേഷണം നടത്തുമെന്നും കുറിപ്പില്‍ പറയുന്നു. സിപിഎം പ്രവര്‍ത്തകര്‍ ധരിച്ചിരിക്കുന്ന തലയിലെ കെട്ട് ക്യാമറയുടെ സാങ്കേതിക തകരാര്‍ മൂലം കാവി നിറമായി തോന്നിയതാണെന്നും വിശദീകരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മീഡിയ വണ്‍ വിശദീകരണം-

MediaOne Explanation

സിപിഎമ്മിനെതിരെ പ്രചരണം രൂക്ഷമായതോടെ പാട്ടുപാടിയ സംഘം തന്നെ വിശദീകരണം വീഡിയോയായി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. തങ്ങള്‍ കോഴിക്കോട് നിന്നും വന്ന സിപിഎം പ്രവര്‍ത്തകരാണെന്നും ധരിച്ച വേഷത്തിനൊപ്പമുള്ളത് ചുവന്ന നിറത്തിലെ തക്കെട്ടായിരുന്നു എന്നും പാടിയത് വിപ്ലവഗാനമാണെന്നും മീഡിയ വണ്‍ നല്‍കിയത് വ്യാജ വാര്‍ത്തയാണെന്നും വീഡിയോയില്‍ ഇവര്‍ വിശദീകരിക്കുന്നുണ്ട്. മുധ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം.മനോജ് അദ്ദേഹത്തിന്‍റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിലൂടെ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്-

Facebook Video

24 ന്യൂസ് പങ്കുവെച്ച സംഘത്തിന്‍റെ വീഡിയോ കാണാം-

24 News

ക്യാമറയുടെ സാങ്കേതിക തകരാര്‍ മൂലം സിപിഎം പ്രവര്‍ത്തകര്‍ തലയില്‍ ധരിച്ചിരുന്ന തുണിയുടെ നിറം കാവിയായി തോന്നിയതാണെന്നും ആര്‍എസ്എസ് ഗണഗീതത്തിന്‍റെ താളത്തിലാണ് സിപിഎം പ്രവര്‍ത്തകര്‍ പാടിയതെന്നത് തെറ്റായ തലക്കെട്ടാണെന്നും മീഡിയ വണ്‍ തന്നെ വിശദീകരണം നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ആര്‍എസ്‌എസ് വേഷത്തിലും പാട്ടിലും ജെയിക്കിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ എത്തിയോ? വീഡിയോക്ക് പിന്നിലെ വസ്‌തുത ഇതാണ്..

Written By: Dewin Carlos

Result: False