കെഎംസിസിയെ ആദരിച്ചു കൊണ്ട് ബുർജ് ഖലീഫയിൽ ദീപാലങ്കാരം ഒരുക്കി എന്ന വാർത്ത തെറ്റാണ്….

അന്തർദേശിയ൦ രാഷ്ട്രീയം | Politics

വിവരണം 

 ബുർജ് ഖലീഫ എന്ന ദുബായിലെ ഗോപുര വിസ്മയം ലോകത്തിനു തന്നെ ഒരു കൗതുക കാഴ്ചയാണ്. 2004 ൽ നിർമാണം ആരംഭിച്ച് 2010 ൽ ലോകത്തിനു മുന്നിൽ സമർപ്പിച്ച 2722 അടി ഉയരമുള്ള ബുർജ് ഖലീഫയ്ക്ക് നിരവധി റെക്കോർഡുകൾ സ്വന്തമായുണ്ട്. ഗോപുരത്തിലെ ദീപാലങ്കാരം നിങ്ങൾ ഇടയ്ക്കിടെ മാധ്യമങ്ങളിൽ കണ്ടിട്ടുണ്ടാകും. ഇത് ഇടയ്ക്ക്  വാർത്തകളിൽ നിറയാറുണ്ട്. ഓരോ രാജ്യത്തിന്‍റെയും സ്വാതന്ത്ര്യ ദിനം പോലുള്ള പ്രത്യേക ദിവസങ്ങൾ, രാഷ്ട്ര തലവന്മാരുടെ ജന്മദിനങ്ങൾ തുടങ്ങിയ അവസരത്തിലെല്ലാം അവരോടുള്ള ആദര സൂചകമായി ബുർജ് ഖലീഫ   പ്രതീകാത്മക അലങ്കാര ദീപങ്ങൾ തെളിക്കാറുണ്ട്. 

പോസ്റ്റിലെ ചിത്രവും അതേ  വിഭാഗത്തിൽ പെടുന്ന ഒന്നാണ്. കെഎംസിസി (കേരളാ മുസ്ലിം കൾച്ചറൽ സെന്റർ) എന്ന സംഘടയെ ആദരിച്ചു കൊണ്ട് ബുർജ് ഖലീഫയിൽ ദീപാലങ്കാരം തീർത്തു എന്നാണു പോസ്റ്റിൽ നൽകിയിരിക്കുന്ന അവകാശവാദം. “ഓരോ മുസ്ലിം ലീഗ് പ്രവർത്തകനും ഇത് അഭിമാന നിമിഷം. കെഎംസിസിയോടുള്ള ആദരവ് പ്രകടിപ്പിച്ചുകൊണ്ട് ഇന്ന് രാത്രിയോടെയായിരുന്നു ബുർജ് ഖലീഫയിൽ ഹരിത വിസ്മയം തീർത്തത്.” എന്ന വാചകങ്ങളാണ് പോസ്റ്റിൽ ചിത്രത്തോടൊപ്പം നൽകിയിരിക്കുന്നത്. കെഎംസിസി കേരളത്തിൽ മാത്രമല്ല, ഗൾഫ് രാജ്യങ്ങളിലും സജീവമാണ്. 

archived linkFB post

എന്നാൽ ബുർജ് ഖലീഫയിൽ കെഎംസിസിയോടുള്ള ആദര സൂചകമായി  ഇങ്ങനെയൊരു ദീപക്കാഴ്ച ബുർജ് ഖലീഫയിൽ ഒരുക്കിയിട്ടില്ല. ഇത് വെറും വ്യാജ പ്രചാരണമാണ്. എന്താണ് ചിത്രത്തിന് പിന്നിലെന്ന് നമുക്ക് നോക്കാം 

വസ്തുതാ വിശകലനം

ഞങ്ങൾ പോസ്റ്റിലെ ചിത്രത്തിന്റെ റിവേഴ്സ്  ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ സമാനതയുള്ള മറ്റൊരു ചിത്രം ലഭിച്ചു. പാകിസ്ഥാന്‍റെ 72 മത്തെ സ്വാതന്ത്ര്യദിനത്തിന്  അഭിവാദ്യമർപ്പിച്ച് ബുർജ് ഖലീഫയിൽ തെളിഞ്ഞ ദീപാലങ്കാരത്തിന്‍റെ ചിത്രത്തിൽ മോർഫിംഗ് നടത്തി പ്രചരിപ്പിക്കുന്ന ചിത്രമാണ് കെഎംസിസിയുടെ പേരിൽ പ്രചരിപ്പിക്കുന്നത്.

പാകിസ്താന്‍റെ 72 മത്തെ സ്വാതന്ത്ര്യ ദിനത്തില്‍ ബൂര്‍ജ് ഖലീഫയില്‍ തെളിഞ്ഞ ദീപാലങ്കാരത്തിന്റെ ചിത്രം എന്ന വിവരണത്തോടെ സമാന ചിത്രം ആഹ്ലാന്‍ ലൈവ് എന്ന മാധ്യമം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇന്ത്യയെ അഭിവാദ്യം ചെയ്തുകൊണ്ട് ബുർജ് ഖലീഫയിൽ തെളിഞ്ഞ ദീപാലങ്കാരങ്ങളുടെ ചില ചിത്രങ്ങൾ താഴെ കൊടുക്കുന്നു.

ബൂര്‍ജ് ഖലീഫയിലെ പൊതുവായ ദീപാലങ്കാരത്തിന്‍റെ ചില ചിത്രങ്ങള്‍ താഴെ കൊടുക്കുന്നു

പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്തയും ചിത്രവും തെറ്റിധാരണ സൃഷ്ടിക്കാനായി പ്രചരിപ്പിക്കുന്നതാണ്. ഇതിനു യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ല.

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. കെഎംസിസിയ്ക്ക് ആദം അർപ്പിച്ചു കൊണ്ട് ബുർജ് ഖലീഫയിൽ ദീപാലങ്കാരങ്ങൾ ഒരുക്കിയിട്ടില്ല. ഇത്തരത്തിൽ പ്രചരിക്കുന്നതെല്ലാം തെറ്റായ വാർത്തകളാണ്.

Avatar

Title:കെഎംസിസിയെ ആദരിച്ചു കൊണ്ട് ബുർജ് ഖലീഫയിൽ ദീപാലങ്കാരം ഒരുക്കി എന്ന വാർത്ത തെറ്റാണ്….

Fact Check By: Vasuki S 

Result: False