ആർത്തവമുള്ള സ്ത്രീകളുടെ വോട്ട് യുഡിഎഫിന് വേണ്ട എന്ന് കെ സുധാകരൻ എംപി പറഞ്ഞോ…?

രാഷ്ട്രീയം | Politics

വിവരണം 

കൊണ്ടോട്ടി പച്ചപട എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിൽ നിന്നും 2019  ഒക്ടോബർ 20 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ആർത്തവമുള്ള സ്ത്രീകളുടെ വോട്ട് യുഡിഎഫിന് വേണ്ട നിലപാടിൽ നിന്നും ഒരടി പിന്നോട്ട് പോയിട്ടില്ലെന്ന് സുധാകരൻ…

പറഞ്ഞ വാക്കിന് വില ഉള്ളവരാണ് യുഡിഎഫുകാർ തോന്നുമ്പോൾ വാക്കുമാറ്റി പറയാൻ ഇത് എൽഡിഎഫ് അല്ലെന്നും സുധാകരൻ പത്രസമ്മേളനത്തിൽ പറഞ്ഞു…..

ആർത്തവമുള്ള സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് പോലും ഇസ്ലാം വിലക്കിയിട്ടുണ്ട് പിന്നെ എങ്ങനെയാണ് ഒരു സ്ത്രീ വോട്ട് ചെയ്യാൻ വരുന്നത് കേരളത്തിൽ ആർത്തവമില്ലാത്ത ലക്ഷക്കണക്കിന് സ്ത്രീകൾ ഉണ്ട് അവരുടെ വോട്ട് മാത്രം മതി പി കെ കുഞ്ഞാലിക്കുട്ടി സാഹിബ് പറഞ്ഞു” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ  കണ്ണൂർ എംപി കെ സുധാകരന്റെ ചിത്രവും ഒപ്പം ആർത്തവമുള്ള സ്ത്രീകളുടെ വോട്ട് യുഡിഎഫ് നു വേണ്ട. പൂർണ്ണ പിന്തുണയുമായി കുഞ്ഞാലിക്കുട്ടിയും മുസ്‌ലിം ലീഗ് സംസ്ഥാന കമ്മറ്റിയും….” എന്ന വാചകങ്ങളും നൽകിയിട്ടുണ്ട്. 

archived linkFB post

ആർത്തവമുള്ള സ്ത്രീകളുടെ വോട്ട് യുഡിഎഫിന് വേണ്ട എന്ന് കെ സുധാകരൻ പറഞ്ഞു എന്നതാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന ആരോപണം. പത്ര സമ്മേളനത്തിൽ ഇക്കാര്യം ഉന്നയിച്ചു എന്നാണ് പോസ്റ്റിൽ പറയുന്നത്.

ഈ വാർത്തയുടെ വസ്തുത നമുക്ക് അറിയാൻ ശ്രമിക്കാം 

വസ്തുതാ വിശകലനം

ഈ വാർത്തയുടെ കീ വേർഡ്‌സ്  ഉപയോഗിച്ച് ഞങ്ങൾ മാധ്യമങ്ങളുടെ വെബ്സൈറ്റുകളിൽ  വാർത്ത തിരഞ്ഞു നോക്കി. എന്നാൽ ഇത്തരത്തിൽ ഒരു വാർത്ത ആരും പ്രസിദ്ധീകരിച്ചിട്ടില്ല. മാത്രമല്ല, ഒരു പത്രസമ്മേളനം നടത്തി അദ്ദേഹം ഇങ്ങയൊരു പ്രസ്താവന നൽകിയിട്ടില്ല  എന്നാണ് അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നത്. എവിടെയാണ് പത്രസമ്മേളനം നടത്തിയത് എന്ന് പോസ്റ്റിൽ വ്യക്തമാക്കിയിട്ടില്ല. 

തുടർന്ന് ഞങ്ങൾ കെ സുധാകരന്റെ ഫേസ്‌ബുക്ക്  പേജ് പരിശോധിച്ചു നോക്കി. അദ്ദേഹം കൃത്യമായി തന്റെ നിലപാടുകളും അഭിപ്രായങ്ങളും മറ്റും ഫേസ്‌ബുക്കിലൂടെ പതിവായി പങ്കുവയ്ക്കാറുണ്ട്. എന്നാൽ അതിലും ഇത്തത്തിൽ ഒരു പ്രസ്താവന കാണാനില്ല. അതിനാൽ കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ അദ്ദേഹവുമായി സംസാരിക്കാൻ ശ്രമിച്ചു നോക്കി. എന്നാൽ തിരക്ക് മൂലം  അദ്ദേഹത്തിന്റെ പേഴ്സണൽ അസിസ്റ്റന്റ് ജയന്ത് ദിനേശ് ആണ് ഞങ്ങൾക്ക് വിശദീകരണം നൽകിയത്. ” ഇത് പൂർണ്ണമായും തെറ്റായ വാർത്തയാണ്. സെ സുധാകരൻ ഇങ്ങനെ ഒരിടത്തും പറഞ്ഞിട്ടില്ല, പറയുകയുമില്ല. രാഷ്ട്രീയ എതിരാളികൾ അദ്ധേഹത്തിന്റെ പേരിൽ ഇത്തരത്തിൽ വ്യാജ പ്രചാരണം നടത്തുകയാണ്. അദ്ദേഹം ഫേസ്‌ബുക്കിൽ കാര്യങ്ങൾ അപ്‌ഡേറ്റ് ചെയ്യാറുണ്ട്. ഇങ്ങനെ ഒരിടത്തും പറഞ്ഞിട്ടില്ല.  

പോസ്റ്റിൽ മുസ്‌ലിം ലീഗ് എംപി കുഞ്ഞാലിക്കുട്ടിയുടെ പേരിലും ഒരു പരാമർശം നൽകിയിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയുമായി ഇതുവരെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ വിശദീകരണം കിട്ടിയാലുടൻ ലേഖനം  ഞങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതാണ്. 

സുധാകരന്റെ പ്രസ്താവനയായി പോസ്റ്റിൽ നൽകിയിരിക്കുന്നത് വ്യാജപ്രചാരണമാണ് എന്ന് അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫ്‌ അറിയിച്ചിട്ടുണ്ട്.

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. ആർത്തവമുള്ള സ്ത്രീകളുടെ വോട്ട് യുഡിഎഫിന് വേണ്ട നിലപാടിൽ നിന്നും ഒരടി പിന്നോട്ട് പോയിട്ടില്ലെന്ന് കെ സുധാകരൻ എംപി ഒരിടത്തും പറഞ്ഞിട്ടില്ല. ഇത്തരത്തിൽ പ്രചരിക്കുന്നതെല്ലാം വ്യാജ വാർത്തകളാണെന്ന് കെ സുധാകരന്റെ ഓഫീസിൽ നിന്നും വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്ന ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു.

Avatar

Title:ആർത്തവമുള്ള സ്ത്രീകളുടെ വോട്ട് യുഡിഎഫിന് വേണ്ട എന്ന് കെ സുധാകരൻ എംപി പറഞ്ഞോ…?

Fact Check By: Vasuki S 

Result: False