ശ്രീശാന്ത് ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു എന്ന് വ്യാജ പ്രചരണം…

രാഷ്ട്രീയം | Politics

വിവരണം 

“ശ്രീശാന്ത് ബിജെപി വിട്ട് കോൺഗ്രസ്സിൽ ചേർന്നു. ചാണകക്കുഴിയിൽ നിന്നും കരക്ക്‌ കയറിയ ശ്രീശാന്തിനെ ശശി തരൂർ സ്വീകരിക്കുന്നു.” ഈ വാർത്ത പ്രചരിപ്പിക്കുന്ന ജനുവരി 27 മുതൽ പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റിന്  ഇതുവരെ 1300 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. 

archived linkFB Post

2016 നിയമസഭാ തെരെഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു കേരളത്തിൽ നിന്നുള്ള പ്രമുഖ ക്രിക്കറ്റ് കളിക്കാരൻ ശ്രീശാന്ത്. തെരെഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയപ്പെട്ടു എങ്കിലും ബിജെപിയുടെ വോട്ടിങ് ശതമാനത്തില്‍ വന്‍ വര്‍ദ്ധനവാണുണ്ടായത് എന്നു വാര്‍ത്തകള്‍ വന്നിരുന്നു. അദ്ദേഹം ബിജെപിയിൽ നിന്നും കോൺഗ്രസിലേക്ക് മാറി എന്നാണ് പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്ന വാർത്ത. നമുക്ക് ഈ വാർത്ത സത്യമാണോ അതോ വെറും വ്യാജ പ്രചാരണമാണോ എന്ന് അറിയാൻ ശ്രമിക്കാം 

വസ്തുതാ വിശകലനം 

ഞങ്ങൾ ഈ വാർത്തയെ പറ്റി  അറിയാൻ ഓൺലൈനിൽ അന്വേഷിച്ചപ്പോൾ 2019 മാർച്ചിൽ ശ്രീശാന്ത് താൻ കോൺഗ്രസ്സിൽ ചേരുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ് എന്ന് ട്വീറ്റ് ചെയ്തിരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. 2019 ഡിസംബറിന് ശേഷം ശ്രീശാന്ത് ട്വിറ്ററിൽ ഒന്നും കുറിച്ചിട്ടില്ല. 

twitter sreesanth

ശ്രീശാന്ത് ബിജെപി വിട്ട് കോൺഗ്രസ്സിൽ ചേരുന്നു എന്ന് മാധ്യമങ്ങൾ ആരും വാർത്ത നൽകിയിട്ടില്ല. പോസ്റ്റിലെ വാർത്തയ്‌ക്കൊപ്പം നൽകിയിരിക്കുന്ന ചിത്രം 2019 മാർച്ചിൽ തരൂരിനെ കണ്ട് നന്ദി അറിയിക്കാൻ വന്നപ്പോഴുള്ളതാണ്. 

malayalam.news18

ഐ.പി.എല്‍ ഒത്തുകളി വിവാദത്തില്‍ ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി റദ്ദാക്കിയതിനു പിന്നാലെയാണ്  ശ്രീശാന്ത് തരൂരിനെ സന്ദര്‍ശിച്ചത്. തരൂർ ഇക്കാര്യത്തിൽ തന്നെ വളരെയധികം സഹായിച്ചു എന്നും ശ്രീശാന്ത് പറഞ്ഞിരുന്നു. ശശി തരൂരിനെ സന്ദർശിച്ചു എന്നതിന് താൻ ബിജെപി വിട്ട് കോൺഗ്രസ്സിൽ ചേരുന്നു എന്ന അർത്ഥമില്ലെന്നും ശ്രീശാന്ത് വ്യക്തമാക്കിയതായി 2019 മാർച്ചിൽ മാധ്യമ വാർത്തകൾ വന്നിരുന്നു. ശശി തരൂർ തന്‍റെ ട്വിറ്റർ പേജിൽ ശ്രീശാന്ത് നടത്തിയ സന്ദർശനം ചിത്രങ്ങൾ സഹിതം പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് ശ്രീശാന്ത് കോൺഗ്രസ്സിൽ ചേരുന്നു എന്ന മട്ടിൽ സാമൂഹ്യ മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചു. 

twitter ShashiTharoor

ഞങ്ങൾ എഐസിസിയുടെ ഇപ്പോഴത്തെ ജനറൽ സെക്രട്ടറിയും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന കെസി വേണുഗോപാലിന്‍റെ ഓഫീസിൽ ഈ വാർത്തയെപ്പറ്റി അന്വേഷിച്ചിരുന്നു. ശ്രീശാന്ത് കോൺഗ്രസ്സിൽ ചേരുന്നു എന്നത് വെറും വ്യാജ വാർത്തയാണെന്ന് കെ സി വേണുഗോപാലിന്‍റെ പേഴ്സണൽ സ്റ്റാഫ് അംഗം ശരത് അറിയിച്ചു. കൂടാതെ ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനോട് വാർത്തയെ പറ്റി  ഞങ്ങൾ അന്വേഷിച്ചു. ശ്രീശാന്ത് ബിജെപി വിട്ടു എന്നുള്ള വാർത്ത തെറ്റാണ് എന്ന് അദ്ദേഹം മറുപടി നൽകി

പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത തെറ്റാണ് എന്നാണ് അന്വേഷണത്തിൽ നിന്നും വ്യക്തമായിട്ടുണ്ട്. ശ്രീശാന്ത് ബിജെപി ഉപേക്ഷിച്ച് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നാല്‍ അത് തീര്‍ച്ചയായും മാധ്യമ വാര്‍ത്തയാകും. ഇതുവരെ ഔദ്യോഗികമായി ഇത്തരത്തില്‍ ഒരു വാര്‍ത്ത വന്നിട്ടില്ല. 

നിഗമനം 

ഈപോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. ക്രിക്കറ്റ് താരം ശ്രീശാന്ത് ബിജെപി വിട്ട് കോൺഗ്രസ്സിൽ ചേർന്നിട്ടില്ല. ഇത്തരത്തിൽ പ്രചരിക്കുന്നതെല്ലാം തെറ്റായ വാർത്തകളാണ്.

Avatar

Title:ശ്രീശാന്ത് ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു എന്ന് വ്യാജ പ്രചരണം…

Fact Check By: Vasuki S 

Result: False