വിവരണം

മുഖ്യമന്ത്രിക്ക് വധ ഭീഷണി ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍.. എന്ന തലക്കെട്ട് നല്‍കി ഒരു യുവാവിന്‍റെ ചിത്രം സഹിതമുള്ള പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങില്‍ പ്രചരിക്കുന്നുണ്ട്. ചുവപ്പിന്‍റെ മാലാഖ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 405ല്‍ അധികം ഷെയറുകളും 278ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്-

Facebook PostArchived Link

എന്നാല്‍ മുഖ്യമന്ത്രിക്ക് ലഭിച്ച വധ ഭീഷണിയുമായി ബന്ധപ്പെട്ട് ആര്‍എസ്എസുകാരന്‍ പിടിയിലായിട്ടുണ്ടോ? ആരെയെങ്കിലും യഥാര്‍ഥത്തില്‍ കേസുമായി ബന്ധപ്പെട്ട് പിടികൂടിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ഫെയ്‌സ്ബുക്കില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയിലെന്ന പോസ്റ്റില്‍ ഇയാളുടെ പേരോ എവിടെ നിന്നും പിടികൂടിയെന്നോ മറ്റോ വിവരങ്ങള്‍ നല്‍കിയിട്ടില്ല. മുഖ്യധാര മാധ്യമങ്ങളില്‍ ഒന്നും തന്നെ തിരഞ്ഞിട്ടും ഇത്തരമൊരു വാര്‍ത്തയും കണ്ടെത്താന്‍ കഴിഞ്ഞില്ല. അപ്പോള്‍ പിന്നെ വധഭീഷണിയുമായി ബന്ധപ്പെട്ട് അറസ്റ്റ് നടന്നിട്ടുണ്ടോയെന്ന് വ്യക്തത വരുത്താന്‍ സംസ്ഥാന പോലീസ് മീഡിയ സെന്‍റര്‍ ഡപ്യൂട്ടി ഡയറക്‌ടര്‍ വി.പി.പ്രമോദ് കുമാറുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം കേസിനെ കുറിച്ച് പറ‍ഞ്ഞതിങ്ങനെയാണ്-

“മുഖ്യമന്ത്രിക്ക് ലഭിച്ച വധഭീഷണിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ വ്യാജമാണ്. ഇതുവരെ ആരെയും ഇതുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയിട്ടില്ല. അന്വേഷണം നടന്നു വരുകയാണ്. പിജെ ആര്‍മി (സിപിഎം നേതാവ് പി.ജയരാജന്‍) എന്ന പേജിന്‍റെ അഡ്‌മിന്‍സ് പിടിയില്‍ എന്ന തരത്തിലും പോസ്റ്റ് പ്രചരിച്ചിരുന്നു. എന്നാല്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും വ്യാജ പ്രചരണങ്ങള്‍ മാത്രമാണ് പ്രചരിപ്പിക്കപ്പെടുന്നതെന്നും“ പ്രമോദ് കുമാര്‍ വ്യക്തമാക്കി.

നിഗമനം

സംസ്ഥാന പോലീസ് മീഡിയ സെന്‍റര്‍ ഡപ്യൂട്ടി ഡയറക്‌ടര്‍ തന്നെ ഫെയ്‌സ്ബുക്ക് പ്രചരണങ്ങള്‍ വ്യാജമാണെന്ന് പ്രതികരിച്ച സാഹചര്യത്തില്‍ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:മുഖ്യമന്ത്രിക്ക് എതിരെയുള്ള വധഭീഷണിയുമായി ബന്ധപ്പെട്ട് പ്രതി പിടിയിലായോ?

Fact Check By: Dewin Carlos

Result: False